തിരുവനന്തപുരം: പത്തനംതിട്ട മണ്ഡലത്തില്‍ പി.സി.ജോര്‍ജ് വോട്ട് മറിച്ചെന്ന ആരോപണം വിശ്വസിക്കുന്നില്ലന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. താന്‍ പത്തനംതിട്ടയില്‍ പ്രചാരണത്തിന് ചെന്നപ്പോള്‍ പി.സി. ജോര്‍ജ് ഉണ്ടായിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ 72000 വോട്ട് കൂടുതല്‍ പോള്‍ ചെയ്തിട്ടുണ്ട്. ഒരു ശതമാനത്തോളം പോളിങ് ഉയര്‍ന്നു.
എല്ലാ നേതാക്കളെയും ബന്ധപ്പെട്ട പോലെ ജോര്‍ജിനെയും വിളിച്ചു. താന്‍ പോകുന്നിടത്തെല്ലാം യു.ഡി.എഫ് എം.എല്‍.എമാരെ പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ ശ്രദ്ധിച്ചിരുന്നു. ജോര്‍ജ് പൂഞ്ഞാറില്‍ മാത്രമല്ല പത്തനംതിട്ടയിലെ മറ്റ് സ്ഥലങ്ങളിലും എത്തി. കോട്ടയത്ത് ജോര്‍ജിന് വിലക്കില്ലന്നും അദ്ദേഹം മറുപടി നല്കി. ജോര്‍ജ് എതിര്‍സ്ഥാനാര്‍ഥിക്കു വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്ന ആന്‍േറാ ആന്റണിയുടെ പ്രസ്താവന ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അദ്ദേഹം അങ്ങനെ പറഞ്ഞെങ്കില്‍ ഏത് സാഹചര്യത്തില്‍ എന്നറിയില്ലന്നായിരുന്നു പ്രതികരണം.
തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് യു.ഡി.എഫിന് തികഞ്ഞ ആത്മവിശ്വാസമുണ്ട്. പ്രചാരണരംഗത്ത് ആദ്യവസാനം ഒരേ ട്രെന്‍ഡായിരുന്നു. വേണ്ടത്ര വിജയമുണ്ടാകാത്ത മുഖ്യമന്ത്രിമാരെ മാറ്റുമെന്ന് ഹൈകമാന്‍ഡ് കത്തയച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ താനും പത്രത്തില്‍ വായിച്ചെന്നായിരുന്നു മറുപടി.
മന്ത്രിസഭയില്‍ മാറ്റം വരുമെന്നാണ് താന്‍ പറഞ്ഞത്. പുനഃസംഘടന സംബന്ധിച്ച് പാര്‍ട്ടി നേതൃത്വത്തിനും തനിക്കും രണ്ടഭിപ്രായമില്ല. കോണ്‍ഗ്രസിലെയും യു.ഡി.എഫിലെയും ചര്‍ച്ചയുടെയും ഹൈകമാന്‍ഡിന്‍െറ അനുമതിയോടെയും മാത്രമേ ഇത് നടപ്പാകൂ. 20 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സംവിധാനം നല്ല നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ബി.ജെ.പി ധാരണ ഉണ്ടായെന്ന എം.എ. ബേബിയുടെ ആരോപണം മുന്‍കൂര്‍ ജാമ്യം എടുക്കലാണ്. ഇന്ത്യയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ നേര്‍ക്കുനേര്‍ മത്സരമാണ്. കോണ്‍ഗ്രസിന്‍െറ സീറ്റ് കുറയ്ക്കലിനാണ് ബി.ജെ.പി താല്പര്യപ്പെടുന്നത്.
ബാറുമായി ബന്ധപ്പെട്ട നടപടികള്‍ കോടതിയിലെ കേസിന്‍െറ അടിസ്ഥാനത്തിലാണ്. പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്ങിനെ വിലയിടിച്ചു കാട്ടാനുള്ള ശ്രമം നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തെക്കുറിച്ച് വന്ന പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ക്ക് അടിസ്ഥാനമില്ല. കേരളത്തിന് പ്രധാനമന്ത്രിയോട് വലിയ കടപ്പാടുണ്ട്. മലയാള ഭാഷക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്നതില്‍ നിര്‍ണായകപങ്ക് വഹിച്ചത് അദ്ദേഹമാണ്. 70000 കോടിയുടെ സഹായം പത്ത് വര്‍ഷം കൊണ്ട് കേരളത്തിന് ലഭിച്ചു. പ്രധാനമന്ത്രിയെക്കുറിച്ച പി.സി. ചാക്കോയുടെ പരാമര്‍ശം പ്രധാനമന്ത്രിക്ക് എതിരല്ല. മന്മോഹന് സിങ്ങിന്‍െറ നേട്ടം ജനമധ്യത്തില്‍ എത്തിക്കുന്നതില്‍ വിജയിച്ചില്ലന്നാണ് ചാക്കോ പറഞ്ഞത്.