തൃശൂര്‍: തൃശൂരുകാരുടെ പ്രാര്‍ഥനയില്‍ മഴ മാറിനിന്നു, തൃശൂര്‍ പൂരം കെങ്കേമമായി. പൂരപ്പുലര്ച്ചെ മുതല്‍ ഇടക്കിടെ മഴ പെയ്തെങ്കിലും പ്രധാന ചടങ്ങുകളെയൊന്നും മഴ ബാധിച്ചില്ല. മഠത്തില്‍ വരവിനും ഇലഞ്ഞിത്തറമേളത്തിനും ഇടയില്‍ ചെറിയ മഴ പെയ്തതൊഴിച്ചാല്‍ അന്തരീക്ഷം പ്രസന്നമായിരുന്നു. വെടിക്കെട്ടിനെക്കുറിച്ചായിരുന്നു സര്‍വത്ര ആശങ്ക. രാത്രി വൈകിയും അന്തരീക്ഷം മൂടിക്കെട്ടി നിന്നത് പൂരപ്രേമികളുടെ അകം കനപ്പിച്ചു. എന്നാല്‍, പുലര്‍ച്ചെ മൂന്നരക്ക് പാറമേക്കാവ് വെടിക്കെട്ടിന് തിരികൊളുത്തിയതോടെ ആ ആശങ്കയും ഇല്ലാതായി. നഗരത്തെയും സമീപപ്രദേശങ്ങളെയും വിറപ്പിച്ച വെടിക്കെട്ട് മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ കേമമായി. തിരുവമ്പാടിയുടെ വെടിക്കെട്ടാണ് ഇത്തവണ ശബ്ദത്തില്‍ മുന്നിട്ടുനിന്നത്. വെടിക്കെട്ടിനുശേഷവും പൂരപ്രേമികള്‍ നഗരം വിട്ടുപോയിട്ടില്ല. ശനിയാഴ്ച രാവിലെ പൂരത്തിന് സമാപനം കുറിച്ച് തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിയും. അതോടെ അടുത്ത വര്‍ഷത്തെ പൂരം കാത്തിരിപ്പിന് തുടക്കമാകും. ശനിയാഴ്ച രാവിലെ മുതല്‍ പൂരത്തിന്‍െറ ചടങ്ങുകളെല്ലാം ആവര്‍ത്തിക്കും. ഉച്ചയോടെ എല്ലാവര്ക്കും വിഭവസമൃദ്ധമായ പൂരക്കഞ്ഞി വിളമ്പുന്നതോടെ ഈ വര്‍ഷത്തെ പൂരസമൃദ്ധിയില് ജനക്കൂട്ടം തിരിച്ചുപോകും.
പൂരത്തിന്‍െറ പ്രധാന മേളങ്ങളിലൊന്നായ തിരുവമ്പാടിയുടെ മഠത്തില്‍വരവ് ഇത്തവണ പൊടിപൊടിച്ചു. അന്നമനട പരമേശ്വര മാരാര്‍ നേതൃത്വം നല്കി. ഉച്ചക്ക് രണ്ടരക്ക് ഇലഞ്ഞിത്തറമേളം തുടങ്ങി. പെരുവനം കുട്ടന്മാരാരുടെ നായകത്വത്തില്‍ പാണ്ടിമേളം കെട്ടിക്കയറി.
മുന്നൂറോളം കലാകാരന്മാരാണ് ഇലഞ്ഞിത്തറമേളത്തില്‍ അണിനിരന്നത്. ഉരുട്ടുചെണ്ടയും വീക്കു ചെണ്ടയും ഇലത്താളവും കൊമ്പും കുഴലും അതിമനോഹരമായി സമ്മേളിച്ച മേളം. രണ്ട് മണിക്കൂര്‍ നീണ്ട പെരുക്കലില് 25 കലാശം തീര്‍ത്ത് മേളം നിര്‍ത്തിയതോടെ പൂരം തെക്കോട്ടിറങ്ങി. തുടര്‍ന്ന് കുടമാറ്റത്തിന് തുടക്കമായി. 53 വീതം കുടകളാണ് ഇരുവിഭാഗവും ഉയര്‍ത്തിയത്. പച്ചക്കുട നിവര്‍ത്തി പാറമേക്കാവ് തുടക്കമിട്ടു. പച്ചക്കുട തിരുവമ്പാടിയും ഉയര്‍ത്തി. തുടര്‍ന്ന് ഇരുവിഭാഗങ്ങളും വിവിധ നിറങ്ങളില്‍ കുടകള്‍ ഉയര്‍ത്തി. എല്‍.ഇ.ഡി കുടകള്‍ ഇത്തവണത്തെ സവിശേഷതയായിരുന്നു.
പൂരത്തിന് ഇത്തവണ ഒരു വിശിഷ്ടാതിഥിയുണ്ടായിരുന്നു, ഗവര്‍ണര്‍ ഷീല ദീക്ഷിത്. പൊലിസുകാര്‍ നല്കിയ ബൈനോക്കുലറിലൂടെ അവര്‍ കുടമാറ്റം നന്നായി ആസ്വദിച്ചു. പൂരം അവിസ്മരണീയ കാഴ്ചയാണെന്ന് ഷീല ദീക്ഷിത് പറഞ്ഞു. സഹോദരിക്കും മകനുമൊപ്പം പൊലീസ് കണ്ട്രോള് റൂമിലിരുന്നാണ് ഗവര്‍ണര്‍ കുടമാറ്റം കണ്ടത്. അതിനുശേഷം ഒരുക്കിയ വെടിക്കെട്ട് സ്വരാജ് റൗണ്ടിനോട് ചേര്‍ന്ന സ്വകാര്യ ഹോട്ടലിന് മുകളിലെ നിലയിലിരുന്ന് അവര്‍ കണ്ടു.
പൂരം കാണാന്‍ വ്യാഴാഴ്ച രാത്രി തന്നെ ഗവര്‍ണര്‍ എത്തിയിരുന്നു. ഗവര്‍ണര്‍ പൂരം കാണാന്‍ എത്തുന്നതിനാല്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. വിദേശികള്‍ക്കും വി.വി.ഐ.പികള്‍ക്കും ഒരുക്കിയ വേദിയില്‍ ഗവര്‍ണര്‍ക്ക് പ്രത്യേകം ഇരിപ്പിടവും സജ്ജമാക്കി. വൈകീട്ട് 3.30ഓടെ ഗവര്‍ണറെ പൊലീസും കലക്ടറും ചേര്‍ന്ന് തെക്കേഗോപുരനടയിലത്തെിച്ചു. സുരക്ഷാ പ്രശ്നം കണക്കിലെടുത്ത് നേരത്തെയൊരുക്കിയ ഇരിപ്പിടം ഒഴിവാക്കി പൊലീസ് കണ്ട്രോള് റൂമില്‍ സംവിധാനം ഏര്‍പ്പെടുത്തുകയായിരുന്നു. ഇവിടെയിരുന്ന് പൊലീസിന്‍െറ ദൂരദര്ശനിയിലൂടെയും മറ്റുമാണ് ഗവര്‍ണര്‍ പൂരക്കാഴ്ച കണ്ടത്. ശനിയാഴ്ച പൂരം സമാപിക്കുന്ന ഉപചാരം ചൊല്ലല്‍ ചടങ്ങ് കാണാനും പൂരക്കഞ്ഞി കുടിക്കാനും ഗവര്‍ണര്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply