അശ്ലീലസൈറ്റുകള്‍ പൂര്‍ണമായും നിരോധിക്കാനാകില്ലന്ന് കേന്ദ്ര സര്‍ക്കാര്‍

Man sitting in front of a display looking at a pornographic website.ന്യൂഡല്‍ഹി: ഇന്‍റര്‍നെറ്റിലെ അശ്ലീലസൈറ്റുകള്‍ പൂര്‍ണമായും നിരോധിക്കാന്‍ കഴിയില്ലന്ന് കേന്ദ്ര സര്‍ക്കാര്‍. അശ്ലീലസൈറ്റുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിക്ക് നല്‍കിയ മറുപടിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം പറഞ്ഞത്. അശ്ലീലസൈറ്റുകള്‍ തടയാനുള്ള നിര്‍ദേശം നല്‍കാന്‍ നടപടിക്രമമുണ്ടെങ്കിലും അത്തരത്തിലുള്ള എല്ലാ വെബ്സൈറ്റുകളും തുടച്ചുനീക്കുക പ്രായോഗികമല്ല. ഇന്‍റര്‍നെറ്റിലെ അശ്ലീലവെബ്സൈറ്റുകള്‍ പലതിന്‍െറയും സര്‍വറുകള്‍ വിദേശ രാജ്യങ്ങളിലായിരിക്കും. ആ രാജ്യങ്ങളില്‍ അത്തരം സൈറ്റുകള്‍ക്ക് അനുമതിയുമുണ്ടാകും.

അശ്ലീല ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനും പുറത്തേക്ക് വിടുന്നതിനും വിലക്കില്ലാത്ത രാജ്യങ്ങളിലെ സര്‍വറുകള്‍ക്കെതിരെ ഇന്ത്യന്‍ നിയമം അനുസരിച്ച് നടപടി സാധ്യമല്ല. ഇന്‍റര്‍നെറ്റിലെ ഉള്ളടക്കങ്ങളത്രയും പരിശോധിക്കാന്‍ സാങ്കേതികമായി കഴിയില്ല. ഒരു അശ്ലീല വെബ്സൈറ്റ് നിരോധിച്ചാല്‍പോലും അതിലെ ഉള്ളടക്കം സെക്കന്‍ഡുകള്‍ക്കകം മറ്റു രാജ്യങ്ങളിലുള്ള സര്‍വറുകളിലൂടെ പുറത്തുവിടാന്‍ കഴിയും.

എല്ലാ തരത്തിലുള്ള ഡാറ്റയും വിഡിയോയും ടെക്സ്റ്റും ഇമേജും ഒരുമിച്ച് പ്രസരണം ചെയ്യുന്നതിനാല്‍ വെബ്സൈറ്റുകള്‍, ഇ മെയില്‍ വിലാസങ്ങള്‍, ഇലക്ട്രോണിക് , ധനകാര്യ ഇടപാടുകള്‍ എന്നിവയെല്ലാം പരിശോധനക്ക് വിധേയമാക്കേണ്ടിവരും. പരിശോധന നടത്തുന്നത് മൊത്തം ഇന്‍റര്‍നെറ്റ് വേഗത്തെയും ദോഷകരമായി ബാധിക്കും. അശ്ലീല സൈറ്റുകള്‍ പുര്‍ണമായും നിരോധിക്കാന്‍ സൈബര്‍ലോകത്ത് സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്തേണ്ടിവരുമെന്നും കേന്ദ്രം തുടര്‍ന്നു.

അശ്ലീലഉള്ളടക്കങ്ങള്‍ തടയാന്‍ വാണിജ്യാടിസ്ഥാനത്തില്‍ സംവിധാനങ്ങള്‍ വികസിപ്പിച്ചിട്ടുണ്ടെങ്കിലും വിദ്യാഭ്യാസം, ഗവേഷണം തുടങ്ങിയ മേഖലകളിലെ ഉള്ളടക്കങ്ങളും ഇതുവഴി തടസ്സപ്പെടും. ഇത്തരം വെബ്സൈറ്റുകള്‍ അടച്ചുപൂട്ടാന്‍ വ്യക്തികള്‍ പരാതി നല്‍കിയാല്‍ കഴിയില്ലന്നും കോടതിയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ഇടപെടേണ്ടി വരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment