വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ

photo

2014 ഏപ്രില്‍ ഇരുപത്തിയേഴാം തീയതി ഫ്രാന്‍സിസ് പാപ്പ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയെ വിശുദ്ധനായി പ്രഖ്യാപിക്കുകയാണ്.

കത്തോലിക്കാ സഭയുടെ കണക്കുംപ്രകാരം പത്രോസിന്റെ 263-മത്തെ പിന്‍ഗാമിയാണ് ജോണ്‍ പോള്‍ രണ്ടാമന്‍. ഒന്‍പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് 2005 ഏപ്രില്‍ രണ്ടാം തീയതിയാണ് അദ്ദേഹം നിര്യാതനായത്. പ്രതാപിയായ ഈ മാര്‍പ്പാപ്പയുടെ നീണ്ട 26 വര്‍ഷത്തെ ഭരണകാലത്ത് ലോകദൃഷ്ടിയില്‍ കത്തോലിക്കാസഭ കൂടുതല്‍ ഏകീകൃതമെന്ന് തോന്നുമായിരുന്നെങ്കിലും യഥാര്‍ത്ഥത്തില്‍ സഭാഗാത്രം ഭിന്നിക്കപ്പെടുകയാണ് ചെയ്തത്. സഭയുടെ ക്രമപാലനത്തില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ജോണ്‍ പോളിന്റെ ഭരണകാലത്ത് ലക്ഷക്കണക്കിന്‌ വിശ്വാസികള്‍ സഭവിട്ടുപോയി.

എണ്‍പത്തിനാലാം വയസ്സില്‍ മരിച്ച ഈ പാപ്പ ലോകരെ വിസ്മയിപ്പിക്കുന്ന ചരിത്ര വിജയഗാഥയുടെ ഉടമയായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ലോകനേതാക്കളില്‍ അത്യുന്നതനായിരുന്ന ഇദ്ദേഹം സഭയെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പൂമുഖത്തേയ്ക്ക് ആനയിച്ചപ്പോള്‍ സ്ഥാപിതസഭകളെല്ലാം വംശനാശത്തിലേക്ക് വഴുതിവീണുകൊണ്ടിരിക്കുന്ന കാലഘട്ടമായിരുന്നു. പാര്‍ക്കിന്സണ്‍സ് അസുഖംമൂലം ദീര്‍ഘകാലം പ്രവര്‍ത്തനരഹിതനായിരുന്നെങ്കിലും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം സഭയെ പുനര്‍ജ്ജീവിപ്പിക്കാന്‍ കഴിഞ്ഞു. ജോണ്‍ പോളിന്‍റെ ധാര്‍മ്മികനേതൃത്വം യൂറോപ്യന്‍ കമ്മൂണിസത്തിന്റെ തകര്‍ച്ചക്ക് കാരണമായി. അദ്ദേഹത്തിന്റെ നിരന്തരമായ ലോകപര്യടനങ്ങള്‍ക്ക് (6,90,000 മൈല്‍, 104 പര്യടനങ്ങള്‍, 129 രാജ്യങ്ങള്‍) അതിഗംഭീരമായ മാധ്യമ റിപ്പോര്‍ട്ടുകളാണ് ലഭിച്ചുകൊണ്ടിരുന്നത്. ഒരുകാലത്ത് സി.എന്‍.എന്‍.പിറന്നതുതന്നെ ജോണ്‍ പോളിന് വേണ്ടിയാണോയെന്ന് തോന്നിപ്പോകുമായിരുന്നു. ലോകത്തിലെ സൂപ്പര്‍ സ്റേഡിയങ്ങളിലെല്ലാംതന്നെ റോളിഗ് സ്റോന്‍ കണ്‍സര്‍ട്ടാണോ എന്ന് സംശയിക്കുന്ന രീതിയിലുള്ള അതിവിപുലമായ യൂത്ത് റാലികള്‍ സംഘടിപ്പിച്ച് ക്രിസ്തുസന്ദേശപ്രഘോഷണങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു.

യഹൂദരും ക്രിസ്ത്യാനികളും തമ്മിലുണ്ടായിരുന്ന നിത്യശത്രുതക്ക് അന്ത്യം എന്നവണ്ണം സ്വന്തം കൈപ്പടയില്‍ അനുതാപവാക്കുകള്‍ എഴുതിയ കടലാസ് വെസ്റ്റേണ്‍ വാളില്‍ വെച്ചതും 2001-ല്‍ ഒരു പോപ്പ് ആദ്യമായി ഒരു മോസ്ക്കില്‍ കയറിയതുമെല്ലാം ലോകജനതയുടെ മുമ്പില്‍ മനോഹരമായ പ്രതീകങ്ങളായിരുന്നു. റോമന്‍ കൂരിയാകളുടെ എതിര്‍പ്പിനെ വകവയ്ക്കാതെ അസ്സീസ്സിയില്‍ മതനേതാക്കളുടെ അസംബ്ലിയില്‍ മൂന്നുപ്രാവശ്യം അദ്ദേഹം പങ്കെടുത്തു. ഏതന്‍സില്‍ വെച്ച് കത്തോലിക്കാസഭ ഓര്‍ത്തഡോക്സ് സഭയോട് ചെയ്ത തെറ്റിന് ഖേദം പ്രകടിപ്പിച്ചു. സഭ മുന്‍കാലങ്ങളില്‍ ചെയ്തുകൂട്ടിയ തെറ്റുകള്‍ക്ക് ജോണ്‍ പോള്‍ പരസ്യമായി മാപ്പ് യാചിക്കുകയുണ്ടായി. പോപ്പുചെയ്ത ഇക്കാര്യങ്ങളൊന്നും നിസ്സാരങ്ങളായിരുന്നില്ല.

യുവാവായിരുന്നപ്പോള്‍ സുന്ദരനായിരുന്ന ഈ പോളിഷുകാരന്‍ പാപ്പായെ രോഗവും വാര്‍ദ്ധക്യവും ബാധിച്ചപ്പോഴും ജനങ്ങള്‍ക്കദ്ദേഹത്തെ സുന്ദരനായേ കാണാന്‍ കഴിഞ്ഞൊള്ളു. ആധ്യാത്മികതയും, ആര്‍ജ്ജവവും, സര്‍ഗ്ഗശക്തിയും ഒത്തിണങ്ങിയ ജോണ്‍ പോള്‍ വലിയ പദ്ധതികളുടെ ഉടമയായിരുന്നു. തന്‍റെ പൊന്‍റ്റിഫിക്കേറ്റ് ദൈവദത്തമാണന്നും ദൈവനിയന്ത്രണത്തിലാണന്നും അദ്ദേഹം ദൃഡമായി വിശ്വസിച്ചിരുന്നു. അതിന്‍റെ തെളിവായിട്ടാണ്‌ ഫാത്തിമാമാതാവിന്‍റെ തിരുനാള്‍ ദിനമായ മെയ് പതിമ്മൂന്നാം തീയതി അദ്ദേഹത്തെ വധിക്കുന്നതിനായി നിറ ഒഴിച്ചപ്പോള്‍ വെടിയുണ്ടയുടെ പ്രയാണപാത മറിയം മാറ്റിക്കളഞ്ഞെന്ന് അദ്ദേഹം വിശ്വസിച്ചത്.

രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ സഭയെ അധ:പതനത്തിലേക്ക് നയിച്ചെന്ന് ജോണ്‍ പോള്‍ വിശ്വസിച്ചു. അതിനാല്‍ സഭയില്‍ ക്രമപാലനം ആവശ്യമെന്ന് അദ്ദേഹം കരുതി. 1981-ല്‍ ഈശോസഭയ്ക്ക് പുതിയ സാരഥികളെ അടില്ച്ചേല്പിച്ചു. 1983-ല്‍ പാശ്ചാത്യസഭയ്ക്ക് പുതുക്കിയ കാനോന്‍ നിയമ സംഹിതയും 1991- ല്‍ പൌരസ്ത്യസഭകള്‍ക്ക് പുതിയ കാനോന്‍ നിയമ സമുശ്ചായവും 1995- ല്‍ കത്തോലിക്കാസഭയുടെ വേദപാഠവും 1997-ല്‍ ക്ലേര്‍ജിയും അല്മായരും തമ്മില്‍ വളരെ വ്യക്തമായ അതിരുകള്‍ കല്പ്പിച്ചുള്ള പ്രമാണരേഖയും പ്രസിദ്ധീകരിക്കുകയുണ്ടായി. സഭാഭരണത്തില്‍ കര്‍ശനമായ ഹയരാര്‍ക്കിയന്‍ സംവിധാനം മാപ്പപേക്ഷകൂടാതെതന്നെ അദ്ദേഹം നടപ്പിലാക്കി. റോം കല്പ്പിക്കുമ്പോള്‍ ആഗോള കത്തോലിക്കാസഭ അനുസരിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. അനുദിന കാര്യങ്ങള്‍ റോമന്‍ കൂരിയാകള്‍ക്ക് വിട്ടുകൊടുക്കുന്ന അദ്ദേഹത്തിന്റെ ഭരണശൈലി ഉദ്യോഗസ്ഥാധിപത്യത്തെ വളര്‍ത്താന്‍ കാരണമായി. തന്മൂലം രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ വിഭാവനം ചെയ്ത പള്ളിഭരണം ഇടവക/രൂപത തലത്തില്‍ എന്ന ആശയത്തെ തമസ്ക്കരിച്ച് വത്തിക്കാനെ കേന്ദ്രീകരിച്ചുള്ള ഭരണസമ്പ്രദായം നടപ്പിലാക്കി. മെത്രാന്മാരുടെ നിയമനത്തില്‍ പോപ്പിന്റെ ശ്രദ്ധക്കുറവ് വളരെ പ്രകടമായിരുന്നു. തന്മൂലം ഇടയനടുത്ത മനോഭാവമുള്ള മെത്രാന്മാരുടെ നിയമനം വളരെ വിരളമായിപ്പോയി. തല്ഫലമായി 2002-ല്‍ യൂറോപ്പിലും, വടക്കേ അമേരിക്കയിലും, ആസ്ട്രേലിയായിലും മറ്റും നടമാടിയ വൈദീകരുടേയും മെത്രാന്മാരുടേയും ആയിരക്കണക്കിനുള്ള ബാലപീഠനകേസ്സുകള്‍ കൊണ്ട് ജോണ്‍ പോളിന്‍റെ പേപ്പസ്സിയെ എന്നെന്നേയ്ക്കുമായി കരിവാരിത്തേച്ചു. കണ്ടിട്ടും കണ്ടില്ലന്നു നടിച്ച, കേട്ടിട്ടും കേട്ടില്ലന്നു നടിച്ച മെത്രാന്മാരും കര്‍ദ്ദിനാളന്മാരുമാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ ഭരണകാലത്ത് സംഭവിച്ച ഈ പേക്കൂത്തിനു കാരണം. മായിച്ചുകളയാന്‍ സാധിക്കാത്ത ഒരു ദുരന്തമായിരുന്നു അത്. ജോണ്‍ പോള്‍ മരിക്കുമ്പോള്‍ 80 വയസ്സില്‍ താഴ്ന്ന കര്‍ദ്ദിനാളന്മാരില്‍ മൂന്നുപേരൊഴിച്ച് മറ്റെല്ലാവരും അദ്ദേഹത്താല്‍ നിയമിക്കപ്പെട്ടവരായിരുന്നു.

ജോണ്‍ പോള്‍ ശുഭാപ്തി വിശ്വാസി ആയിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് സുവിശേഷവല്ക്കരണത്തിന്‍റെ വസന്തകാലമാണന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ചിന്താക്കുഴപ്പത്തിനും ഭിന്നാഭിപ്രായത്തിനും കടിഞ്ഞാണിട്ടാലെ യഥാര്‍ത്ഥ സുവിശേഷവല്ക്കരണം സംഭവിക്കുവെന്നദ്ദേഹം കരുതി. വര്‍ദ്ധിച്ചുവരുന്ന മതേതര ചിന്തയ്ക്കും രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ സൃഷ്ടിച്ച നവീകരണേച്ഛയ്ക്കും തടയിടാനാണ് കാനോന്‍ നിയമങ്ങളും കത്തോലിക്കാ വേദപാഠവും പ്രസിദ്ധീകരിച്ചതെന്ന് വ്യക്തമാണ്.

മനുഷ്യാവകാശത്തെപ്പറ്റി വാതോരാതെ പ്രസംഗിച്ചിരുന്ന ഈ പോപ്പ് സ്വന്തം സഭയില്‍ സോവിയറ്റ് യൂണിയനിലെ ഭരണസമ്പ്രദായംപോലെ ഏകാധിപതിയായിരുന്നു. അദ്ദേഹം ഒരുപറ്റം ദൈവശാസ്ത്രജ്ഞരെ ശിക്ഷാനടപടികള്‍ക്ക് വിധേയരാക്കി. ചിലരെ മഹറോന്‍ ശിക്ഷയില്‍ പെടുത്തുകയും ചെയ്തു. റോമിനോടുള്ള നീരുപാധിക വിധേയത്വം ജോണ്‍ പോളിന്റെ ഭരണകാലത്ത് നടപ്പിലാക്കി. ലിബറേഷന്‍ തിയോളജിയുമായി വന്നവരുടെ വായടപ്പിച്ചു. ജോണ്‍ പോളിന്‍റെ ഇരുമ്പുമുഷ്ട്ടിയോടെയുള്ള ഭരണ സമ്പ്രദായവും നിരന്തരമായ ലോകപര്യടനങ്ങളും മറ്റു മെത്രാന്മാരെ നിഷ്ഭ്രാമമാക്കികളഞ്ഞു. അവര്‍ വെറും തിലകം ചാര്‍ത്തിയ അള്‍ത്താരബാലന്മാരെപ്പോലെയായിപ്പോയി. സഭയിലെ മെത്രാന്മാരുടെ കൂട്ടുത്തരവാദിത്വഭരണം (collegiality) വാക്കാല്‍ മാത്രമായി അവശേഷിച്ചു. ലക്ഷക്കണക്കിന്‌ വിശ്വാസികള്‍ ജോണ്‍ പോളിനെ അറിയുകയും വ്യക്തിപരമായി ബഹുമാനിക്കുകയും ചെയ്തിരുന്നെങ്കിലും സ്വന്തം രൂപതയിലെ മെത്രാനെ തിരിച്ചറിയാന്‍ സാധിക്കാത്ത ഗതികേടിലെക്ക് സഭ വഴുതിപ്പോയി.

