Flash News

നിയോ റിയലിസം മുതല്‍ ന്യൂ ജനറേഷന്‍ വരെ…അഥവാ പി. രാമദാസിന്‍െറ ദുരന്തജീവിതം

March 28, 2014 , സ്വന്തം ലേഖകന്‍

151-ramadasആദ്യ മലയാള സിനിമയുടെ സൃഷ്ടാവായ ജെ.സി ഡാനിയേലിന് സംഭവിച്ച അതേ ദുരന്തമാണ് മലയാളത്തിലെ ആദ്യത്തെ നിയോ റിയലിസ്റ്റ്’ സിനിമയായ ‘ന്യൂസ് പേപ്പര്‍ ബോയി’യുടെ സംവിധായകന്‍ പി. രാമദാസിനെ കാത്തിരുന്നത്. 1955ല്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപ ചെലവാക്കിയെടുത്ത ന്യൂസ്പേപ്പര്‍ബോയ് തൃശൂര്‍ ജോസ് തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചത് ഏതാനും ദിവസങ്ങള്‍ മാത്രം.

പുതുമകള്‍ സ്വീകരിക്കാനുള്ള മലയാളിയുടെ കുപ്രസിദ്ധമായ വിമുഖതയാണ് ഈ സിനിമക്കും വിനയായത്. പ്രമേയത്തിലും ചിത്രീകരണത്തിലും അന്ന് നിലനിന്നിരുന്ന പലതരം സിനിമാസങ്കേതങ്ങളെ തിരുത്തിയാണ് രാമദാസ് സിനിമയെടുത്തത്. വിദ്യാര്‍ഥികള്‍ ഒരുക്കിയ ആദ്യ കൊമേഴ്സ്യല്‍ സിനിമയായിരുന്നു ന്യൂസ്പേപ്പര്‍ബോയ്. അക്കാലത്ത് ഫിലിംഫെയര്‍ മാസികയില്‍ വന്ന ‘രാജ്കപൂര്‍ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സംവിധായകന്‍’ എന്ന ലേഖനം വായിച്ചാണ് രാമദാസ് ന്യൂസ്പേപ്പര്‍ബോയ് എടുത്തത്. ഞാനാകും ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകന്‍ എന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു; അതും 18ാം വയസ്സില്‍. മഹാത്മാ എന്ന മാസികയില്‍ രാമദാസ് എഴുതിയ കമ്പോസിറ്റര്‍ എന്ന കഥയാണ് പ്രമേയമായി സ്വീകരിച്ചത്. സംഭാഷണങ്ങള്‍ എഴുതിയത് നാഗവള്ളി ആര്‍.എസ്. കുറുപ്പായിരുന്നു. തിരുവനന്തപുരം ശൈലിയിലുള്ള അവ രാമദാസ് തൃശൂര്‍ ശൈലിയിലേക്ക് മാറ്റിയെഴുതി.

രാംദാസും സുഹൃത്തുക്കളും ചേര്‍ന്ന് രൂപീകരിച്ച ആദര്‍ശ് കലാമന്ദിര്‍ ആയിരുന്നു നിര്‍മാതാക്കള്‍. ഇതിലുള്ളവരെല്ലാം വിദ്യാര്‍ഥികളായിരുന്നതിനാല്‍ എല്ലാവരും ചേര്‍ന്ന് പിരിവിട്ടാണ് സിനിമയ്ക്ക് പണം സംഘടിപ്പിച്ചത്. 1954ല്‍ തിരുവനന്തപുരത്തെ മെറിലാന്‍ഡ് സ്റ്റുഡിയോയിലായിരുന്നു ചിത്രീകരണം. ഗാനരചയിതാവ് കെ.സി. പൊന്‍കുന്നം, ആര്‍ട്ട് ഡയറക്ടര്‍ കന്തസ്വാമി, സംഗീത സംവിധായകരായ വിജയന്‍, രാമചന്ദ്രന്‍ തുടങ്ങിയവരൊക്കെ തുടക്കക്കാരായിരുന്നു.

കേരളത്തിലെ സാമൂഹിക യാഥാര്‍ഥ്യങ്ങളായിരുന്നു പ്രമേയം. ദാരിദ്ര്യവും രോഗവും മൂലം മരിച്ച ഒരു അച്ചടിശാല ജീവനക്കാരന്‍റെ മകന്‍ പഠനം ഉപേക്ഷിച്ച് ജോലിതേടി മദ്രാസിലേക്ക് വണ്ടി കയറുന്നതും അവിടെ അലഞ്ഞിട്ടും ജോലികിട്ടാതെ ഒടുവില്‍ നാട്ടില്‍ മടങ്ങിയെത്തി ന്യൂസ്പേപ്പര്‍ ബോയ് ആയി മാറുന്നതായിരുന്നു ചിത്രത്തിന്‍റെ കഥ. നല്ലൊരു ഭാവിയിലേക്ക് നടന്നുപോകുന്ന കുട്ടികളുടെ ദൃശ്യമായിരുന്നു ആദ്യ ഷോട്ട്. ടൈറ്റില്‍സ് പത്രം അച്ചടിച്ചുവരുന്ന രീതിയില്‍ ഒന്നു മറ്റൊന്നിനു പിന്നാലെ വണ്ടിയിലും വഴിയിലുമുള്ള കാഴ്ചകള്‍ സിനിമയിലേക്ക് വന്നു. മദ്രാസിലേക്കുള്ള തീവണ്ടിയുടെ ഷോട്ട് എടുക്കാന്‍ കാറില്‍ ഷൂട്ടിങ്ങ് സംഘം തീവണ്ടിക്ക് സമാന്തരമായി റോഡിലൂടെ ഓടി. എട്ട് എം.എമ്മിന്‍റെ കൊഡാക് ബേബി ബ്രൗണ്‍ കാമറയാണ് ഉപയോഗിച്ചത്. ചില സിനിമകളില്‍ അസിസ്റ്റന്‍റ് കാമറാമാനായിരുന്ന പി.കെ. മാധവന്‍ നായരായിരുന്നു ഛായാഗ്രാഹകന്‍. നാടന്‍പാട്ടുകള്‍, വാതില്‍പ്പുറ ചിത്രീകരണം…ഈ പുതുമകള്‍ പ്രേക്ഷകര്‍ക്ക് ദഹിച്ചില്ല.

തിരു-കൊച്ചിയിലും മലബാറിലുമായി എട്ടു തിയറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത്. ഡല്‍ഹിയില്‍ കേന്ദ്ര ഉദ്യോഗസ്ഥരുടെ മുന്നില്‍ പ്രത്യേകം പ്രദര്‍ശിപ്പിച്ചു. മുംബൈയില്‍ നിന്നുള്ള സിനിമാ പ്രസിദ്ധീകരണങ്ങള്‍ വരെ ന്യൂസ്പേപ്പര്‍ബോയിയെ അഭിനന്ദിച്ചു. എന്നാല്‍, പുതുമ മലയാളികള്‍ക്ക് പിടിച്ചില്ല. തിയറ്ററിലാകെ കൂവലും ബഹളവുമായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കകം തിയറ്ററുകളില്‍നിന്ന് പടം ഒൗട്ടായി.

ആദ്യസിനിമ രാമദാസിന്‍െറ ജീവിതത്തിലുണ്ടാക്കിയ നഷ്ടം വലുതായിരുന്നു. നഷ്ടം തീര്‍ക്കാന്‍ 1.26 ഏക്കര്‍സ്ഥലവും ചേറൂര്‍ ഏവന്നൂര്‍ കൊട്ടാരവും രാമദാസിന് വില്‍ക്കേണ്ടിവന്നു. അസി.ഡയറക്ടര്‍ എസ്.പരമേശ്വരന് അമ്പതുസെന്‍റ് തെങ്ങുംതോപ്പ് വില്‍ക്കേണ്ടിവന്നു. എല്ലാവര്‍ക്കും നഷ്ടം മാത്രം സംഭവിച്ച ഒരു സംരംഭമായിരുന്നു ഈ സിനിമ.

എങ്കിലും ഇതൊന്നും നഷ്ടമായി രാമദാസ് കണക്കിലെടുത്തില്ല. വലിയൊരു ലക്ഷ്യത്തിന് വേണ്ടിവരുന്ന ചെലവുകളാണവ എന്നാണ് രാമദാസ് അതേക്കുറിച്ച് പിന്നീട് പറഞ്ഞത്. അദ്ദേഹം തുടക്കമിട്ട ആ വലിയ ലക്ഷ്യം പിന്നീടുവന്ന നിര്‍മാതാക്കളും സംവിധായകരും സാക്ഷാല്‍ക്കരിച്ചു. അപ്പോഴും മലയാളസിനിമയുടെ ചരിത്രം രാമദാസിനെ ക്രൂരമായി മറന്നു. ന്യൂസ്പേപ്പര്‍ബോയ് എടുത്ത് 53ആം വര്‍ഷമാണ് അദ്ദേഹത്തിന് മലയാളസിനിമയുടെ പരമോന്നത ബഹുമതിയായ ജെ.സി. ഡാനിയല്‍ പുരസ്കാരം നല്‍കിയത്. എങ്കിലും ആരോടും പരാതി പറയാതെയാണ് മരണം വരെ അദ്ദേഹം കഴിഞ്ഞത്. തനിക്ക് സാമ്പത്തികനഷ്ടമുണ്ടാക്കിയ സിനിമയുടെ പുതിയ കാലത്തെ ഒരു വ്യാഖ്യാനത്തെക്കുറിച്ചുപോലും അദ്ദേഹം ആലോചിച്ചിരുന്നുവെന്നോര്‍ക്കുമ്പോഴാണ് രാമദാസിന്‍െറ സാഹസികതക്കുമുന്നില്‍ നമുക്ക് തലകുനിക്കേണ്ടിവരുന്നത്.

ന്യൂസ്പേപ്പര്‍ബോയിയിലൂടെ തുടക്കമിട്ട മലയാള സിനിമയിലെ നിയോ റിയലിസം ഇപ്പോള്‍ ന്യൂ ജനറേഷനിലെത്തി നില്‍ക്കുന്നു. ഈ രണ്ട് ധ്രുവങ്ങള്‍ക്കിടക്ക് മലയാളസിനിമക്ക് എന്താണ് സംഭവിച്ചത്? ആകെയുള്ള സമ്പത്തും കിടപ്പാടവും വരെ വിറ്റും കണക്കില്ലാത്ത ദുരിതങ്ങളിലൂടെ നീന്തിയുമാണ് രാമദാസിന്‍െറ തലമുറ സര്‍ഗക്രിയക്ക് സാക്ഷാല്‍ക്കാരമൊരുക്കിയത്. അതും, വിജയിക്കുമെന്ന് ഒരുറപ്പുമില്ലാതെയും നിലവിലുള്ള ഭാവുകത്വത്തെ വെല്ലുവിളിച്ചുമാണ് അവര്‍ സൃഷ്ടി നടത്തിയത്. പ്രേക്ഷകര്‍ക്ക് രുചിക്കില്ല എന്നും അവര്‍ സ്വീകരിക്കാനിടയില്ല എന്നും അറിഞ്ഞുകൊണ്ടുള്ള പരീക്ഷണമായിരുന്നു ഇത്. ഇതൊന്നും സ്വന്തം ഭാവനയില്‍ വെള്ളം ചേര്‍ക്കാനുള്ള കാരണങ്ങളായി രാമദാസും സംഘവും കണ്ടില്ല. മാത്രമല്ല, സ്വന്തം സര്‍ഗാത്മകതയുടെ മേല്‍ പ്രേക്ഷകരുടേതടക്കമുള്ള ഒരു ബാഹ്യശക്തികളുടെയും ഇടപെടല്‍ അനുവദിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചാണ് അവര്‍ നിലകൊണ്ടത്. സിനിമക്കുശേഷം കടുത്ത അവഗണനയിലേക്കും തിരസ്കാരത്തിലേക്കും വലിച്ചെറിയപ്പെട്ടതായിരുന്നു ജെ.സി ഡാനിയേലിന്‍െറയും പി. രാമദാസിന്‍െറയും ജീവിതം. എന്നിട്ടും ഇവരുടെ പരാജയങ്ങള്‍, ഭാവിയിലേക്കുള്ള വലിയ പാഠങ്ങളായി ഇന്നും നിലനില്‍ക്കുന്നു.

എന്നാല്‍, ഇന്നത്തെ ന്യൂ ജനറേഷനിലെത്തുമ്പോള്‍ എന്താണ് അവസ്ഥ? ഭാവനാശൂന്യരായ ഒരു തലമുറയുടെ അടുപ്പില്‍ പാതിവെന്തുകിടക്കുകയാണ് മലയാള സിനിമ. സ്ത്രീവിരുദ്ധവും കീഴാളവിരുദ്ധവും പ്രതിലോമകരവുമായ പ്രമേയപരിസരമാണ് ന്യൂജനറേഷന്‍ പ്രസരിപ്പിക്കുന്നത്. സാങ്കേതികമായി കൈവന്ന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി പ്രേക്ഷകരെ വിഭ്രമിപ്പിച്ച് വിദേശസിനിമകളില്‍നിന്ന് പച്ചയായി പ്രമേയങ്ങള്‍ ഒളിച്ചുകടത്തുന്ന ഒടിവിദ്യയാണ് പുതിയ സംവിധായകര്‍ പ്രയോഗിക്കുന്നത്. കലയെ പണയംവച്ച് വിപണി മാത്രം ലാക്കാക്കി നടത്തുന്ന ഇത്തരം അഭ്യാസങ്ങളാണ്, രാമദാസിനെപ്പോലുള്ളവരുടെ ത്യാഗജീവിതത്തിന് ഇന്നും പ്രസക്തിയേകുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top