കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കായുള്ള തെരച്ചില്‍ നിര്‍ത്തിവച്ചു

malasyaസിഡ്നി: കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്ക് ഭാഗത്തെ ഉള്‍ക്കടലില്‍ നടത്തിവന്ന തെരച്ചില്‍ നിര്‍ത്തിവച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. കനത്ത മഴയും കാറ്റും കടല്‍ പ്രക്ഷുബ്ധമായതുമാണ് തെരച്ചില്‍ നിര്‍ത്തിവയ്ക്കാന്‍ കാരണം എന്ന് ഓസ്ട്രേലിയ അറിയിച്ചു.

കാണാതായ MH370 വിമാനം തകര്‍ന്നതായും അതിലുണ്ടായിരുന്ന 239 യാത്രക്കാരും കൊല്ലപ്പെട്ടതായും മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് ഇന്നലെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. വിവരം ഔദ്യോഗികമായി മലേഷ്യന്‍ എയര്‍ലൈന്‍സ് യാത്രക്കാരുടെയും ജീവനക്കാരുടെയും ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കളെ ഓസ്ട്രേലിയയില്‍ എത്തിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി. നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികളും ആരംഭിച്ചു.

മാര്‍ച്ച് എട്ടിന് കൊലാലംപുരില്‍ നിന്ന് ബെയ്ജിങിലേക്ക് പുറപ്പെട്ട വിമാനമാണ് തകര്‍ന്നുവീണത്. വിമാനം റാഞ്ചാന്‍ ശ്രമം നടന്നോ അതോ സാങ്കേതിക കാരണങ്ങള്‍ ആണോ അപകടത്തിന് കാ‍രണമായത് എന്ന് വ്യക്തമായിട്ടില്ല. പൈലറ്റുമാരില്‍ ആരെങ്കിലും ആത്മഹത്യയ്ക്ക് ശ്രമിച്ചോ എന്നും സംശയമുണ്ട്. വിമാനത്തില്‍ അപകടകരമായ കാര്‍ഗോ ഉണ്ടായിരുന്നതായും സൂചനയുണ്ട്. വിമാനത്തിന്റെ ബ്ലാക്ക്ബോക്സ് കണ്ടെത്താനുള്ള ശ്രമത്തിലാണ് തെരച്ചില്‍ സംഘം.

വിമാനം ഓസ്‌ട്രേലിയന്‍ തീരത്ത് നിന്ന് 2500 ക മി അകലെ സമുദ്രത്തില്‍ തകര്‍ന്ന് വീണതാണെന്ന് സംശയിക്കത്തക്ക വിധമുള്ള ഉപഗ്രഹചിത്രങ്ങള്‍ കഴിഞ്ഞ ദിവസമാണ് ലഭിച്ചത്.

Print Friendly, PDF & Email

Related News

Leave a Comment