ഓപറേഷന്‍ കുബേര ശക്തമാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

chennithala_11തിരുവനന്തപുരം: ബ്ലേഡ് പലിശക്കാരെ പിടികൂടാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച ഓപറേഷന്‍ കുബേര ശക്തമായി തുടരാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കി. പലയിടത്തും ഉന്നത പൊലീസ് നേതൃത്വം അവിഹിതമായി ഇടപെടുന്നുവെന്ന പരാതിയെതുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദേശം.

അനധികൃത പണമിടപാട് നടത്തുന്നവരുമായി ബന്ധമുള്ള പൊലീസുകാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പുനല്‍കി. പരാതിയുള്ളവര്‍ക്ക് മന്ത്രിയെ നേരിട്ടറിയിക്കാം. ലഭിക്കുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. മൊബൈല്‍ ഫോണിലോ ഇ-മെയിലിലോ വിവരം അറിയിക്കാം. കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ വിജിലന്‍സ് പരിശോധന നടത്തിയതും അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സില്‍ ചൂണ്ടിക്കാട്ടി.

മണി ലെന്‍ഡിങ് നിയമപ്രകാരം സംസ്ഥാനത്ത് 10,280 സ്ഥാപനങ്ങള്‍ക്കാണ് ലൈസന്‍സ്. ഇവയുടെ പട്ടിക www.keralataxes.gov.in ല്‍ പ്രസിദ്ധീകരിക്കും. പൊലീസ് സൈറ്റിലേക്ക് ലിങ്കും നല്‍കും. ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ 30 വരെ അവസരമുണ്ട്. എന്നിട്ടും രജിസ്റ്റര്‍ ചെയ്യുന്നില്ലങ്കില്‍ പ്രോസിക്യൂഷന്‍ നടപടി ആരംഭിക്കും.

നിലവിലെ ബാങ്ക് നിരക്കിനേക്കാള്‍ രണ്ടു ശതമാനം അധികം തുക ഈടാക്കാനാണ് നിയമം അനുവദിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ ലെറ്റര്‍ പാഡിലും ബോര്‍ഡിലും അടക്കം നമ്പര്‍ രേഖപ്പെടുത്തണം. രജിസ്റ്റര്‍ ചെയ്യാതെ ചിട്ടി നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ രജിസ്ട്രേഷന്‍ ഐ.ജിയോട് നിര്‍ദേശിച്ചു. ഓപറേഷന്‍ കുബേരയില്‍ രാഷ്ട്രീയ ഇടപെടല്‍ അനുവദിക്കില്ലന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News