മതേതരബദല്‍ സര്‍ക്കാര്‍ അഥവാ മലര്‍പ്പൊടിക്കാരന്‍െറ സ്വപ്നം

image for article,,,,,pinarayiകേരളത്തില്‍ തെരഞ്ഞെടുപ്പുപ്രചാരണം അന്തിമഘട്ടത്തിലേക്ക് കടന്നതോടെ മുതിര്‍ന്ന നേതാക്കള്‍ അരയും തലയും മുറുക്കി രംഗത്ത്. ദിവസങ്ങള്‍ക്കുള്ളില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, സോണിയഗാന്ധി, രാഹുല്‍ഗാന്ധി തുടങ്ങിയവര്‍ എത്തുന്നതോടെ പ്രചാരണത്തിന് കൊട്ടിക്കലാശമാകും. ഏപ്രില്‍ പത്തിനാണ് കേരളം ബൂത്തിലേക്ക് പോകുന്നത്.

കേന്ദ്രമന്ത്രി എ.കെ ആന്‍റണിയാണ് പതിവുപോലെ ഇത്തവണയും പ്രചാരണത്തിലെ താരം. മിതഭാഷിയായി അറിയപ്പെടുന്ന ആന്‍റണി പ്രചാരണരംഗത്ത് കൊടുങ്കാറ്റായി മാറുക പതിവാണ്. സി.പി.എമ്മിനെ വെട്ടിനിരത്തിയാണ് ഇത്തവണയും ആന്‍റണിയുടെ പടയോട്ടം. ആന്‍റണിയുടെ ഒരു പ്രസ്താവനയാണ് ഇത്തവണത്തെ പ്രചാരണ അജണ്ട തന്നെ മാറ്റിമറിച്ചത്. തെരഞ്ഞെടുപ്പിനുശേഷം ഇടതുപക്ഷത്തിന് കോണ്‍ഗ്രസിനെ പിന്തുണക്കേണ്ടിവരുമെന്ന് ആന്‍റണി അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കി.
മുമ്പ് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും ഇതേ അഭിപ്രായപ്രകടനം നടത്തിയിരുന്നു. എന്നാല്‍, ഇതിന്‍െറ അപകടം കേരളത്തില്‍ വന്നപ്പോഴാണ് സി.പി.എം നേതാക്കള്‍ തിരിച്ചറിഞ്ഞത്. കാരണം, കേരളത്തില്‍ ഇതും പറഞ്ഞുനടന്നാല്‍ സി.പി.എമ്മിന് ഉള്ള സീറ്റുകള്‍ തന്നെ നഷ്ടമാകും. അതുകൊണ്ട് കേരളത്തിലത്തെിയ ഇടതുനേതാക്കള്‍ പ്ളേറ്റ് മാറ്റി. തെരഞ്ഞെടുപ്പുകഴിഞ്ഞാല്‍ ആകാശത്തുനിന്ന് മതേതര മൂന്നാംബദല്‍ പൊട്ടിവീഴുമെന്നും ആ സര്‍ക്കാറിന് കോണ്‍ഗ്രസ് പിന്തുണ നല്‍കേണ്ടിവരുമെന്നും നേതാക്കള്‍ തട്ടിവിടാന്‍ തുടങ്ങിയിരിക്കുകയാണ്.

കോണ്‍ഗ്രസും ബി.ജെ.പിയും അല്ലാത്ത സര്‍ക്കാറിനെ കോണ്‍ഗ്രസിന് പിന്തുണക്കേണ്ടിവരുമെന്നാണ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറയുന്നത്. ആരാണ് ഈ സര്‍ക്കാര്‍ ഉണ്ടാക്കുക എന്നുമാത്രം അദ്ദേഹം പറയുന്നില്ല. തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ കോണ്‍ഗ്രസ്, ബി.ജെ.പി ഇതര സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാഹചര്യം ഉരുത്തിരിഞ്ഞാല്‍ അതിന് സി.പി.എം നേതൃത്വം നല്‍കണമോ എന്നത് കേന്ദ്രകമ്മിറ്റി തീരുമാനിക്കുമെന്ന് സീതാറാം യെച്ചൂരി പറയുന്നു. ഫലപ്രഖ്യാപനത്തിന് ശേഷമുള്ള മൂര്‍ത്തമായ സാഹചര്യം വിലയിരുത്തി സി.പി.എം തീരുമാനമെടുക്കും. കോണ്‍ഗ്രസ്, ബി.ജെ.പി ഇതര ഇടത്- മതേതര ജനാധിപത്യ സഖ്യം രൂപവത്കരിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. അത് തെരഞ്ഞെടുപ്പിന് ശേഷമെ സാധ്യമാകൂ. ഇപ്പോഴും ഭാവനയില്‍ മാത്രമുള്ള ഒരു മുന്നണിയെക്കുറിച്ചാണ് യെച്ചൂരി സാമ്രാജ്യം കെട്ടുന്നതെന്നത് എത്ര ദയനീയമെന്നേ പറയാനുള്ളൂ.

സി.പി.ഐ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഢിയുടെ അഭിപ്രായപ്രകടനമായി ഇതില്‍ ഏറ്റവും രസകരം. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇടതുപക്ഷംimage for article,,,,,sudhakar reddy കോണ്‍ഗ്രസിനെ പിന്തുണക്കുമെന്നത് എ.കെ. ആന്‍റണിയുടെ വ്യാമോഹം മാത്രമാണെന്നാണ് സുധാകര്‍ റെഡ്ഢി പറയുന്നത്. തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന് ഒന്നോ രണ്ടോ സീറ്റാണ് കിട്ടുക. ഒഡീഷയില്‍ മൂന്നോ നാലോ. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തിസ്ഗഢിലും ജാര്‍ഖണ്ഡിലും ചില്ലറ സീറ്റുകളിലൊതുങ്ങും. 80 സീറ്റുള്ള യു.പിയില്‍ 10 തികച്ച് കിട്ടില്ല. ബിഹാറില്‍ പരമാവധി നാല്. പിന്നെ എങ്ങനെയാണ് അവര്‍ ഭരണത്തെക്കുറിച്ച് പറയുന്നത് എന്നാണ് അദ്ദേഹം ചോദിക്കുന്നത്. കോണ്‍ഗ്രസിന് കിട്ടുന്ന സീറ്റുകളുടെ ഇത്ര കൃത്യമായ കണക്ക് സുധാകര്‍ റെഡ്ഢിക്ക് എവിടെനിന്നാണാവോ കിട്ടിയത്?

കോണ്‍ഗ്രസിനെ പിന്തുണക്കാമെന്ന ആന്‍റണിയുടെ ഒൗദാര്യം ഇടതുപക്ഷത്തിന് വേണ്ടെന്നാണ് വി.എസ് അച്യുതാനന്ദന്‍ പറയുന്നത്. കോണ്‍ഗ്രസിന് ഇടതുപക്ഷത്തെ പിന്തുണക്കാന്‍ അവസരം നല്‍കാമെന്നാണ് വി.എസിന്‍െറ ഒൗദാര്യം. ‘‘ഇടതുപക്ഷ മതനിരപേക്ഷ ജനാധിപത്യ ബദലായിരിക്കും വരുക. വര്‍ഗീയതയെ എതിര്‍ക്കുന്നുവെങ്കില്‍ കോണ്‍ഗ്രസിന് ഇടതുപക്ഷത്തെ പിന്തുണക്കാന്‍ അവസരം നല്‍കാം’’; വി.എസ് സ്വപ്നം കാണുന്നു.

തെരഞ്ഞെടുപ്പിനുശേഷം രൂപപ്പെടുന്ന മതേതര ജനാധിപത്യ ബദലിനെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാകുമെന്നാണ്, വിരലിലെണ്ണാവുന്ന അംഗങ്ങളെ എടുക്കാനില്ലാത്ത മറ്റൊരു ഇടതുകക്ഷിയായ ഫോര്‍വേഡ് ബ്ളോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍ പറയുന്നത്. ഡല്‍ഹിയില്‍ 13 പാര്‍ട്ടികള്‍ തമ്മില്‍ നടന്ന ചര്‍ച്ച തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം സജീവമാവുമെന്നും ഈ മലര്‍പ്പൊടിക്കാരന്‍ സ്വപ്നം കാണുന്നു.

ഇന്നത്തെ അവസ്ഥ വച്ച് ബി.ജെ.പിയാകും ദേശീയതലത്തില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി. അതേസമയം, ബി.ജെ.പിക്ക് സര്‍ക്കാറുണ്ടാക്കാനാകുമോ എന്ന കാര്യത്തില്‍ ഒരുറപ്പുമില്ല. കാരണം, പാര്‍ട്ടിയില്‍ സീറ്റുവിഭജന സമയത്തുതുടങ്ങിയ ഭിന്നത മൂര്‍ച്ഛിച്ചിരിക്കുകയാണ്. വളരെ നേരത്തേ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ബി.ജെ.പിക്ക് പ്രകടനപത്രികയിറക്കാന്‍പോലും കഴിഞ്ഞിട്ടില്ല. ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങും മുമ്പ് പ്രകടന പത്രിക ഇറക്കാന്‍ കഴിയില്ലന്ന് ബി.ജെ.പി സമ്മതിച്ചിരിക്കുകയാണ്. മുരളി മനോഹര്‍ ജോഷിയും നരേന്ദ്ര മോദിയും അടക്കമുള്ള നേതാക്കള്‍ക്കിടയിലുണ്ടായ അഭിപ്രായഭിന്നതയത്തെുടര്‍ന്നാണ് പ്രകടനപത്രിക സമയത്ത് ഇറക്കാന്‍ കഴിയാത്തത്.

image for article,,,,,yachooriമോദിയുടെ സ്വേച്ഛാധിപത്യ പ്രവണതക്കെതിരെ അദ്വാനിയും സുഷമ സ്വരാജും അടക്കമുള്ള നേതൃനിര അടക്കിപ്പിടിച്ച രോഷവുമായി കഴിയുകയാണ്. ഇത് തെരഞ്ഞെടുപ്പിനുശേഷം രൂക്ഷമാകും. മാത്രമല്ല, മോദിയെ മുന്നില്‍വച്ച് ബി.ജെ.പിക്ക് ഇന്നത്തെ നിലയില്‍ മറ്റുപാര്‍ട്ടികളുമായി ധാരണയിലത്തൊനുള്ള സാധ്യതയും വിരളമാണ്. ഇവിടെയാണ് കോണ്‍ഗ്രസിന്‍െറ സാധ്യത തെളിയുന്നത്. കേവലഭൂരിപക്ഷത്തിന് 50 സീറ്റ് കുറവായാല്‍പോലും കോണ്‍ഗ്രസിന് അത്രയും എം.പിമാരെ ഒപ്പിച്ചെടുക്കാന്‍ വിഷമമുണ്ടാകില്ല. അപ്പോള്‍, 25 സീറ്റ് കിട്ടാനിടയുള്ള ഇടതുപക്ഷത്തിന്‍െറ പിന്തുണ നിര്‍ണായകമാണ്. ഇടതുപക്ഷത്തിനാകട്ടെ, കോണ്‍ഗ്രസിനെ പിന്തുണക്കുകയല്ലാതെ മറ്റ് വഴിയില്ലതാനും. ഈ യാഥാര്‍ഥ്യമാണ് ആന്‍റണി തുറന്നുപറഞ്ഞതും സി.പി.എം നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നതും.

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ പിന്തുണക്കാന്‍ പോകുന്ന ഒരു പാര്‍ട്ടിക്ക് കേരളത്തിലെ വോട്ടര്‍മാര്‍ എന്തിന് വോട്ടുചെയ്യണം? അത് നേരെചൊവ്വേ കോണ്‍ഗ്രസിനുതന്നെ ചെയ്തുകൂടേ എന്നാണ് ആന്‍റണിയുടെ ചോദ്യത്തിന്‍െറ വ്യംഗ്യം. ഇതൊരു കുന്തമുനയാണ്. അതേല്‍ക്കാതെ രക്ഷപ്പെടാനാണ് സി.പി.എം ശ്രമം.കേരളത്തിലെ ഭൂരിഭാഗം മണ്ഡലങ്ങളിലും എല്‍.ഡി.എഫും യു.ഡി.എഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. നിലവില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുന്ന പ്രത്യേകമായ വിഷയങ്ങളൊന്നും ഇല്ല.

അതുകൊണ്ടുതന്നെ ആന്‍റണിയടക്കമുള്ള നേതാക്കള്‍ പ്രചാരണത്തെ ഏതുവഴിയിലൂടെ തിരിച്ചുവിടുന്നു എന്നത് അതിപ്രധാനമാണ്. ടി.പി വധക്കേസ് അന്വേഷണത്തില്‍നിന്ന് പിന്മാറാനുള്ള തീരുമാനം സി.ബി.ഐ അറിയിച്ചയുടന്‍ പടക്കംപൊട്ടിച്ചുതുടങ്ങിയ സി.പി.എമ്മിനോട്, ‘നിങ്ങള്‍ തന്നെയാണ് ടി.പിയെ കൊന്നത് എന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്’ എന്ന് ആന്‍റണി പറഞ്ഞു. അതോടെ സി.പി.എം ‘ആഘോഷം’ നിര്‍ത്തി പ്രതിരോധത്തിലായി. സി.ബി.ഐയെക്കുറിച്ച് മിണ്ടാതായി.
ഇങ്ങനെ വെട്ടിയും തടുത്തും പ്രചാരണം തീപ്പാറുകയാണ്. ഇതുമൂലം ഒമ്പതു മണ്ഡലങ്ങളിലെ ഫലം ഇപ്പോള്‍തന്നെ പ്രവചനാതീതമായിക്കഴിഞ്ഞു. കോഴിക്കോട്, വടകര, പാലക്കാട്, കണ്ണൂര്‍, ചാലക്കുടി, കൊല്ലം, ഇടുക്കി, ആലപ്പുഴ, മാവേലിക്കര എന്നിവിടങ്ങളിലാണ് പോരാട്ടം തീ പാറുന്നത്. വരുംദിവസങ്ങളില്‍ പ്രധാനമന്ത്രിയും സോണിയയും അടക്കമുള്ളവരുടെ കൊട്ടിക്കലാശം പൂര്‍ത്തിയാകുമ്പോള്‍ ചിത്രം വ്യക്തമാകും. അതുവരെ കാത്തിരിക്കാം….

Print Friendly, PDF & Email

Related News

Leave a Comment