ശോഭ സിറ്റിക്ക് മുന്നില്‍ കലാമണ്ഡലം ഹേമലത നിരാഹാരം നടത്തും

sobha city

തൃശൂര്‍: നെല്‍വയല്‍ മണ്ണിട്ട് നികത്തി പുഴക്കല്‍ പാടത്ത് ശോഭ സിറ്റി ഫ്ളാറ്റ് സമുച്ചയം പണിയുന്നത് മൂലം വര്‍ഷക്കാലത്ത് ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് യാതൊരു പരിഹാരവും ഉണ്ടാക്കാന്‍ ശ്രമിക്കാത്ത അധികാരികളുടെ നടപടിയില്‍ പ്രതിഷേധിച്ച് ഏപ്രില്‍ ഒമ്പതിന് ശോഭ സിറ്റിക്ക് മുന്നില്‍ ഗിന്നസ് കലാമണ്ഡലം ഹേമലത നിരാഹാര സമരം അനുഷ്ഠിക്കും.

നെല്‍വയല്‍ സംരക്ഷണ നിയമ ലംഘനത്തെ പ്രോത്സാഹിപ്പിക്കുകയാണ് അധികാരികള്‍ ചെയ്തുവരുന്നതെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം അനീതികളെ എതിര്‍ക്കുന്നവരെ പിന്തിരിപ്പിക്കുന്ന നയമാണ് ശോഭാ സിറ്റിയുടേതെന്ന് ഹേമലത പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷമായി മഴക്കാലത്ത് പൂങ്കുന്നം, അയ്യന്തോള്‍, പെരിങ്ങാവ്, അടാട്ട്, പേരാമംഗലം, കുറ്റൂര്‍ എന്നീ സ്ഥലങ്ങളിലെ വീടുകളില്‍ വെള്ളം കയറി വീട്ടുപകരണങ്ങള്‍ നശിക്കാന്‍ ഇടവന്നിട്ടുള്ളതാണെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. തൃശൂര്‍ നഗരത്തിന്‍െറ പല ഭാഗങ്ങളും വെള്ളക്കെട്ടുകള്‍ സൃഷ്ടിക്കുന്നത് ശോഭ സിറ്റിയുടെ ബഹുനില കെട്ടിടങ്ങളാണ്. എന്നാല്‍, നെല്‍വയലുകള്‍ നികത്തി വന്‍ ഫ്ളാറ്റുകള്‍ നിര്‍മിച്ച് നമ്മുടെ ഭക്ഷ്യസുരക്ഷയെ പാടെ തകര്‍ക്കുന്ന നയമാണ് ഫ്ളാറ്റ് ലോബികള്‍ സ്വീകരിച്ചുവരുന്നത്. ഇത് ചോദ്യം ചെയ്യാന്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനവും ഇന്നേവരെ മുന്നോട്ടിറങ്ങിയിട്ടില്ല. ഇത്തരം പ്രശ്നങ്ങള്‍ പൊതുജനമധ്യേ കൊണ്ടുവരുന്നതിനുവേണ്ടിയാണ് ഏപ്രില്‍ ഒമ്പതിന് ശോഭ സിറ്റിക്ക് മുന്നില്‍ നിരാഹാരം അനുഷ്ഠിക്കാന്‍ തീരുമാനിച്ചത്.

രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് വരെയാണ് നിരാഹാര സമരം. നിരാഹാര സമരത്തില്‍ കര്‍ഷകരും ദുരിതം അനുഭവിക്കുന്ന നാട്ടുകാരും പങ്കെടുക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment