കാടിന്റെ കഥ (ജോണ്‍മാത്യു)

kadinte katha

റോഡുമുറിച്ചുകടക്കുന്നതിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് നഗരപ്രാന്തത്തില്‍ ഞങ്ങളുടെ സമീപത്ത് ഈയ്യിടെയുണ്ടായ സംഭവവികാസം. പ്രധാന വീഥി സംരക്ഷണ വനപ്രദേശത്തുകൂടിയായത് അസൗകര്യങ്ങള്‍ ക്ഷണിച്ചുവരുത്തുകയായിരുന്നു. മനുഷ്യര്‍ക്കു മാത്രമല്ല, എല്ലാ ജീവികള്‍ക്കും.

മനുഷ്യന്‍തന്നെ കെട്ടിയുണ്ടാക്കിയ വരമ്പുകളെ ഭേദിച്ചു നഗരം വളരുന്നതിന്റെ പ്രതീകമായിരുന്നു പുതിയ നിവാസകേന്ദ്രങ്ങള്‍.

വാസസ്ഥലങ്ങളും കടകളും അവിടെനിന്നും, വിശാലമായ ഇടഭൂമിക്കും തടാകങ്ങള്‍ക്കും ശേഷം, വീണ്ടും തുടങ്ങുന്നു.

റോഡ് വനപ്രദേശത്തേക്ക് പ്രവേശിക്കുന്നിടത്തായിരുന്നു ശിഖരങ്ങളായി, ഇണയുടെ കണ്ണുകള്‍ക്ക് ക്ഷമേല്‍ക്കാതെ ഉരുമ്മുന്ന കൊമ്പുകളുടെ ചിത്രമുള്ള, മറ്റൊരു ജീവിതത്തിന്റെ ആകാംക്ഷയുണര്‍ത്തുന്ന ”റ്റാക്‌സിദേര്‍മി’. ഈ റ്റാക്‌സിദേര്‍മിയുടെ താത്വികവും വേദാന്തപരവുമായ ദര്‍ശനങ്ങളെപ്പറ്റി മനുഷ്യനുള്ള അറിവ് പരിമിതമാണ്. അവര്‍ ആകാശത്തിലുള്ള, ഭാവനയിലുള്ള, സ്വര്‍ഗ്ഗത്തെ സ്വപ്നം കാണുന്നു, എന്നാല്‍ മൃഗങ്ങള്‍ പ്രത്യക്ഷമായതും.

മരണത്തിനുശേഷം റ്റാക്‌സിദേര്‍മിയില്‍ക്കൂടി കയറിയിറങ്ങുന്നവ പിന്നെയും ജീവിക്കുന്നു.

ഈ തത്വചിന്ത കുറിച്ചിടുന്നതിനുമുന്‍പ് ഭൂപ്രകൃതിയും ജീവിതരീതിയും പഠനത്തിനു വിധേയമാക്കിയേ തീരൂ.

68919_john_mathew_2

അധികാരികളുടെ കടമയാണ് ജീവിക്കാനുള്ള അവകാശങ്ങള്‍ നിലനിര്‍ത്തുന്നത്, അതുകൊണ്ടാണ് തിരക്കേറിയ റോഡുകളില്‍ നിയന്ത്രണങ്ങളും.

കയോടി വര്‍ഗ്ഗത്തില്‍പ്പെട്ട കുറുക്കന്‍ തുടങ്ങി ചില മൃഗങ്ങള്‍ സൂത്രശാലികളാണ്. പകല്‍ ഇറങ്ങിനടക്കുന്നത് അപകടമുണ്ടാക്കുമെന്ന് അവര്‍ക്ക് അറിയാം. കാട്ടുപന്നികളുടെ യാത്ര കൂട്ടത്തോടെയാണ്. പാവം ആര്‍മിഡില്ലോകള്‍ ചക്രത്തിനടിയില്‍ തലവെച്ചുകൊടുക്കാന്‍ വിധിക്കപ്പെട്ടതുപോലെയും.

