Flash News

വര്‍ഗീയതയുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമം, ഇരിങ്ങാലക്കുടയില്‍ കപ്പേളകള്‍ക്കുനേരെ ആക്രമണം

April 28, 2014 , സ്വന്തം ലേഖകന്‍

church attack

ഇരിങ്ങാലക്കുട: ക്ഷേത്രത്തിന്‍െറ വഴിയിലൂടെ വര്‍ഷങ്ങളായി പോയിരുന്ന പള്ളിയുടെ അമ്പുതിരുനാള്‍ പ്രദക്ഷിണം തടഞ്ഞ് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇരിങ്ങാലക്കുട മേഖലയില്‍ ഞായറാഴ്ച രാത്രി നിരവധി കപ്പേളകള്‍ ആക്രമിക്കപ്പെട്ടു. തൃശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച ഹിന്ദു ഐക്യവേദി ഹര്‍ത്താല്‍ ആചരിക്കും.

മൂര്‍ക്കനാട് ആലുംപറമ്പ് ക്ഷേത്രത്തിന്‍െറ വഴിയിലൂടെ പോയ മൂര്‍ക്കനാട് സെന്‍റ് ആന്‍റണീസ് പള്ളിയിലെ അമ്പ് പ്രദക്ഷിണം ഹിന്ദു ഐക്യവേദി, വിശ്വഹിന്ദു പരിഷത്ത്, ആര്‍.എസ്.എസ് സംഘടനകളുടെ നേതൃത്വത്തില്‍ തടഞ്ഞതാണ് സംഘര്‍ഷമുണ്ടാക്കിയത്.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍െറ കീഴിലുള്ളതാണ് മൂര്‍ക്കനാട് ശിവക്ഷേത്രം. വര്‍ഷങ്ങളായി മൂര്‍ക്കനാട് സെന്‍റ് ആന്‍റണീസ് പള്ളി തിരുനാള്‍ ആഘോഷങ്ങളിലും പരിപാടികളിലും ആലുംപറമ്പ് ഭഗവതി ക്ഷേത്രം ഭരണസമിതിയും പ്രദേശവാസികളും സജീവമായിരുന്നു. മൂര്‍ക്കനാട് ക്ഷേത്രത്തിലെ പൂരവും സെന്‍റ് ആന്‍റണീസ് പള്ളി തിരുനാളും മതവിശ്വാസങ്ങള്‍ക്കപ്പുറത്ത് സൗഹാര്‍ദത്തോടെയാണ് വര്‍ഷങ്ങളായി നടന്നിരുന്നത്. രണ്ട് ആഘോഷങ്ങളിലും ഇരുകൂട്ടരും സംഘാടകരുമായിരുന്നു. വര്‍ഷങ്ങളായുള്ള കൂട്ടായ്മയാണ് ഒരു ദിവസം കൊണ്ട് ഇല്ലാതായത്. മുന്‍ വര്‍ഷങ്ങളിലേത് പോലെ തിരുനാള്‍ പ്രദക്ഷിണത്തിന് സ്ഥലം അനുവദിക്കണമെന്ന അപേക്ഷയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ക്ഷേത്രാചാരങ്ങള്‍ക്ക് ദോഷകരമല്ലാത്ത വിധത്തിലും പൊഞ്ഞനം ദേവസ്വം ഓഫിസറുടെ നിര്‍ദേശങ്ങള്‍ പാലിച്ചും പ്രദക്ഷിണത്തിനും ആഘോഷത്തിനും വ്യവസ്ഥകളോടെയാണ് ബോര്‍ഡ് അനുമതി നല്‍കിയത്.

ഇത്തവണ അമ്പുപ്രദക്ഷിണത്തിന് പോകാന്‍ ക്ഷേത്രവഴി അനുവദിക്കരുതെന്ന് ഹിന്ദു ഐക്യവേദി കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. ക്ഷേത്രവഴി അനുവദിച്ചാല്‍ അക്രമമുണ്ടാകുമെന്നും ഹിന്ദു ഐക്യവേദി മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ഹിന്ദുക്കളും ക്രിസ്ത്യാനികളും ചേര്‍ന്ന് വര്‍ഷങ്ങളായി നടത്തിയിരുന്ന ഉല്‍സവവും പെരുന്നാളും സംഘര്‍ഷത്തിലായത്.

വര്‍ഷങ്ങളായി ക്ഷേത്രം വക റോഡിലൂടെയാണ് മൂര്‍ക്കനാട് സെന്‍റ് ആന്‍റണീസ് ദേവാലയത്തിലേക്ക് പ്രദക്ഷിണം പോയിരുന്നത്. ക്രൈസ്തവരുടെ വീടുകളിലേക്ക് അമ്പ് കൊണ്ടുപോകുന്നതും ഈ വഴിയിലൂടെയാണ്. എന്നാല്‍, ഇത്തവണ തര്‍ക്കമുണ്ടായതിനത്തെുടര്‍ന്ന് കലക്ടറും പൊലീസും പള്ളി അധികാരികളും ദേവസ്വം അധികാരികളുമായി ചര്‍ച്ച നടന്നിരുന്നു. ദേവസ്വത്തിന്‍െറ അനുമതിയുണ്ടെങ്കില്‍ പ്രദക്ഷിണം കൊണ്ടുപോകുന്നതിന് തടസ്സമില്ല എന്നാണ് ചര്‍ച്ചയില്‍ ധാരണയായിരുന്നത് എന്ന് പൊലീസ് പറഞ്ഞു. അതനുസരിച്ച് ദേവസ്വം അധികൃതര്‍ പ്രദക്ഷിണം ക്ഷേത്രം വഴിയിലൂടെ കൊണ്ടുപോകുന്നതിന് അനുമതി നല്‍കിയുള്ള കത്ത് പ്രദക്ഷിണ ആഘോഷകമ്മിറ്റിക്ക് നല്‍കിയതായി ഇരിങ്ങാലക്കുട പൊലീസ് പറഞ്ഞു.

എന്നാല്‍ പ്രദക്ഷിണം കടന്നുപോകുന്നതിന് മുമ്പ്, പ്രദക്ഷിണത്തിന് നല്‍കിയ അനുമതികത്ത് പിന്‍വലിച്ചതായുള്ള കത്ത് ക്ഷേത്ര പരിസരത്ത് ഹൈന്ദവ സംഘടനാ നേതാക്കളുടെ സാന്നിധ്യത്തില്‍ വായിച്ചു. തുടര്‍ന്ന് ഹിന്ദു ഐക്യവേദി, വിശ്വഹിന്ദു പരിഷത്ത്, ആര്‍.എസ്.എസ് സംഘടനകളുടെ നേതൃത്വത്തില്‍, പ്രദക്ഷിണം ക്ഷേത്രവഴിയിലൂടെ കടന്നുപോകാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. പൊലീസ് ഇടപെട്ടതോടെ പ്രദേശം സംഘര്‍ഷഭരിതമായി. തുടര്‍ന്ന് പൊലീസ് ലാത്തി വീശുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു.

ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന തിരുനാള്‍ ആഘോഷത്തിനും പ്രദക്ഷിണത്തിനും ക്ഷേത്രത്തിന്‍െറ സ്ഥലം ഉപയോഗിക്കാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പതിവുപോലെ അനുമതി നല്‍കിയിരുന്നു. ഇത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബോര്‍ഡ് ആസ്ഥാനത്ത് പ്രതിഷേധവുമായി എത്തിയ ഐക്യവേദി ജില്ലാ നേതാക്കളും പ്രവര്‍ത്തകരുമായി പ്രസിഡന്‍റ് എം.പി. ഭാസ്കരന്‍ നായര്‍ ചര്‍ച്ച നടത്തി. അനുമതി റദ്ദാക്കിയില്ലെങ്കില്‍ ക്രമസമാധാന പ്രശ്നം ഉണ്ടാവുമെന്ന് ഭീഷണി ഉയര്‍ന്നതോടെയാണ് ക്ഷേത്രഭൂമി അനുവദിച്ച തീരുമാനം ബോര്‍ഡ് റദ്ദാക്കിയത്. ക്രമസമാധാന പ്രശ്നം ഒഴിവാക്കാനാണ് അത്തരമൊരു തീരുമാനമെടുത്തതെന്ന് ദേവസ്വം കമീഷണര്‍ കെ.ആര്‍. ഹരിദാസ് അറിയിച്ചു.
അക്രമങ്ങളെതുടര്‍ന്ന് ക്ഷേത്രവഴി ഒഴിവാക്കിയാണ് പള്ളിയുടെ അമ്പുപ്രദക്ഷിണം ഇത്തവണ കടന്നുപോയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top