ലോക സിനിമയില്‍ മലയാളത്തിന്റെ കീര്‍ത്തി വാനോളം ഉയര്‍ത്തിയ ചെമ്മീനിന്റെ രുചി അതേ പോലെ ലോക പ്രേക്ഷകരിലേക്ക് പകര്‍ന്നതിന് പിന്നില്‍ ഒരു ഘടകം കൂടിയുണ്ടായിരുന്നു. പരീക്കുട്ടിയും കറുത്തമ്മയും മലയാളം പറയുമ്പോള്‍ സ്ക്രീനില്‍ തെളിയുന്ന ഇംഗ്ലീഷ് സബ്ടൈറ്റിലുകള്‍. മാനസ മൈനേ വരൂ എന്ന മനോഹര ഗാനത്തിന്റെ ഇംഗ്ലീഷ് പ്രയോഗം കാണുമ്പോള്‍ ചെറിയൊരു ചിരി വിടരുമെങ്കിലും അന്യഭാഷാ പ്രേക്ഷകര്‍ക്ക് ഇതൊരു ഭാഷാ സഹായിയായിരുന്നു.
ഇതേ പോലെ ലോക സിനിമകള്‍ മലയാളം ഉപശീര്‍ഷകങ്ങളോടെ വന്നിരുന്നെങ്കില്‍ ചിലപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാകില്ലേ. നമ്മള് മനസില്‍ ചിന്തിക്കുമ്പോഴേ മാനത്ത് കാണുന്ന ആ ടീമുകള്‍ ഇല്ലേ..അവര്‍ തന്നെ ഈ ഫേസ്ബുക്കിലെ ബഡ്ഡികള്‍, അവര്‍ ഇക്കാര്യം രണ്ട് വര്‍ഷം മുന്‍പേ തന്നെ ചിന്തിച്ച് പ്രാവര്ത്തികമാക്കിക്കളഞ്ഞു. ഫേസ്ബുക്ക് കൂട്ടായ്മായ എംസോണിലെ മിടുക്കന്മാര്. മലയാളം സബ് ടൈറ്റില്‍സ് ഫോര്‍ എവരിവണ്‍ എന്നതിന്റെ ചുരുക്കപ്പേരാണ് എം സോണ്‍.
രണ്ട് വര്‍ഷത്തിനുള്ളില്‍ ഡോക്യുമെന്ററികള്‍ ഉള്‍പ്പെടെ അമ്പതോളം ചിത്രങ്ങള്‍ക്ക് സ്ക്രീനില്‍ മലയാളം പകര്‍ന്നു നല്കി എം സോണുകാര്. എം ടെക് വിദ്യാര്‍ഥിയായ പാലക്കാട് സ്വദേശി ശ്രീജിത്ത്, കളമശ്ശേരി അപ്പോളോ ടയേഴ്സില്‍ ഉദ്യോഗസ്ഥനായ പ്രമോദ്, ഗോകുല്‍ ദിനേശ് എന്നിവര്‍ ചേര്‍ന്നാണ് എം സോണിന്റെ ആദ്യ മലയാളം സബ് ടൈറ്റില്‍ ചിത്രം പുറത്തിറക്കുന്നത്.
ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ ആയിരുന്നു ചിത്രം. തുടര്‍ന്ന് അതിനായി ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് തുടങ്ങുകയും ചെയ്തു. എം സോണ്‍ ഫേസ്ബുക്ക് കൂട്ടായ്മയില്‍ അംഗമാകുന്ന ആര്‍ക്കും ഇവരുടെ പരിഭാഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാം. https://www.facebook.com/groups/MSONEsubs/ എന്ന പേജ് സന്ദര്‍ശിച്ചാല്‍ മതി. എങ്ങിനെ പരിഭാഷപ്പെടുത്താം, വിവര്‍ത്തനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും എം സോണുകാര് നല്‍കും. http://www.malayalamsubtitles.com/ എന്ന സൈറ്റില്‍ എം സോണിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ്.
ഷോശാനക് റിഡമ്പഷന്, ദി ഗോഡ്ഫാദര് പാര്‍ട്ട്2, റണ്‍ ലോല റണ്‍, ഇന്സെപ്ഷന്, ടേസ്റ്റ് ഓഫ് ചെറി തുടങ്ങിയവ പരിഭാഷപ്പെടുത്തിയ ചിലതാണ്. സത്യജിത് റായുടെ പാഥേര്‍ പാഞ്ചാലിയും എംസോണുകാര് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു കഴിഞ്ഞു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news