സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ഛസ്ഥായിയില്‍; മന്‍മോഹന്‍സിംഗ് ഇന്നെത്തും, സോണിയ നാളെ

Manmohan-Singh-Sonia-Gandhiകൊച്ചി: സംസ്ഥാനത്ത് രാഷ്ട്രീയ കക്ഷികളുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ഛസ്ഥായിയില്‍. മന്‍മോഹന്‍സിംഗും സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അടക്കമുള്ള ദേശീയ നേതാക്കളെ അണി നിരത്തിയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണം ചൂടാക്കുന്നത്. എ.കെ ആന്റണി അടക്കമുള്ള നേതാക്കളായിരുന്നു ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചിരുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഇന്ന് കേരളത്തിലെത്തും. എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ പ്രൊഫ.കെ.വി തോമസിനായാണ് മന്‍മോഹന്‍സിംഗ് വോട്ട് അഭ്യര്‍ഥിക്കുക. പ്രധാനമന്ത്രിയുടെ വരവിനെ തുടര്‍ന്ന് വലിയ സുരക്ഷാ സംവിധാനങ്ങളാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്.

ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി വൈകിട്ട് 5 മണിക്ക് തോപ്പുംപടിയിലെ യു.ഡി.എഫിന്റെ പ്രചാരണ യോഗത്തില്‍ പങ്കെടുക്കും. കേരളത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ഏക തെരഞ്ഞെടുപ്പ് യോഗമാണ് എറണാകുളം ലോക്‌സഭാ മണ്ഡലത്തിലേത്.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയിരുന്നു. കാസര്‍കോട്, ഇടുക്കി, മാവേലിക്കര, ആറ്റിങ്ങല്‍ എന്നിവിടങ്ങൡലായിരുന്നു രാഹുല്‍ പ്രചാരണം നടത്തിയത്. സി.പി.ഐ.എമ്മിന്റെ പ്രസക്തി ദേശീയ രാഷ്ട്രീയത്തില്‍ നഷ്ടപ്പെട്ടുവെന്നതായിരുന്നു രാഹുല്‍ ഉയര്‍ത്തിയ പ്രധാന വിമര്‍ശനം.

സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഉച്ഛസ്ഥായിയിലാക്കിക്കൊണ്ട് എ.ഐ.സി.സി അദ്ധ്യക്ഷ സോണിയാഗാന്ധി നാളെ കേരളത്തിലെത്തും. വൈകിട്ട് 4ന് തൃശൂരിലും 5ന് കോഴിക്കോടും നടക്കുന്ന തിരഞ്ഞെടുപ്പ് പരിപാടികളില്‍ സോണിയ പങ്കെടുക്കും.

സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് പ്രചാരണം നടത്തുന്നുണ്ട്. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലും കാരാട്ട് സംസ്ഥാനത്ത് പര്യടനം നടത്തും. വി.എസും പിണറായിയും അടക്കമുള്ള സംസ്ഥാന നേതാക്കള്‍ തന്നെയാണ് ഇടതുമുന്നണിയുടെ മുഖ്യപ്രചാരകര്‍.

ഏപ്രില്‍ എട്ടിന് വൈകീട്ട് ആറിനാണ് കേരളത്തിലെ പരസ്യ പ്രചാരണം അവസാനിക്കുക. പത്തിന് നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം മെയ് 16ന് പ്രഖ്യാപിക്കും.

Print Friendly, PDF & Email

Related News

Leave a Comment