Flash News

കേരളത്തില്‍ പരസ്യപ്രചാരണത്തിന് ഇന്ന് വൈകീട്ടോടെ കൊട്ടിക്കലാശം

April 8, 2014 , ഷാഹിദ് വൈപ്പി

Idukki-kottikkalashamതിരുവനന്തപുരം: കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്നു വൈകീട്ടോടെ കൊട്ടിക്കലാശം. വൈകിട്ട് ആറുമണിക്കുശേഷം നിശബ്ദ പ്രചാരണത്തിലേക്കു മണ്ഡലങ്ങളും സ്ഥാനാര്‍ഥികളും മാറും. വ്യാഴാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലെ 269 സ്ഥാനാര്‍ഥികളുടെ ജനവിധി കുറിക്കപ്പെടും.

വോട്ടെടുപ്പ് അവസാനിക്കുന്നതിന്റെ 48 മണിക്കൂര്‍ മുമ്പ് പരസ്യപ്രചാരണം അവസാനിപ്പിക്കണമെന്നാണ് ചട്ടം. ഇത്തവണ വോട്ടിംഗ് സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാക്കിയിട്ടുണ്ട്. അതുകൊണ്ട് മുന്‍ കാലങ്ങളില്‍ വൈകീട്ട് അഞ്ച് മണിക്ക് അവസാനിച്ചിരുന്ന പരസ്യപ്രചാരണത്തിന് ഒരു മണിക്കൂര്‍ അധികം ലഭിച്ചിട്ടുണ്ട്. വളരെ കുറഞ്ഞ സമയം മാത്രം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ലഭിച്ച ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ അവസാന മണിക്കൂറുകളില്‍ പരമാവധി വോട്ടര്‍മാരിലേക്ക് പ്രചാരണചൂട് എത്തിക്കാനാണ് മുന്നണികളുടേയും സ്ഥാനാര്‍ത്ഥികളുടേയും ശ്രമം.

ആര്‍.എസ്.പിയുടെ യു.ഡി.എഫ് പ്രവേശം, സി.എം.പിയിലെയും ജെ.എസ്.എസിലെയും പൊട്ടിത്തെറിയും നിലപാട് പ്രഖ്യാപനവും, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്, വി.എസ്. അച്യുതാനന്ദന്റെ നിലപാടുമാറ്റം തുടങ്ങി നിരവധി വിഷയങ്ങളാണ് ഇത്തവണ തിരഞ്ഞെടുപ്പ് കാലത്ത് കേരളം ചര്‍ച്ച ചെയ്തത്. പരമ്പരാഗത പ്രചാരണമാര്‍ഗങ്ങള്‍ക്കു പുറമേ നവമാധ്യമങ്ങളുടെ സജീവ പങ്കാളിത്തമാണ് ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തെ വ്യത്യസ്ഥമാക്കുന്നത്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നിവയോടൊപ്പം മൊബൈല്‍ ഫോണ്‍ വഴിയും സ്ഥാനാര്‍ഥികള്‍ വോട്ട് അഭ്യര്‍ഥിക്കുന്നു.

കേരളത്തില്‍ 1,16,81,503 പുരുഷന്മാരും 1,25,70,439 സ്ത്രീകളുമടക്കം 2,42,51,942 വോട്ടര്‍മാരാണുള്ളത്. വോട്ടര്‍മാര്‍ 1700ല്‍ കൂടുതലുള്ള തൃശൂര്‍, പാലക്കാട്, എറണാകുളം മണ്ഡലങ്ങളിലെ ഓരോ ബൂത്തുകളില്‍ ഓക്‌സിലറി പോളിംഗ് സ്‌റ്റേഷനുകള്‍ അനുവദിച്ചിട്ടുണ്ട്. പോളിംഗ് സ്‌റ്റേഷന്റെ 200 മീറ്റര്‍ പരിധിയില്‍ വാഹനം അനുവദിക്കില്ല. 15ല്‍ കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളതിനാല്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, ഇടുക്കി, എറണാകുളം ലോക്‌സഭാ മണ്ഡലങ്ങളില്‍ രണ്ടു ബാലറ്റ് യൂണിറ്റുകളുപയോഗിക്കുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top