ഇനിയുമുള്ളത് കലമാനാണ്. കലമാനിന്റെ തലവെട്ടി സ്വന്തം വീടിന്റെ ഭിത്തിയില്‍ തൂക്കുന്നത് തങ്ങളുടെ വീരശൂരപരാക്രമങ്ങളുടെ പ്രതീകമായി മനുഷ്യരില്‍ ചിലരെങ്കിലും കണക്കാക്കുന്നു. പ്രാഥമികാവശ്യമായ തീറ്റ ഉറപ്പുവരുത്തിയാല്‍പ്പിന്നെ കഴിയുന്നിടത്തെല്ലാം ആഢംഭരം കൂട്ടിചേര്‍ക്കുകയും അവസാനം ജേതാവായി തന്നത്താന്‍ വിളംബരം ചെയ്യുന്നതും നമ്മുടെ സ്വഭാവം.

പണ്ട്, രാജഭരണകാലത്ത് സായ്പ്പും നാട്ടുരാജാവുംകൂടി ശിക്കാറിഹനു പോകുന്ന കഥ പ്രസിദ്ധമാണ്. ശിപായി വെടിവെച്ചുവീഴ്ത്തിയ കടുവായുടെ പുറത്ത് ചവുട്ടി തോക്കുംകുത്തി നില്‍ക്കുന്നത് അധികാരത്തിന്റേതും പരാക്രമത്തിന്റേതും അടയാളമായിരുന്നു. അതിനുപിന്നില്‍ മീശയും പിരിച്ച് ദാസനും അടിയാനുമായ രാജാവും.

കാലങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നപ്പോള്‍.

ഇവിടെ ദൈവതുല്യനായി ഭിത്തിയില്‍ പൂമാലയിട്ട കലമാന്‍ ഇരുപത്തിനാലു മണിക്കൂറും വീരനെ നോക്കുന്നു. ‘ആ മനുഷ്യന്‍ നീതന്നെ’യെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട്.

റോഡുകളുടെയും പ്രകൃതിസംരക്ഷണത്തിന്റെയും കഥകളാണല്ലോ ചര്‍ച്ചചെയ്തുകൊണ്ടിരുന്നത്.

ഇത് കലമാനുകള്‍ക്ക് മാത്രം എന്ന അര്‍ത്ഥത്തില്‍ അവയുടെ പടമുള്ള ബോര്‍ഡും വഴിയോരങ്ങളില്‍ സ്ഥാപിച്ച് മുറിച്ചുകടക്കല്‍ അടയാളപ്പെടുത്തി. റോഡില്‍ അടയാളപ്പെടുത്താത്ത സീബ്രാവരകള്‍ നമ്മുടെ മനോധര്‍മ്മത്തിനായി മാറ്റിവെക്കുന്നു.

ഇനിയുമെല്ലാം സുരക്ഷിതം!

മൃഗങ്ങള്‍ ഇരുവശവും നോക്കുന്നു, വാഹനങ്ങള്‍ ഇല്ലെന്നു കണ്ടാല്‍ സുരക്ഷിതമായി റോഡുമുറിച്ചുകടക്കുമെന്ന് സങ്കല്പം.

മൃഗങ്ങളും അങ്ങനെതന്നെ ചിന്തിച്ചു, അഥവാ ചിന്തിക്കുന്നുവെന്ന് മനുഷ്യന്‍ കണക്കുകൂട്ടി. മനുഷ്യന് എന്തെല്ലാം കൂട്ടിക്കിഴിക്കലുകളാണ്, കുരയ്ക്കും പട്ടി കടിക്കില്ലെന്നതുപോലെ.

എന്തിനാണ് മാന്‍ വഴി മുറിച്ചു കടക്കുന്നത്?

റോഡിനപ്പുറത്തുള്ള ടാക്‌സിദര്‍മിയിലേക്ക് പോകാന്‍. അവനും വേണ്ടേ ഒരു മരണാനന്തരജീവിതം.

പക്ഷേ മനുഷ്യനറിയാം ഇത് മൃഗങ്ങള്‍ക്ക് കടക്കാനുള്ള വഴിയാണെന്നും അവറ്റകള്‍ക്ക് ഇവിടെ സുരക്ഷിതത്വം തോന്നുമെന്നും.

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സഹസ്രാബ്ദങ്ങളിലൂടെ കടന്നുവന്ന വിശ്വാസത്തിന്റെ പ്രതീകങ്ങള്‍ മാത്രം മിതയോ, വഞ്ചനയുടെയും, വഴി കുറുകെക്കടക്കുന്നിടത്തെ വഞ്ചന… ഈ വാക്യം മുഴുമിപ്പിക്കാന്‍ കഴിയുന്നില്ല.

നമുക്കുചുറ്റും നിശ്ചയമായും സമര്‍ത്ഥരുണ്ട്. അവരുടെ സാമര്‍ത്ഥ്യം അളക്കാന്‍ ഇന്ന് മാനദണ്ഡങ്ങളുണ്ട്.

അങ്ങനെയാണ് തലയോട്ടികള്‍ ഔന്നത്യത്തിന്റെ അടയാളമായത്. ഏറ്റവും അധികം തലവെട്ടുന്നവന്‍ അധികാരി.

വോട്ടും തലവെട്ടുമായുള്ള ബന്ധം സ്ഥാപിച്ചെടുക്കാന്‍ ഗവേഷണം വേണ്ട.

അപ്പോള്‍ ‘ഞാന്‍’ ഇവിടെ…

സമൂഹത്തില്‍ ഞാനും അംഗീകാരങ്ങള്‍ക്ക് അര്‍ഹനല്ലേ.

നേട്ടങ്ങളുണ്ടാക്കാതെ നിങ്ങള്‍ എന്നെ അംഗീകരിക്കുമോ?

ഇല്ലേ, ഇല്ല…

അപ്പോള്‍ മനുഷ്യന്‍ എന്തിന് റ്റാക്‌സിദേര്‍മിയിലേക്ക് പോകുന്നു?

ക്രോതാവായ മനുഷ്യന്‍ : ഞാന്‍ അംഗീകാരം ആഗ്രഹിക്കുന്നു.

വ്യാപാരി : ആ പദവി കച്ചവടം ചെയ്യാന്‍ ഞാന്‍ ബാദ്ധ്യസ്ഥനാണ്.

മേശവലിപ്പത്തില്‍നിന്ന് വിസിലെടുത്തു അയാള്‍ ചൂളംവിളിച്ചു.

അപ്പോള്‍ കാടുണര്‍ന്നു.

ഉറങ്ങിക്കിടന്നവ എഴുന്നേറ്റു, തങ്ങളില്‍ ഒന്നിന്റെ ജീവിതസഫലീകരണത്തിനായി, അവസാന ദൗത്യത്തിനായി. ഉണങ്ങിയ ഇലകളിലൂടെ കിരുകിരാരവം!

സൗമ്യമായി, ശാന്തമായി അവറ്റകള്‍ പെരുവഴികടക്കുന്നു. ഔഡിയും ഇന്‍ഫിനിറ്റിയും എന്നുവേണ്ട സര്‍വ്വവാഹനങ്ങളും ഇരുവശത്തും ഭവ്യതയോടെ… അതാണല്ലോ അധികാരികളുടെ ഉത്തരവ്.

അനുഗ്രഹം പ്രതീക്ഷിച്ച്, ഒരു ദേവാലയത്തിന്റെ മുന്നിലെന്നപോലെ മൃഗങ്ങള്‍ തലതാഴ്ത്തിനിന്നു.

വ്യാപാരി : (ക്രേതാവിനോട്) പ്രഭോ, ഇതാ ശുഭമുഹൂര്‍ത്തം, അങ്ങയുടെ മനസിനിണങ്ങിയപോലെ കഴുത്തില്‍ മാലയണിയിച്ചാലും!

Print Friendly, PDF & Email

Leave a Comment