ഓര്‍ത്തഡോക്‌സ് സഭാ ബിഷപ്പുമാരുടെ പൊതുസ്ഥലംമാറ്റം പുനഃപരിശോധിക്കണം: ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, ന്യൂയോര്‍ക്ക്

RAJU PHILIP-1ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ മെത്രാപ്പോലീത്തമാരുടെ ഭദ്രാസന ഭരണ കാലാവധി നിജപ്പെടുത്തുന്നതിനും റിട്ടയര്‍മെന്റ് നടപ്പില്‍ വരുത്തുന്നതു സംബന്ധിച്ച് ആവശ്യമായ തീരുമാനങ്ങള്‍ സ്വീകരിച്ച് പ്രാബല്യത്തില്‍ വരുത്തുവാന്‍ കാതോലിക്ക ബാവയോടഭ്യര്‍ത്ഥിക്കുന്ന പ്രമേയം പാസ്സാക്കിയ മാനേജിംഗ് കമ്മറ്റി നടപടി അനുചിതവും, ഭദ്രാസന വളര്‍ച്ചക്ക് തുരങ്കം വെക്കുന്നതുമാണെന്ന് നോര്‍ത്ത് വെസ്റ്റ് ഭദ്രാസന മുന്‍ കൗണ്‍സിലംഗം ക്യാപ്റ്റന്‍ രാജു ഫിലിപ്പ് ന്യൂയോര്‍ക്കില്‍ അഭിപ്രായപ്പെട്ടു. മെത്രാപ്പോലീത്തമാരുടെ കഴിവുകള്‍ എല്ലാ ഭദ്രാസനത്തിനും ലഭിക്കുവാന്‍ ഉദ്ദേശിച്ചുള്ളതാണ് തീരുമാനമെന്ന് വെളിവാക്കുന്നതിലൂടെ ഒരുപറ്റം മെത്രാപ്പോലീത്തമാര്‍ കഴിവില്ലാത്തവരോ, കഴിവു കുറഞ്ഞവരോ ആണെന്ന് സമര്‍ത്ഥിക്കുകയല്ലെ ചെയ്യുന്നത്?

മലങ്കര സഭയുടെ പാരമ്പര്യത്തിനും നടപടിക്രമങ്ങള്‍ക്കും നേര്‍വിപരീതമാണ് ബിഷപ്പുമാരുടെ സ്ഥലം മാറ്റ പദ്ധതി. ജനാധിപത്യ വ്യവസ്ഥിതിയും ഭരണഘടനയും നിലനില്‍ക്കുന്ന ഓര്‍ത്തഡോക്‌സ് സഭയുടെ മലങ്കര അസോസിയേഷനാണ് മേല്‍പ്പട്ടക്കാരെ തിരഞ്ഞെടുക്കുന്നത്. ഭദ്രാസന ചുമതല ഏല്‍പ്പിക്കപ്പെട്ട സ്ഥാനാരോഹണം ചെയ്യുന്ന മെത്രാപ്പോലീത്ത അതാതു ഭദ്രാസനങ്ങളുടെ ചുമതല നിര്‍വ്വഹിക്കുകയാണ് സഭാ കീഴ് വഴക്കം. ഈ കീഴ് വഴക്കം തുടര്‍ന്നു വരുന്നതിലൂടെ നാളിതുവരെ ഏതെങ്കിലും ഭദ്രാസനങ്ങള്‍ക്കോ, ഓര്‍ത്തഡോക്‌സ് സഭക്കോ എന്തെങ്കിലും കുറവുകളോ കോട്ടങ്ങളോ ഉണ്ടായതായി കേട്ടുകേള്‍വി പോലുമില്ല. തങ്ങളുടെ ചുമതലയിലുള്ള ഭദ്രാസനത്തിന്റെ പൊതുവായ ആത്മീയവും ഭൗതീകവുമായ വളര്‍ച്ചക്കായി സമര്‍പ്പണ ജീവിതം നയിക്കുന്നവരാണ് ഓര്‍ത്തഡോക്‌സ് സഭാ പിതാക്കന്‍മാര്‍. അനാരോഗ്യവും പ്രായാധിക്യവും അലട്ടുമ്പോള്‍ സ്വയം വിശ്രമജീവിതം തിരഞ്ഞെടുക്കുന്ന പതിവാണ് നിലനില്‍ക്കുന്നത് ആയതിന് സഭാ നേതൃത്വം എതിര്‍പ്പ് പ്രകടിപ്പിക്കാറുമില്ല.

