Flash News

തുണിക്കടകളിലെ സ്ത്രീ ജീവനക്കാര്‍ മെയ് ഒന്നിന് ഇരിക്കല്‍ സമരം നടത്തും

April 29, 2014 , സ്വന്തം ലേഖകന്‍

slider1

കോഴിക്കോട്: സാര്‍വദേശീയ തൊഴിലാളി ദിനത്തില്‍ തുണിക്കടകള്‍ സ്ത്രീകളുടെ ഒരു അവകാശപ്പോരാട്ടത്തിന് വേദിയാകും. തുണിക്കടകളിലെ സ്ത്രീ ജീവനക്കാരെ ഇരിക്കാന്‍ അനുവദിക്കാത്ത മാനേജ്മെന്‍റ് നിലപാടിനെതിരെ അസംഘടിത മേഖലാ തൊഴിലാളി യൂനിയന്‍ മെയ് ഒന്നിന് ‘ഇരിക്കല്‍ സമരം’ സംഘടിപ്പിക്കും. കോഴിക്കോട് കിഡ്സണ്‍ കോര്‍ണര്‍ മുതല്‍ മിഠായിത്തെരുവ് വരെ നടക്കുന്ന ‘ഇരിക്കല്‍ സമര’ത്തില്‍ കോഴിക്കോട്ട് തുണിവ്യാപാര മേഖലയില്‍ ജോലി ചെയ്യുന്ന നൂറിലധികം വനിതകള്‍ പങ്കെടുക്കും. ഇരിക്കാനുള്ള അവകാശം നേടിയെടുക്കും വരെ സമരം തുടരും.

തുണിക്കടകളില്‍ ജോലി ചെയ്യുന്ന സെയില്‍സ്ഗേള്‍സ് അടക്കമുള്ള വനിതകള്‍ക്ക് ഡ്യൂട്ടി സമയത്ത് ഒരു നിമിഷംപോലും ഇരിക്കാന്‍ അനുവാദമില്ല. 12 മണിക്കൂര്‍ ഡ്യൂട്ടിക്കിടെ ക്ഷീണിതയായി ഇരുന്നാല്‍, അത്രയും സമയത്തെ വേതനം കട്ട് ചെയ്യും. ദിവസത്തില്‍ മൂത്രമൊഴിക്കാന്‍ 10 മിനിറ്റും ഭക്ഷണം കഴിക്കാന്‍ 20 മിനിറ്റുമാണ് സ്ത്രീ തൊഴിലാളികള്‍ക്ക് അനുവദിച്ചിട്ടുള്ളത്. ഇതില്‍ കൂടുതല്‍ സമയം എടുത്താല്‍ ശമ്പളം കുറക്കും. നടുവേദന, നട്ടെല്ലിന് ക്ഷതം, മൂത്രാശയ രോഗങ്ങള്‍ തുടങ്ങി വിവിധ രോഗങ്ങള്‍ക്ക് അടിമപ്പെടുന്ന വനിതകള്‍ നിവൃത്തികേടുകൊണ്ടാണ് ജോലി തുടരുന്നതെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു.

ഇരിക്കാനാകാത്തതുമൂലം ആര്‍ത്തവസമയങ്ങളില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന നൂറുകണക്കിന് സ്ത്രീ ജീവനക്കാരുണ്ട്. തുണിക്കടകളില്‍ ഒരു കൗണ്ടറുകളിലും കസേരയുണ്ടാകാറില്ല. ക്ഷീണം ബാധിച്ച് അല്‍പസമയം ഇരുന്നുപോയാല്‍ തിരക്കുകൂടിയ കൗണ്ടറിലേക്ക് അവരെ സ്ഥലംമാറ്റും. കൂടാതെ, ഇരുന്ന സമയം കൂടുതല്‍ ജോലിയും ചെയ്യേണ്ടിവരും. ഉപഭോക്താക്കളില്ളെങ്കിലും നിന്നുകൊണ്ടുതന്നെ ഇവര്‍ തുണി മടക്കിവക്കുന്നതടക്കമുള്ള ജോലികള്‍ വെറുതെ ചെയ്തുകൊണ്ടിരിക്കണം.

ജോലിക്കാരികള്‍ ഇരിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ കൗണ്ടറുകളില്‍ സി.സി.ടി.വി കാമറകള്‍ വച്ചിട്ടുണ്ട്. കഠിനമായ ശിക്ഷാമുറകളാണ് ഇവര്‍ക്ക് ലഭിക്കുക. കേരളത്തിലെ പ്രമുഖ തുണിക്കടകളിലടക്കം ഇത്തരം പീഡനങ്ങളാണ് വനിതാജീവനക്കാര്‍ നേരിടുന്നത്. മാധ്യമങ്ങള്‍ക്ക് വന്‍തോതില്‍ പരസ്യം നല്‍കുന്നതുകൊണ്ട് പ്രമുഖരുടെ കടകളിലെ പീഡനങ്ങള്‍ പുറത്തുവരാറില്ല.

മിനിമം വേതനം, എട്ടുമണിക്കൂര്‍ ഡ്യൂട്ടി, സി.സി ടി.വി കാമറകളുടെ നിയന്ത്രണം തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉണ്ടെങ്കിലും, ഇരിക്കാനുള്ള അവകാശത്തിനായി മുന്‍ഗണന നല്‍കുകയാണെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top