Flash News

കേരളം കൈ കെട്ടി നില്‍‌ക്കുന്നു; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ തമിഴ്‌നാട് നടപടികള്‍ തുടങ്ങി

May 10, 2014 , ഷാഹിദ് വൈപ്പി

23_mullaperiyar_jv__168298fഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ തമിഴ്‌നാട് നടപടികള്‍ തുടങ്ങി. ഡാമില്‍ 142 അടി തമിഴ്‌നാട് അടയാളപ്പെടുത്തി. സ്പില്‍വേയിലെ 13 ഷട്ടറുകളും താഴ്ത്തി തമിഴ്‌നാട് പരിശോധന നടത്തി.

അതേ സമയം കോടതി വിധിക്കെതിരെ റിവ്യു പെറ്റീഷന്‍ നല്‍കുമെന്ന് പ്രഖ്യാപിക്കുകയും കോടതി വിധിയുടെ പിറ്റേന്ന് ഒരു ഹര്‍ത്താലും ഉണ്ടായതല്ലാതെ കേരളത്തിന്റെ ഭാഗത്ത് നിന്ന് ഇതുവരെ കാര്യമായ നീക്കങ്ങള്‍ ഒന്നു തന്നെയില്ല.

അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്ന വിധി എത്തും മുമ്പ് കാര്യങ്ങള്‍ അറിയാവുന്ന തമിഴ്നാട് അധികൃതര്‍ ജലനിരപ്പ് ഉയര്‍ത്താനുള്ള മുന്നൊരുക്കം തുടങ്ങിയിരുന്നു. ഇതിന്‍െറ ഭാഗമായി 35 വര്‍ഷമായി ഉയര്‍ത്തിവെച്ച സ്പില്‍വേയിലെ 13 ഷട്ടറുകളും താഴെയിറക്കി തകരാറുകള്‍ ഇല്ലന്ന് ഉറപ്പാക്കി വീണ്ടും ഉയര്‍ത്തിവെച്ചു. ഇതോടൊപ്പം ജലനിരപ്പ് 142 അടിയാക്കാനുള്ള അടയാളങ്ങളും സ്പില്‍വേയില്‍ രേഖപ്പെടുത്തി.

അണക്കെട്ടിലെ ജലനിരപ്പ് 136ല്‍ നിന്ന് 142 അടിയാക്കുമ്പോള്‍ പെരിയാര്‍ കടുവസംരക്ഷണ കേന്ദ്രത്തിലെ വനഭൂമിയില്‍ 1500 ഏക്കറോളം സ്ഥലമാണ് മുങ്ങിപ്പോവുക. ജലനിരപ്പ് 152 അടിയാക്കുന്നതോടെ 11000 ഹെക്ടര്‍ സ്ഥലം വെള്ളത്തിനടിയിലാകും. ജലനിരപ്പ് ഉയരുന്നതോടെ 35 വര്‍ഷമായി കാണപ്പെട്ട തീരങ്ങള്‍, ചെറിയ ദ്വീപുകള്‍, നീര്‍ത്തടങ്ങള്‍ എന്നിവയെല്ലാം നഷ്ടമാകും. തടാകത്തിന് നടുവിലെ മരക്കുറ്റികളില്‍ പലതും മുങ്ങുന്നതോടെ ഇവിടെ ചേക്കേറിയിരുന്ന ദേശാടനപ്പക്ഷികള്‍ വരാതാകും. 35 വര്‍ഷത്തിനിടെ ഈ പ്രദേശങ്ങളില്‍ വളരുന്ന ചെടികള്‍, മരങ്ങള്‍, പുല്‍മേടുകള്‍ എന്നിവയും നഷ്ടപ്പെടും.

ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കേരള ഫോറസ്റ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഇതിനെ മറികടക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയായിരുന്ന ടി.ആര്‍. ബാലുവിന്‍െറ പ്രത്യേക നിര്‍ദേശപ്രകാരം രണ്ട് ഉദ്യോഗസ്ഥര്‍ തേക്കടി സന്ദര്‍ശിച്ച് പുതിയ റിപ്പോര്‍ട്ട് ഉണ്ടാക്കുകയായിരുന്നു.

അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നതോടെ വര്‍ഷന്തോറും ഇടുക്കി ജലസംഭരണിയിലേക്ക് മുല്ലപ്പെരിയാറില്‍ നിന്ന് ഒഴുകിയത്തെിയിരുന്ന 8.24 ടി.എം.സി ജലം ഇല്ലാതാകും. ഉദ്ദേശം 36 കോടി രൂപയുടെ വൈദ്യുതിയാണ് മുല്ലപ്പെരിയാര്‍ ജലം ഉപയോഗിച്ച് കേരളം ഉല്‍പാദിപ്പിച്ചിരുന്നത്.

രാജ്യത്തെ പ്രമുഖ കടുവസംരക്ഷണ കേന്ദ്രത്തിനുള്ളിലെ അണക്കെട്ടെന്ന നിലയില്‍ 1980ല്‍ നിലവില്‍ വന്ന കേന്ദ്ര വന നിയമത്തിനും 1961ലെ കേരള വന നിയമത്തിനും അനുസൃതമായിരിക്കും സുപ്രീംകോടതിയുടെ തീര്‍പ്പെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ കേരളത്തിന്റെ എല്ലാ ആവശ്യങ്ങളും തള്ളിക്കൊണ്ടാണ് കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. നിലവിലെ ഡാമിന് സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും പുതിയ ഡാമിന്റെ ആവശ്യമില്ലെന്നുമാണ് സുപ്രീംകോടതിയുടെ വിധി പ്രസ്താവം. കേരളത്തിന്റെ ഡാം സുരക്ഷാ നിയമം അസ്ഥിരപ്പെടുത്തിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തിരുന്നു. കേരളത്തിന്റെ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

ഡാമിന്റെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താനും സുപ്രീംകോടതി അനുമതി നല്‍കി. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് ജലനിരപ്പ് ഇയര്‍ത്താനുള്ള നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. മഴക്കാലം വരുന്നതോടെ ഡാമിന്റെ നിലനില്‍പ്പിനെക്കുറിച്ചുള്ള ആശങ്ക വീണ്ടും ഉയരുകയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top