സാബിര്‍ അലിയുടെ വരവും ജസ്വന്തിന്‍െറ പുറത്താക്കലും ബി.ജെ.പിയെ പിടിച്ചുകുലുക്കുന്നു

bjpന്യൂഡല്‍ഹി: ബിഹാറില്‍ മുന്‍ ജെ.ഡി.യു നേതാവ് സാബിര്‍ അലിയെ ബി.ജെ.പിയില്‍ എടുത്തതിനെച്ചൊല്ലി പാര്‍ട്ടിയില്‍ പോര് രൂക്ഷമായി. ഇതോടൊപ്പം മുതിര്‍ന്ന നേതാവ് ജസ്വന്ത് സിങ്ങിനെ പുറത്താക്കുക കൂടി ചെയ്തത് പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ സാധ്യതകളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

സാബിര്‍ അലിയെ പാര്‍ട്ടിയിലെടുത്തതിനെതിരെ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്‍റ് മുക്താര്‍ അബ്ബാസ് നഖ്വിയാണ് രംഗത്തത്തെിയത്. ഭീകരനായ യാസീന്‍ ഭട്കലിന്‍െറ സുഹൃത്താണ് സാബിര്‍ അലി. ബിജെ.പിയില്‍ അടുത്തതായി ചേരുക ദാവൂദ് ഇബ്രാഹീം ആണെന്ന് നഖ്വി ട്വിറ്ററില്‍ കുറിച്ചു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന്‍െറ മുന്‍കാല വിശ്വസ്തനായ സാബിര്‍ അലി നരേന്ദ്ര മോദിയെ പുകഴ്ത്തിയതിനാണ് ജെ.ഡി.യു പുറത്താക്കിയത്. മുസ്ലിംകളെ കൂടുതലായി പാര്‍ട്ടിയിലെടുക്കുന്നതിന്‍െറ ഭാഗമായാണ് സാബിര്‍ അലിയെയും ബി.ജെ.പിയില്‍ എടുത്തത്. എന്നാല്‍, തന്നോടു ചോദിക്കാതെ എടുത്ത ഇത്തരം നടപടികളില്‍ കുപിതനായ നഖ്വി ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ യാസീന്‍ ഭട്കലിന്‍െറ അടുത്ത സുഹൃത്താണ് സാബിര്‍ അലിയെന്നാണ് ആരോപിക്കുന്നത്. സാബിര്‍ അലിയുടെ മുംബൈയിലെ വസതിയില്‍നിന്നാണ് ഭട്കലിനെ അറസ്റ്റ്ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. പ്രമുഖ സംഗീതജ്ഞന്‍ ഗുല്‍ഷന്‍കുമാറിന്‍െറ കൊലപാതകക്കേസിലും സാബിര്‍ അലിക്ക് പങ്കുണ്ടെന്ന് ഇദ്ദേഹം ആരോപിച്ചു.

ബി.ജെ.പിയിലെ ന്യൂനപക്ഷ നേതാവായ തന്നോട് ഇത്തരം കാര്യങ്ങള്‍ പോലും മോദി കൂടിയാലോചിക്കാറില്ലന്ന് നഖ്വിക്ക് പരാതിയുണ്ട്. അദ്വാനിക്കും ജസ്വന്ത് സിങ്ങിനും സുഷമ സ്വരാജിനും പിന്നാലെ ഒരു മുതിര്‍ന്ന നേതാവുകൂടി നേതൃത്വത്തിനെതിരെ തിരിഞ്ഞത് ബി.ജെ.പിയിലെ കലാപം രൂക്ഷമാക്കിയിരിക്കുകയാണ്.

സീറ്റ് നിഷേധിച്ചതിനെ ത്തുടര്‍ന്ന് രാജസ്ഥാനിലെ ബാര്‍മര്‍ മണ്ഡലത്തില്‍ നിന്ന് വിമതനായി മത്സരിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനിന്നതോടെയാണ് ജസ്വന്ത് സിംഗിനെ ആറു വര്‍ഷത്തേക്ക് ബി.ജെ.പി പുറത്താക്കിയത്. ബാര്‍മര്‍ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ശനിയാഴ്ചയായിരുന്നു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പത്രിക പിന്‍വലിക്കാന്‍ തയാറാകാതിരുന്നതിനത്തെുടര്‍ന്നാണ് നടപടി.

അതിനിടെ തെരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മറ്റൊരു നേതാവിനെതിരെക്കൂടി നടപടിയെടുക്കാന്‍ ബി.ജെ.പി രാജസ്ഥാന്‍ ഘടകം നീക്കം തുടങ്ങി. സുഭാഷ് മഹാറിയക്കെതിരെയാണ് നടപടിക്ക് നീക്കം നടക്കുന്നത്. സുഭാഷ് മഹാറിയ ഉള്‍പ്പെടെയുള്ള വിതരുടെ വിശദ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും ഇത് അച്ചടക്ക സമിതിക്ക് കൈമാറുമെന്നും പാര്‍ട്ടി വക്താക്കള്‍ പറഞ്ഞു. രാജസ്ഥാനിലെ സികാര്‍ മണ്ഡലത്തില്‍ നിന്നാണ് സുഭാഷ് മഹാറിയ മത്സരിക്കുന്നത്.

Print Friendly, PDF & Email

Related News

Leave a Comment