തൃശൂര്‍: അമൃതാനന്ദമയിയെ പരോക്ഷമായി വിമര്‍ശിച്ച് വീണ്ടും സ്വാമി സന്ദീപാനന്ദഗിരി. ആള് ദൈവങ്ങളും ആത്മീയ വ്യാപാരവും ചോദ്യം ചെയ്യപ്പെടണം എന്ന സന്ദേശമുയര്‍ത്തി ഡി.വൈ.എഫ്.ഐ തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനസദസ്സ് ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം അമൃതാന്ദമയിയെ പേരെടുത്തു പറയാതെ കടുത്ത വിമര്‍ശനം അഴിച്ചുവിട്ടത്.
അമ്മയെന്ന വികാരത്തെ ചില കുത്സിത ബുദ്ധികള്‍ കച്ചവടം ചെയ്യുകയാണെന്ന് സ്വാമി പറഞ്ഞു. ബിവറേജിന് മുന്നിലെ വരിയും മാതാവിനെ കാണാന്‍ നില്ക്കുന്ന നീണ്ടവരിയും തമ്മില്‍ വ്യത്യാസം കാണുന്നില്ല. സ്വന്തം അമ്മയെ തള്ളയെന്ന് വിളിക്കുകയും ആശ്രമത്തില്‍പോയി അമ്മയെ വരിനിന്ന് കാണുകയും ചെയ്യുന്ന അധഃപതനം വിളിച്ചു പറഞ്ഞതിനാണ് തന്നെ മര്‍ദിച്ചത്. ആധ്യാത്മികനായ ഒരാള്‍ സ്തുതിയും നിന്ദയും ഒരുപോലെ സ്വീകരിക്കണം. അങ്ങനെ പറഞ്ഞിരുന്നുവെങ്കില്‍ താന്‍ അമൃതാനന്ദമയിയുടെ കാല്ക്കല് വീഴുമായിരുന്നു. നിങ്ങളുടെ അമ്മ നിങ്ങളുടെ സാന്നിധ്യത്തിനു വേണ്ടി വിഷമിക്കരുത്. ദിവസത്തില്‍ 15 മിനിറ്റെങ്കിലും അവര്‍ക്കുവേണ്ടി മാറ്റിവെക്കണം.
കമ്യൂണിസവും ഭാരതീയ പാരമ്പര്യവും തമ്മില്‍ വലിയ പൊരുത്തക്കേടില്ല. ആസൂത്രിതമായി മൂല്യത്തെ മോഷ്ടിക്കുന്നവരുടെ പിറകെ കുറേപേര്‍ പോകുന്നതെന്താണെന്ന് മനശാസ്ത്രജ്ഞര്‍ വിശകലനം ചെയ്യണം. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇടപടലുകളിലൂടെ മാത്രമേ ഈ കാലത്ത് സമൂഹികപരിവര്ത്തനം സാധ്യമാകൂ. സമരം ചെയ്തു നേടിയെടുത്ത ആവിഷ്കാര സ്വാതന്ത്ര്യം പരസ്യമായി ഫാഷിസ്റ്റ് നടപടിയിലൂടെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ കേരളസമൂഹത്തില്‍ തുറന്ന സംവാദം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.