അഗാധപണ്ഡിതനും ബുദ്ധിമാനുമായ ജോണ്‍ പോള്‍ 1920 മെയ്‌ പതിനെട്ടാം തീയതി പോളണ്ടിലെ വാടോവിസ് (Wadowice) എന്ന സ്ഥലത്ത് ജനിച്ചു. പ്രസിദ്ധമായ ക്രാക്കോ (Krakow) -ല്‍ നിന്നും വെറും 30 മൈല്‍ മാത്രം ദൂരം. കരോള്‍ വോജ്റ്റില (Karol Wojtyla) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്‍റെ ചെറുപ്പകാലകൂട്ടുകാര്‍ യഹൂദരും കത്തോലിക്കരും ആയിരുന്നു. 1946 നവംബര്‍ ഒന്നാംതീയതി വൈദീകപട്ടം സ്വീകരിച്ചു. മുപ്പത്തിയേഴാം വയസ്സില്‍ മെത്രാനും നല്പ്പത്തിമുന്നാം വയസ്സില്‍ മെത്രാപ്പോലീത്തായും നല്പ്പത്തിയാറാം വയസ്സില്‍ കര്‍ദ്ദിനാളും അന്‍പത്തിയെട്ടാം വയസ്സില്‍ മാർപ്പാപ്പയുമായി. ഒരു ആര്‍മി ഓഫീസറുടെ മകനായി ജനിച്ച ജോണ്‍ പോള്‍ ഒരു യഥാര്‍ത്ഥ പോളീഷുകാരന്‍റെ ഹൃദയത്തിന്‍റെ ഉടമയായിരുന്നു. നല്ല കായികാഭ്യാസിയും നടനുമായിരുന്ന ഇദ്ദേഹം നാസിപോളണ്ടില്‍ ജീവഭയത്തോടെ വളര്‍ന്നുവന്നു . ജോണ്‍ പോളിന്‍റെ അച്ചടക്കപൂര്‍ണമായ സ്വഭാവഗുണം ചെറുപ്പകാലത്തിലെ നിരന്തരമായ ഈ ജീവഭയമായിരിക്കാം. സമഗ്രാധിപത്യ സ്ഥിതിസമത്വവാദത്തെയും സോഷ്യലിസത്തെയും കമ്മൂണിസത്തെയും ജോണ്‍ പോള്‍ സമൂലം എതിര്‍ത്തപ്പോള്‍ താന്‍ തലവനായിരിക്കുന്ന സഭയില്‍ അദ്ദേഹം ഏകാധിപതിയായിരുന്നു. സമകാലികരാഷ്ട്രീയത്തിലും സാമ്പത്തീകകാര്യങ്ങളിലും സാമൂഹികവിഷയങ്ങളിലും തത്ത്വചിന്തയിലുമെല്ലാം അദ്ദേഹത്തിന് ഹൃദയഹാരിയായ ഗ്രഹനമുണ്ടായിരുന്നു. പോളണ്ടിലെ ട്രേയ്ഡ് യൂണിയനായ സോളിഡാരിറ്റിയുടെ സഹായത്തോടെ പോളണ്ടിലെ കമ്മൂണിസ്റ്റ് പാര്‍ട്ടിയുടെ പിടിമുറുക്കം അവസാനിപ്പിച്ചു. തീയില്‍ കുരുത്ത ഒരാളാണ് ജോണ്‍ പോള്‍. അതിനാല്‍തന്നെ വഴങ്ങാത്ത ഹൃദയവും സ്വാതന്ത്രേച്ഛയുടെ ഉടമയുമായി അദ്ദേഹം സ്വയം രൂപാന്തരപ്പെട്ടു.

പോളണ്ടിലെ കമ്മ്യൂണിസ്റ്റു ഭരണകാലത്ത് റോമില്‍പോയി ഉപരിപഠനം നടത്താന്‍ ജോണ്‍ പോളിന് ഭാഗ്യവശാല്‍ അനുവാദം ലഭിച്ചു. ഡോക്ട്രേറ്റിനുള്ള അദ്ദേഹത്തിന്റെ പ്രബന്ധം സാമ്പത്തീക ബുദ്ധിമുട്ടുകള്‍ കാരണം പ്രസിദ്ധീകരിക്കാന്‍ സാധിക്കാതെ പോയി. അക്കാരണത്താല്‍ അദ്ദേഹം പഠിച്ചിരുന്ന റോമിലെ അന്ജേലികും യൂണിവേഴ്സിറ്റി (Angelicum University) അദ്ദേഹത്തിന് ഡോക്ട്രേറ്റ് നിഷേധിച്ചു. പിന്നീടദ്ദേഹം പോളണ്ടിലെ കാത്തലിക് യൂണിവേഴ്സിറ്റിയില്‍ൽനിന്നും ആസ്തിത്വവാദത്തിലും (existentialism) പ്രതിഭാസശാസ്ത്രത്തിലും (phenomenology) ഡോക്ട്രേറ്റ് നേടുകയുണ്ടായി.

കൃത്രിമജനനനിയന്ത്രണത്തെ വിലക്കിക്കൊണ്ടുള്ള പോള്‍ ആറാമന്‍ മാര്‍പ്പാപ്പയുടെ കുപ്രസിദ്ധ ചാക്രികലേഖനമായ ഹുമാനെ വീത്തെയെ (Humanae Vitae) ജോണ്‍ പോള്‍ രണ്ടാമന്‍ സര്‍വാത്മനാ അംഗീകരിച്ച് പൂര്‍ണമായി പിന്താങ്ങി. ജനനനിയന്ത്രണ പഠനകമ്മിഷണിലെ അംഗമായിരുന്ന ജോണ്‍ പോള്‍ അതിന്‍റെ ഒരു യോഗത്തില്‍പോലും പങ്കെടുത്തില്ല. ജോണ്‍ പോളാണോ ഹുമാനെ വീത്തെയുടെ രചയിതാവ് എന്നുവരെ ചരിത്രകാരന്മാര്‍ സംശയിക്കുന്നുണ്ട്. ജോണ്‍ പോള്‍ ഒരു യാഥാസ്ഥിതികനായിരുന്നു. എന്നിരുന്നാലും മനുഷലൈംഗീകത ദൈവദാനമാണന്നും ലൈംഗീകപാരമ്യം സ്ത്രീപുരുഷബന്ധത്തില്‍ അധിഷ്ടിതമാണന്നും അദ്ദേഹം വിശ്വസിക്കുകയും തന്‍റെ പൊതുസന്ദര്‍ശനവേളകളില്‍ ഇക്കാര്യം ഊന്നിപ്പറയുകയും ചെയ്യുമായിരുന്നു.

ലത്തീന്‍ ഭാഷ നല്ല വശമുണ്ടായിരുന്ന കര്‍ദ്ദിനാള്‍ വോജ്റ്റില രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിലെ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തിരുന്നു. അദ്ദേഹം ‘സഭ ആധുനിക ലോകത്തില്‍’ എന്ന പ്രമാണരേഖ തയ്യാറാക്കിയ കമ്മറ്റിയിലെ അംഗമായിരുന്നു. വത്തിക്കാന്‍ പ്രമാദമായ സാമ്പത്തിക അഴിമതിയുടെ ഉച്ചകോടിയിലെത്തിയ അവസരത്തിലാണ് ജോണ്‍ പോള്‍ രണ്ടാമനെ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കുന്നത്. അദ്ദേഹം കാര്യമായ നടപടികളൊന്നും ഇക്കാര്യത്തില്‍ സ്വീകരിച്ചില്ല. 25 കോടി ഡോളര്‍ ബന്ധപ്പെട്ടെ ബാങ്കിന് (Branco Ambrosiano) നഷ്ടപരിഹാരം നല്കിക്കൊണ്ട് കോടതിക്കേസില്‍നിന്നും വത്തിക്കാന്‍ രക്ഷപെടുകയാണ് ചെയ്തത്. ജോണ്‍ പോള്‍ സാമ്പത്തിക അഴിമതികള്‍ നടത്തിയ ക്ലെര്‍ജികളെ സംരക്ഷിക്കുകയും ബാലപീഡനത്തിനു കൂട്ടുനിന്ന കര്‍ദ്ദിനാളിന് (Cardinal Bernard Law) വത്തിക്കാനില്‍ അഭയം നല്കുകയുമാണ് ചെയ്തത്.

2011- ല്‍ ഞാനെഴുതി പ്രസിദ്ധികരിച്ച ‘മതാധിപത്യം കത്തോലിക്കാസഭയില്‍’ എന്ന പുസ്തകത്തിലെ ഒരുഭാഗം ഉദ്ധരിച്ചുകൊണ്ട് അവസാനിപ്പിക്കട്ടെ: “പോപ്പുമാരിലെ പ്രിന്‍സസ് ഡയാനയായിരുന്ന ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയെ വിമര്‍ശന നിരൂപണം ചെയ്താല്‍ അദ്ദേഹത്തെ തെളിവില്ലാത്ത സ്വാഭിപ്രായത്തിന്‍റെ (dogmatism) വക്താവ്, ഇടുങ്ങിയ മനസ്ഥിതിക്കാരന്ന് (narrow mindedness), മര്‍ക്കടമുഷ്ടിക്കാരന്‍, എയ്ഡ്സ് (AIDS) രോഗം പകരാതിരിക്കാന്‍പോലും ദമ്പതികള്‍ കോണ്‍ഡം ഉപയോഗിക്കാന്‍ അനുവദിക്കാത്തയാള്‍, അള്‍ത്താരബാലന്മാരെ പീഡിപ്പിച്ച വൈദീകരുടെ സംരക്ഷകന്‍, മേത്രാന്മാരുമായി സൌഹൃദസഖ്യത്തിന് കൂട്ടാക്കാത്തയാള്‍, റോമന്‍ കൂരിയാകളുടെ അധികാരം വര്‍ദ്ധിപ്പിച്ചയാള്‍ , ലിബറേഷന്‍ തിയോളജിയുമായി രംഗത്തുവന്നവര്‍ക്ക് കര്‍ശനമായി ശിക്ഷ നല്കിയ ആള്‍, റിക്കോര്‍ഡ് സൃഷ്ടിച്ച 104 ലോക പര്യടനങ്ങള്‍ (തീര്‍ഥാടനങ്ങള്‍?) നടത്തി കോടികള്‍ ചിലവഴിച്ചയാള്‍, 482 ആത്മാക്കളെ വിശുദ്ധരായി പ്രഖ്യാപിച്ച് റിക്കാര്‍ഡ് സൃഷ്ടിച്ചയാള്‍ എന്നൊക്കെയായിരിക്കും സഭാപണ്ഡിതന്മാര്‍ വിലയിരുത്തുന്നത്. ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് ഈ പരിശുദ്ധപിതാവ് ഒരു റോള്‍ മോഡല്‍ (role model) ആണോ?”

അനുചിന്തനം

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ തന്‍റെ 26 വര്‍ഷത്തെ ഭരണകാലത്ത് 482 ആത്മാക്കളെ വിശുദ്ധരും 1340 ആത്മാക്കളെ ധന്യരുമായി പ്രഖ്യാപിച്ചു. ജോണ്‍ പോള്‍ മരിച്ച് ഒന്‍പത് വര്‍ഷം കഴിഞ്ഞപ്പോള്‍ സകല കീഴ്‌വഴക്കങ്ങളേയും മറികടന്ന് ഇന്നിതാ അദ്ദേഹത്തെയും വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുന്നു! ദൈവജനം മുഴുവന്‍ വിശുദ്ധരായിരിക്കെ ചിലരെമാത്രം വിശുദ്ധരായി പ്രഖ്യാപിക്കുന്നത് കാലഹരണപ്പെട്ട നടപടിയാണ്. ആദിമസഭയില്‍ വിശ്വാസത്തെപ്രതി വിശുദ്ധ പൊലിക്കാര്‍പ്പിനെപ്പോലുള്ള രക്തസാക്ഷികള്‍ വീരമരണം വരിച്ചിരുന്നു. അവരെ ദൈവജനം പ്രത്യേക വിശുദ്ധരായി കണ്ടിരുന്നു. എന്നാല്‍ ഇന്ന് വിശുദ്ധരോടുള്ള വിശ്വാസികളുടെ വണക്കത്തിന്‍റെ ഉപോത്പന്നം (byproduct ) സാമ്പത്തിക ആദായമാണന്ന് മനസ്സിലാക്കിയ സഭാധികാരികള്‍ വിശുദ്ധരെ സൃഷ്ടിക്കുന്നതില്‍ ഉത്സുകരായിരിക്കയാണ്. അപലപനീയമായ ഒരു വഴക്കമാണിത്. ഫ്രാന്‍സിസ് പാപ്പായും ഈ വഴിയെ നീങ്ങുന്നത് സങ്കടകരം തന്നെ.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment