ഇന്ന് ഏപ്രില്‍ 7 ലോക ആരോഗ്യ ദിനം; സാംക്രമിക രോഗങ്ങളെ കരുതലോടെ നേരിടാം

fbwhd14

1948ല്‍ ലോകാരോഗ്യസംഘടന സ്ഥാപിതമായതിന്റെ ഓര്‍മ്മയ്ക്കായാണ് ഏപ്രില്‍ 7 ലോകാരോഗ്യ ദിനമായി ആചരിക്കുന്നത്. 1950 മുതല്‍, എല്ലാ വര്‍ഷവും ലോകാരോഗ്യദിനം ആഘോഷിക്കപ്പെടണമെന്ന് പ്രഥമ ആരോഗ്യസഭയാണ് തീരുമാനമെടുത്തത്. സ്ഥാപക ദിനം ആചരിക്കുന്നതോടൊപ്പം ഏതെങ്കിലും ആഗോള ആരോഗ്യ പ്രശ്‌നത്തെ ലോകശ്രദ്ധയില്‍ കൊണ്ട് വരാനും ഈ ദിനാചരണം പ്രയോജനപ്പെടുന്നു.

സാംക്രമികരോഗങ്ങളില്‍ നിന്നുള്ള പ്രതിരോധമാണ് ഈ വര്‍ഷം സംഘടന ലക്ഷ്യം വയ്ക്കുന്നത്. 660,000 പേര്‍ 2010ല്‍ മാത്രം പല തരം പകര്‍ച്ചവ്യാധികള്‍ മൂലം മരണമടഞ്ഞു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാംക്രമികരോഗങ്ങളില്‍ ഏറ്റവും അപകടകാരിയായ മലേറിയ പ്രതിവര്‍ഷം ലോകത്താകമാനം 20 കോടിയിലധികം ആളുകളെയാണ് ബാധിക്കുന്നത്. എന്നാല്‍ ഇതില്‍ പകുതിപേര്‍പോലും യഥാവിധം രോഗനിര്‍ണയമോ ചികിത്സയോ നടത്തുന്നില്ല എന്നതാണ് സത്യം. ആഫ്രിക്കയിലെ കുട്ടികളാണ് പകര്‍ച്ചവ്യാധികളുടെ പ്രധാന ഇരകള്‍. വൃത്തിഹീനമായ പരിസരവും മലിനീകരണവും ശുചിത്വക്കുറവും തന്നെ പ്രധാനകാരണം. കൊതുകുവഴി പകരുന്നരോഗം പനിയായാണ് തുടക്കത്തില്‍ പ്രത്യക്ഷപ്പെടുക. തലവേദനയും വിറയലും സംഭവിക്കുകയും ഒടുവില്‍ ജീവനുതന്നെ ഭീഷണിയാകുകയും ചെയ്യുന്നു. ഏറ്റവും വേഗത്തില്‍ പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചവ്യാധി ഡങ്കിയാണ്. കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ 30 മടങ്ങായാണ് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചത്.

symptoms_of_malariaഏകകോശ ജീവികള്‍ ഉള്‍ക്കൊള്ളുന്ന ഫൈലം പ്രോട്ടോസോവ വിഭാഗത്തില്‍, പ്ലാസ്‌മോഡിയം ജനുസ്സില്‍പെട്ട പരാദങ്ങളാണ് മലേറിയ രോഗമുണ്ടാക്കുന്നത്. അനോഫിലിസ് ജനുസില്‍ പെടുന്ന ചില ഇനം പെണ്‍കൊതുകുകളാണ് രോഗം പരത്തുന്നത്. ഏഷ്യ, ആഫ്രിക്ക, അമേരിക്ക ഭൂഖണ്ഡങ്ങളിലെ ഭൂമദ്ധ്യരേഖയോടടുത്തുള്ള രാജ്യങ്ങളിലാണു കൂടുതലായി കണ്ടുവരുന്നത്. കുട്ടികളും ഗര്‍ഭിണികളും ആണ് കൂടുതലും മലേറിയ ബാധിച്ച് മരണപ്പെടുന്നത്. ആഫ്രിക്കയിലെ സഹാറ മരുഭൂമിയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലാണ് 90 ശതമാനം മരണങ്ങളും. മലമ്പനിയും ദാരിദ്ര്യവും പരസ്പരപൂരകങ്ങളാണ്, ദാരിദ്ര്യത്തിനുള്ള ഒരു പ്രധാന കാരണവും, സാമ്പത്തിക വികസനത്തിനുള്ള തടസവും മലമ്പനിയാണ്.

ഏഡീസ് കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണ് ഡങ്കിപ്പനി. ലോകത്തിലെ അഞ്ചില്‍ രണ്ടുഭാഗം ജനങ്ങളും ഈ പകര്‍ച്ചവ്യാധിയുടെ ഭീഷണിയിലാണെന്ന് ലോകാരോഗ്യസംഘടന പറയുന്നു. രോഗമുള്ളയാളില്‍ നിന്ന് രോഗാണുക്കള്‍ കൊതുകി ലൂടെ അടുത്തയാളിലെത്തി, 8-10 ദിവസങ്ങള്‍ക്കുള്ളില്‍ ആദ്യരോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. കടുത്ത, ഇടവിട്ടിടവിട്ടുള്ള പനി, തലവേദന, കണ്ണുകള്‍ക്ക് തീവ്രമായ വേദന, പേശികളിലും സന്ധികളിലും വേദന, തൊലിപ്പുറമേ ചുവന്ന പാടുകള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. സാധാരണയായി ഡങ്കിപ്പനി മാരകമല്ലെങ്കിലും ചിലപ്പോള്‍ ശരീരത്തിലെ ചെറുരക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവമുണ്ടാകുന്ന ഡങ്കി ഹെമറാജിക് പനി എന്ന അവസ്ഥയിലെത്തുന്നത് അപകടകരമാണ്. ഡെങ്കിപ്പനിക്കും അലോപ്പതിയില്‍ പ്രത്യേക ചികിത്സയില്ല. രോഗലക്ഷണങ്ങളെ അടിസ്ഥാനമാക്കി വിവിധ ചികിത്സകള്‍ നല്‍കുകയാണ് ചികിത്സാരീതി.

കൊതുകു നിയന്ത്രണമാണ് മുഖ്യപ്രതിരോധമാര്‍ഗം. പകലാണ് ഈ കൊതുകകള്‍ സജീവമായി കാണപ്പെടുന്നത്. പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടാല്‍ കൊതുകുകടിയേല്‍ക്കാതെ, കൊതുകു വലയും മറ്റ് നിയന്ത്രണമാര്‍ഗങ്ങളും ഉപയോഗിക്കണം. കൊതുകിന്റെ കൂത്താടികളെ നശിപ്പിക്കുവാന്‍ നിരന്തരം ശ്രദ്ധിക്കണം.

ടാന്‍സാനിയ എന്ന രാജ്യത്തെ ആദിമവര്‍ഗക്കാരായ മാക്കോണ്ട സമൂഹത്തിലെ സംസാരഭാഷയായ സ്വാഹിലിയിലെ ഒരു വാക്കാണ് ചിക്കുന്‍ഗുനിയ malariaമുളയും മറ്റും കാറ്റടിച്ച് റ ആകൃതിയില്‍ വളഞ്ഞ് നില്‍ക്കുന്നതിനെയാണ് ചിക്കുന്‍ഗുനിയ അര്‍ത്ഥമാക്കുന്നത്. 1953ല്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട, ഈ വൈറല്‍പ്പനി ബാധിച്ചവര്‍ വേദനകൊണ്ട് പുളഞ്ഞ് റ രൂപത്തിലാകുമെന്നതിനെ സൂചിപ്പിച്ച് അവിടത്തുകാര്‍ നല്‍കിയ പേരാണിത്.

ഏഡീസ് ഈജിപ്റ്റി ,ഏഡീസ് ആല്‍ബോപിക്റ്റസ് എന്നിങ്ങനെ രണ്ടിനം കൊതുകുകളാണ് രോഗാണുവിനെ ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് എത്തിക്കുന്നത്. ശരീരമാസകലം വെളുത്ത വരകളുള്ള ഈ കൊതുകുകള്‍ പകലാണ് കൂടുതല്‍ സജീവമാകാറുള്ളത്.

ചിക്കുന്‍ഗുനിയയുടെ ഏറ്റവും പ്രധാനലക്ഷണം സന്ധികള്‍ക്കും പേശികള്‍ക്കുമുണ്ടാകുന്ന കടുത്ത വേദനയാണ്. കടുത്തപനി, വിറയല്‍, തലവേദന, ഛര്‍ദ്ദി, മാന്ദ്യം തുടങ്ങിയവയുണ്ടാകും. രോഗം മൂര്‍ച്ഛിക്കാനിടയായാല്‍ നാഡീരോഗങ്ങളോ ഹൃദയസംബന്ധിയായ പ്രശ്‌നങ്ങളോ ഉണ്ടാകാനിടയുണ്ട്. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി ഏറ്റവും സമാനമായുള്ള ലക്ഷണങ്ങളാണ് ചിക്കുന്‍ഗുനിയയുടേത്.

ചിക്കുന്‍ഗുനിയയ്ക്കും അലോപ്പതിയില്‍ പ്രത്യേക ചികിത്സയില്ല. രോഗലക്ഷണങ്ങളെ അടിസ്ഥാക്കിയുള്ള ചികിത്സയാണു നടത്താറ്. രോഗബാധയ്ക്കുശേഷം ദീര്‍ഘകാലത്തേക്ക് പേശീവേദനയും ശരീരവേദനയും പലര്‍ക്കും ഉണ്ടാകും. ഇതു കുറയാന്‍ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലയിട്ട വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണത്രേ. കൊതുകു നശീകരണമാണ് രോഗപ്രതിരോധത്തിന് ഏകമാര്‍ഗം. ഏഡീസ് കൊതുകുകള്‍ മഴവെള്ളശേഖരണങ്ങളിലാണ് മുട്ടയിടാറെന്നതിനാല്‍ വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്.

ഇത്തരം രോഗങ്ങള്‍ക്ക് രക്തപരിശോധനയിലൂടെയാണ് രോഗ സ്ഥിരീകരണം സാധ്യമാവുക. രക്തത്തിലെ ഐജിഎം ആന്റിബോഡി കണ്ടെത്താന്‍ വളരെ ഉപകാരപ്രദമായ ഒരു ടെസ്റ്റാണ് ‘എലൈസ’. ഇന്ത്യയില്‍ നിന്നുതന്നെ ഉണ്ടാക്കുന്ന എലൈസ കിറ്റ്, പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയില്‍നിന്ന് കൃത്യമായി ലഭിക്കുന്നതിനാല്‍ ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ എന്നിവയുടെ രോഗനിര്‍ണയം വളരെ സുഗമമാണ്.

ലെപ്‌റ്റോ സ്‌പൈറ കിറ്റ് പുറംരാജ്യങ്ങളില്‍നിന്നു വരുന്നവയാണ്. മെഡിക്കല്‍ കോര്‍പറേഷന്‍ മുഖാന്തിരം നമുക്ക് അത് ലഭ്യമാകുന്നു. ടൈഫസ് ഫീവര്‍ സ്ഥിരീകരിക്കാന്‍ വീല്‍ഫെലിക്‌സ് ടെസ്റ്റ് ലഭ്യമാണ്. എലൈസയേക്കാള്‍ ലളിതമായ സ്‌ക്രീനിങ് ടെസ്റ്റ് കൊണ്ട് രോഗം തിരിച്ചറിയാം.

എച്ച്1എന്‍1 സ്ഥിരീകരിക്കാന്‍ തൊണ്ടയില്‍നിന്നുള്ള സ്രവം, പിസിആര്‍ മുഖേന പരിശോധിച്ചാണ് സാധ്യമാകുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment