Flash News

വോട്ടു ചെയ്യുന്നതിനു വോട്ടേഴ്‌സ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം; നളിനി നെറ്റോ

April 5, 2014 , രാഹുല്‍ ഉദിനൂര്‍

M_Id_362051_FG

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തു വോട്ടു ചെയ്യുന്നതിനു വോട്ടേഴ്‌സ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോ. സംസ്ഥാനത്തെ വോട്ടര്‍മാര്‍ക്കെല്ലാം ഇതിനോടകം തിരിച്ചറിയല്‍ കാര്‍ഡ് നല്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണു വോട്ടവകാശം വിനിയോഗിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുള്ളതെന്നു തെരഞ്ഞെടുപ്പ് ഓഫീസര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യുന്ന സ്ലിപ് തിരിച്ചറിയല്‍ കാര്‍ഡിനു പകരമുള്ള സംവിധാനമല്ല. തിരിച്ചറിയല്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ പകരം ഉപയോഗിക്കാവുന്ന 11 ഔദ്യോഗിക രേഖകളില്‍ ഒന്നു മാത്രമാണ് സ്ലിപ്. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത ഒരാളെ ഇക്കുറി വോട്ടു ചെയ്യിക്കണണെങ്കില്‍ കാര്‍ഡ് നഷ്ടപ്പെട്ടുപോയതിന്റെ വ്യക്തമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വോട്ടറുടെ കൈയില്‍ നിന്ന് സത്യവാങ്മൂലം എഴുതിവാങ്ങും. ഇതുസംബന്ധിച്ച അന്തിമതീരുമാനം ഉടനുണ്ടാകുമെന്നും നളിനി നെറ്റോ പറഞ്ഞു.

വോട്ടെടുപ്പ് സമയം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ്. വൈകുന്നേരം ആറിനു ക്യൂവിലുള്ള മുഴുവന്‍ പേര്‍ക്കും വോട്ടു ചെയ്യാന്‍ അവസരം നല്‍കിയശേഷമേ പോളിംഗ് അവസാനിപ്പിക്കുകയുള്ളൂ.

സംസ്ഥാനത്തു പരസ്യപ്രചരണം എട്ടാം തീയതി അവസാനിക്കും. ക്രമസമാധാന പ്രശ്‌നങ്ങളൊന്നും സംസ്ഥാനത്ത് നിലവിലില്ല. സംസ്ഥാനത്തിനു പുറത്തുനിന്നു 45 കമ്പനി സേന എത്തിയിട്ടുണ്ട്. ഇനി 10 കമ്പനി കൂടി എത്തും. പ്രശ്‌ന സാധ്യതയുള്ള ബൂത്തുകളിലെ വോട്ടെടുപ്പ് വിഡിയോയില്‍ പകര്‍ത്തും. പ്രശ്‌നബാധിത ബൂത്തുകള്‍ ഏതൊക്കെയെന്നു വിലിരുത്തുന്നുണ്ട്. അവയുടെ എണ്ണം വരുംദിവസങ്ങളില്‍ പ്രസിദ്ധപ്പെടുത്തും.

മാര്‍ച്ച് 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടിക പ്രകാരം സംസ്ഥാനത്ത് 2,42,51,942 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,16,81,503 പേര്‍ പുരുഷന്മാരും 1,25,70,439 പേര്‍ സ്ത്രീ വോട്ടര്‍മാരുമാണ്. 18നും 19നും ഇടയ്ക്ക് പ്രായമുള്ള 5,56,702 വോട്ടര്‍മാരാണുള്ളത്. 20നും 60നും ഇടയ്ക്ക് പ്രായമുള്ള 2,01,81,660 വോട്ടര്‍മാരും 60നു മേല്‍ പ്രായമുള്ള 35,13,580 വോട്ടര്‍മാരുമുണ്ട്. 21,424 പോളിംഗ് സ്റ്റേഷനുകളാണു സംസ്ഥാനത്തുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ 948 പോളിംഗ് സ്റ്റേഷനുകള്‍ കൂടുതലാണ്.

ഏറ്റവും കൂടുതല്‍ പോളിംഗ് സ്റ്റേഷനുകളുള്ളതു മലപ്പുറം ജില്ലയിലാണ്, 2288. കുറവ് 470 എണ്ണമുള്ള വയനാടിലും. 15ല്‍ കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളതിനാല്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, ഇടുക്കി, എറണാകുളം മണ്ഡലങ്ങളില്‍ രണ്ട് ബാലറ്റ് മെഷീനുകള്‍ ഉപയോഗിക്കണം. മത്സരരംഗത്ത് ആകെ 269 സ്ഥാനാര്‍ഥികളാണുള്ളത്. ഇതില്‍ 27 പേര്‍ വനിതകളാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top