ഭദ്രാസനഭരണത്തില്‍ കാലാവധി നിശ്ചയിക്കുന്നതിലൂടെ മൂന്നും നാലും വര്‍ഷം കൂടുമ്പോള്‍ മെത്രാപ്പോലീത്തമാര്‍ മാറിമാറിവരുന്നു എന്നതു കൊണ്ട് എന്തുനേട്ടമാണ് ചൂണ്ടിക്കാട്ടുവാനുള്ളത്? സങ്കുചിത ദൃഷ്ടിയോടുള്ള ഈ ഗൂഢനീക്കത്തിനു പിന്നിലുള്ള ലക്ഷ്യം ഭദ്രാസന വളര്‍ച്ചയെ മുരടിപ്പിക്കുക എന്നത് മാത്രമാണ്. മെത്രാസന ഭരണയോഗ്യതക്ക് പ്രായം ഘടകമാക്കുമ്പോല്‍ ആരോഗ്യവും ശുശ്രൂഷാ പ്രാപ്തിയുമുള്ളവര്‍ മാറിനില്‍ക്കേണ്ടതായും വരുന്നു. ദീര്‍ഘ ദൃഷ്ടിയോടെയുള്ള ഭദ്രാസന വളര്‍ച്ചക്കും പുരോഗതിക്കും വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ തിരുമേനിമാര്‍ക്ക് കഴിയാതെ പോകുന്നു എന്നത് മാത്രമാണ് പുരോഗമനമെന്ന പേരില്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന ഈ മാറ്റങ്ങളുടെ ദോഷ ഫലം.

മെത്രാപ്പോലീത്തമാരോടൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്നായി 167 പ്രതിനിധികളും പങ്കെടുത്ത മാനേജിംഗ് കമ്മിറ്റിയിലാണ് ഇതു സംബന്ധിച്ച പ്രമേയവതരണം നടന്നത്. ഏതാണ്ട് നേര്‍ പകുതിയില്‍ താഴെ അംഗങ്ങള്‍ (81 പേര്‍ മാത്രം) മാത്രം ഒപ്പിട്ട നിവേദനം പരിശുദ്ധ കാത്തോലിക്ക ബാവക്ക് കാലേകൂട്ടി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ലോകത്തെമ്പാടുമായി 30 ഭദ്രാസനങ്ങളില്‍ ഉള്‍പ്പെട്ട ലക്ഷക്കണക്കിനു വിശ്വാസികളുടെ സഭാ ജീവിതത്തെ നേരിട്ടു ബാധിക്കുന്ന ഈ വിഷയം കേവലം 200 പ്രതിനിധികള്‍ മാത്രം ഉള്‍പ്പെട്ട മാനേജിംഗ് കമ്മിറ്റിയില്‍ തീരുമാനിക്കുന്നതിനു പകരം മലങ്കര സഭാ അസോസിയേഷന്റെ പരിഗണയ്ക്കും തീരുമാനത്തിനും വിടുകയായിരുന്നു ഉചിതം. മികച്ച ജനാധിപത്യമാര്‍ഗ്ഗവും അതുതന്നെ. ഇക്കാര്യം പരിശുദ്ധ കാതോലിക്കാബാവയുടെയും പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസിന്റെയും സത്വര ശ്രദ്ധയില്‍ കൊണ്ടുവരാന്‍ താന്‍ പരിശ്രമിക്കുമെന്ന് ക്യാപ്റ്റന്‍ രാജു ഫിലിപ്പ് അറിയിച്ചു.

മലങ്കരസഭയെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിനു വിശ്വാസികളുടെ വികാരവും സഭയോടുള്ള കൂറും ഹനിക്കപ്പെടാതിരിക്കട്ടെയെന്ന് പ്രത്യാശിക്കുന്നു. ഇക്കഴിഞ്ഞ ദിവസം കാലം ചെയ്ത സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ ബാവയുടെ വിയോഗത്തില്‍ അനുശോചനമറിയിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

DEVALOKAM ARAMANA

HOLY EPISCOPAL SYNOD

ST.THOMAS

H.H.BASELIUS PAULOSE SECOND CATHOLICOS OF MALANKARA ORTHODOX CHURCH

PATRIARCH FAREWELL

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment