പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നടക്കുന്നത് തീവെട്ടിക്കൊള്ളയെന്ന് അമിക്കസ് ക്യൂറി

sri patmanabhaതിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്നു ലക്ഷക്കണക്കിനു രൂപയുടെ സ്വര്‍ണ ഉരുപ്പടികള്‍ പുറത്തേക്കു കടത്തിയതായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. ക്ഷേത്രാവശ്യങ്ങള്‍ക്കെന്നു പറഞ്ഞാണു പൂഴിമണ്ണില്‍ ഒളിപ്പിച്ചും മറ്റും 17 കിലോഗ്രാം സ്വര്‍ണവും വിലപിടിപ്പുള്ള മൂന്നു ശരപ്പൊളിമാലകളും തഞ്ചാവൂര്‍ ജ്വല്ലറിയുടെ സഹായത്തോടെ പുറത്തേക്കു കടത്തിയത്. സ്വര്‍ണപ്പണിക്കുള്ള ചുമതല ജ്വല്ലറി ഉടമയെ ഏല്‍പ്പിച്ചതിന്‍റെ മറവിലായിരുന്നു കടത്ത്. ജ്വല്ലറി ഉടമ രാജുവാണ് തന്നെ ഏല്‍പ്പിച്ച സ്വര്‍ണത്തിന്‍െറ കണക്ക് തുറന്നുപറഞ്ഞത്.

സ്വര്‍ണക്കടത്ത് തടയാന്‍ ശ്രമിക്കുന്നവരെ ഉപദ്രവിച്ചു. ഒരു ജീവനക്കാരന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു. പത്മതീര്‍ത്ഥക്കുളത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തിയത് ദുരൂഹമാണ്. പോലീസ് ഇക്കാര്യം വേണ്ടപോലെ അന്വേഷിച്ചില്ല. സംസ്ഥാനസര്‍ക്കാര്‍ നടപടിയെടുക്കാതിരുന്നതു സമ്മര്‍ദം മൂലമാകാം. കാണിക്കയില്‍ നിക്ഷേപിച്ച സ്വര്‍ണമോതിരം അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കളുടെ കണക്കു പ്രത്യേകം സൂക്ഷിച്ചിട്ടില്ല. എക്സിക്യൂട്ടീവ് ഓഫീസര്‍ ഒറ്റയ്ക്കു ക്ഷേത്രത്തിലെ വരവു-ചെലവുകണക്കു കൈകാര്യം ചെയ്യന്നതില്‍ ന്യൂനതയുണ്ട്. ക്ഷേത്രത്തിലെ ഒന്നാംപണിപ്പുര പരിശോധിച്ചപ്പോള്‍ സ്വര്‍ണപ്പൊട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടു. ഈ മുറിയുടെ താക്കോല്‍ എവിടെയെന്നറിയില്ലെന്നായിരുന്നു ക്ഷേത്രം മുതല്‍പിടിയുടെ മറുപടി. ഒടുവില്‍, പോലീസ് സഹായത്തോടെ പൂട്ടു പൊളിച്ചാണു മുറിയില്‍ കടന്നത്. ദിവസങ്ങള്‍ക്കുമുമ്പ് ഇവിടെ സ്വര്‍ണപ്പണി നടന്നതിന്റെ തെളിവു ലഭിച്ചു. തൊട്ടടുത്ത മുറിയില്‍നിന്നു സ്വര്‍ണപ്പാളികളും കിട്ടി.

പഴവങ്ങാടി ഗിഫ്റ്റ് പാലസ് ഉടമ രാജുവിനെയാണു സ്വര്‍ണപ്പണിയുടെ ഉത്തരവാദിത്വം ഏല്‍പ്പിച്ചിരുന്നതെന്നു കണ്ടെത്തി. പലതവണയായി 17 കിലോ സ്വര്‍ണം കിട്ടിയിട്ടുണ്ടെന്നും അതുപയോഗിച്ചു ക്ഷേത്രത്തിനുള്ളില്‍ത്തന്നെ പണി നടത്തിയെന്നും രാജു പറഞ്ഞു. മുമ്പ് ഒറ്റക്കല്‍മണ്ഡപം സ്വര്‍ണം പൂശിയപ്പോള്‍, തഞ്ചാവൂരില്‍നിന്നുള്ള തൊഴിലാളികള്‍ മണ്ണില്‍ കുഴച്ചു സ്വര്‍ണം ലോറിയില്‍ കൊണ്ടുപോയെന്നു രാജു പറഞ്ഞു. ഇതിനു പ്രായശ്ചിത്തമായി അവര്‍ ഒരു സ്വര്‍ണക്കാണിക്കപ്പെട്ടി ക്ഷേത്രത്തിനു സമര്‍പ്പിച്ചു. ഒറ്റക്കല്‍മണ്ഡപത്തില്‍ 95% ചെമ്പും 5% സ്വര്‍ണവും പൂശാനാണു ക്ഷേത്രഭരണാധികാരിയായിരുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ആവശ്യപ്പെട്ടത്. പട്ടം പാലസിലേക്കു സ്വര്‍ണം കൊണ്ടുപോയിരുന്നു. അതിനു പ്രതിഫലമായി തനിക്കു 10 ലക്ഷം രൂപ കിട്ടിയതായും രാജു പറഞ്ഞു.

രാജകുടുംബം നമ്പിമാരെയും ജീവനക്കാരെയും ഭീഷണിപ്പെടുത്താറുണ്ട്. ക്ഷേത്രത്തിനടുത്തുള്ള കൊട്ടാരങ്ങളിലെ ഭൂഗര്‍ഭ അറകളും തുരങ്കങ്ങളും അമൂല്യസ്വത്തിനു ഗുരുതര സുരക്ഷാഭീഷണി ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തിടെ അന്തരിച്ച ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഉള്‍പ്പെടെയുള്ള രാജകുടുംബത്തെ പ്രതിക്കൂട്ടിലാക്കുന്ന ഒട്ടേറെക്കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. മണലില്‍ കലര്‍ത്തിയ സ്വര്‍ണം തഞ്ചാവൂര്‍ ജ്വല്ലേഴ്‌സിലേക്കാണ് കടത്തിയത്. ജ്വല്ലറിയുടെ വകയായി സ്വര്‍ണക്കാണിക്കപ്പെട്ടി ക്ഷേത്രത്തില്‍ സമര്‍പ്പിച്ചതു കുറ്റബോധം കൊണ്ടായിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷേത്രം കാണിക്കപ്പുരയില്‍ വന്‍ തട്ടിപ്പുകളാണു നടക്കുന്നത്. ഒരു ഷെല്‍ഫിനുള്ളില്‍ സ്വര്‍ണനാണയങ്ങളും സ്വര്‍ണ ബിസ്ക്കറ്റുകളും വിദേശ കറന്‍സികളും കണ്ടെത്തി.

ക്ഷേത്രസമീപത്തെ കൊട്ടാരങ്ങള്‍ പരിശോധിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ തീരുമാനിച്ചിരുന്നു. കൊട്ടാരത്തില്‍നിന്നു ഭൂഗര്‍ഭപാതകളുണ്ടാകാമെന്നായിരുന്നു സംഘത്തിലുള്ള ചരിത്രകാരന്‍ പ്രഫ. ശശിഭൂഷന്റെ അനുമാനം. ഒരു കൊട്ടാരത്തില്‍ ഭൂഗര്‍ഭ അറ കണ്ടെത്തിയെങ്കിലും ഗ്രില്‍ ഉപയോഗിച്ച് അടച്ചിരുന്നു.
താക്കോല്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. തുടര്‍ന്നു രണ്ടുദിവസം കഴിഞ്ഞ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ചു തുറന്നപ്പോള്‍ കണ്ടത് അമ്പരപ്പിക്കുന്ന കാര്യങ്ങളാണ്. അറയില്‍ ഷെല്‍ഫുകള്‍ ഉണ്ടായിരുന്നു. ഇവയുടെ കൈപ്പിടികളാവട്ടെ പുത്തന്‍ സ്റ്റെയിന്‍ലസ് സ്റ്റീല്‍ നിര്‍മിതവും. ഷെല്‍ഫുകളില്‍ നൈട്രജന്റെ സാന്നിധ്യം കണ്ടെത്തി. വിലകൂടിയ ലോഹങ്ങള്‍ നേരത്തേ ഇവിടെ ഉണ്ടായിരുന്നെന്നും പിന്നീടു കടത്തിയെന്നുമാണ് അനുമാനം.

ക്ഷേത്രത്തിലെ വിദഗ്ധസമിതി ഓഫീസില്‍ ശിവസേന ഉപയോഗിക്കുന്ന ഭാഗം ഒഴിപ്പിക്കണം. സുപ്രീം കോടതി ഉദ്യോഗസ്ഥരുടെ ജോലികള്‍ ശിവസേനയോ മറ്റു രാഷ്ട്രീയകക്ഷികളോ തടസപ്പെടുത്തരുത്. ഇവര്‍ക്കു സ്ഥലം അനുവദിച്ച ഉത്രാടം തിരുനാളിന്റെ നടപടി ശരിയായില്ല.

ക്ഷേത്രത്തിലെ ബി നിലവറ തുറക്കരുതെന്നു രാജകുടുംബം സുപ്രീം കോടതിയിലടക്കം ആവശ്യപ്പെടുന്നുണ്ടെങ്കിലും അവര്‍തന്നെ പലതവണ അതു തുറന്നിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി. ബി നിലവറയിലെ ആഭരണങ്ങളുടെ ഫോട്ടോ എടുത്തിട്ടുണ്ട്. ഇതെല്ലാം സ്വകാര്യസ്വത്തായി രാജകുടുംബം കരുതുന്നതിനാല്‍ വ്യാപാരികള്‍ക്കു കൈമാറാനാണു ഫോട്ടോ എടുത്തത്. മൂന്ന് പതിറ്റാണ്ടായി ക്ഷേത്രത്തില്‍ സംഭാവനയായും വഴിപാടായും ലഭിക്കുന്ന സ്വര്‍ണം, വെള്ളി എന്നിവ തിട്ടപ്പെടുത്തിയിട്ടില്ല. സ്വര്‍ണ ലോക്കറ്റ് ഓഡിറ്റ് നടത്താറേയില്ല. ഭൂമി വിറ്റോയെന്നറിയിക്കാന്‍ എല്ലാ സബ് രജിസ്ട്രാര്‍മാര്‍ക്കും നിര്‍ദേശം നല്‍കണം. അന്യാധീനപ്പെട്ട വസ്തുക്കളുടെ വിവരം മൂലം തിരുനാള്‍ രാമവര്‍മ കോടതിയില്‍ സമര്‍പ്പിക്കണം. എ, ബി, സി, ഡി, ജി, എച്ച് നിലവറകളുടെ താക്കോലുകള്‍ തിരുവനന്തപുരം ജില്ലാ ജഡ്ജി സൂക്ഷിക്കണം. വ്യാജതാക്കോല്‍ നിര്‍മിക്കരുതെന്ന് ഉത്തരവിടണം. സുപ്രീം കോടതി ചെലവെന്ന പേരില്‍ 20 ലക്ഷം, 10 ലക്ഷം രൂപ വീതം രണ്ടുവര്‍ഷമായി ക്ഷേത്ര അക്കൗണ്ടില്‍നിന്നു പിന്‍വലിച്ചിട്ടുണ്ട്. പണമിടപാടില്‍നിന്നു ധനലക്ഷ്മി ബാങ്കിനെ മാറ്റി എസ്.ബി.ടിയെ ചുമതലപ്പെടുത്തിയതു തന്നെ അറിയിച്ചിട്ടില്ലെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.

Print Friendly, PDF & Email

Related News

Leave a Comment