ബസ് ചാര്‍ജ് വര്‍ധന പോരെന്ന് ഉടമകള്‍, വിദ്യാര്‍ഥികളുടെ നിരക്ക് ഇനിയും കൂടും

busകൊച്ചി: ഇപ്പോഴത്തെ ബസ് ചാര്‍ജ് വര്‍ധന അംഗീകരിക്കാന്‍ കഴിയില്ലന്ന് ബസ് ഓപറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍. യാത്രക്കാരില്‍ 40 ശതമാനത്തിലധികം വിദ്യാര്‍ഥികളാണെന്നും അവരുടെ മിനിമം ചാര്‍ജ് രണ്ടുരൂപയായും നിലവിലെ ചാര്‍ജിന്‍െറ 25 ശതമാനമായും വര്‍ധിപ്പിക്കണമെന്നും 24 വയസ്സിന് മുകളിലുള്ളവര്‍ക്ക് സൗജന്യ നിരക്കില്‍ യാത്ര അനുവദിക്കരുതെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ട് പറയുന്നുണ്ട്. അതുകൊണ്ട് ഈ നിര്‍ദേശം നടപ്പാക്കുകയാണ് വേണ്ടത്. ഈ വര്‍ധന കെ.എസ്.ആര്‍.ടി.സിയെ സംരക്ഷിക്കാന്‍ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

10 മുതല്‍ 12 ശതമാനത്തോളമാണ് കഴിഞ്ഞദിവസം ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. ഡീസല്‍ വില വര്‍ധനയുടെ പേരില്‍ 2012 നവംബറിലാണ് അവസാനമായി ബസ് നിരക്ക് കുത്തനെ ഉയര്‍ത്തിയത്. ഫെയര്‍ സ്റ്റേജില്‍ മാറ്റമില്ലങ്കിലും വിദ്യാര്‍ഥികളുടെ നിരക്ക് മൂന്ന് മാസത്തിനകം വര്‍ധിപ്പിക്കും. ഇതു സംബന്ധിച്ച് പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഓര്‍ഡിനറി, സിറ്റി, ടൗണ്‍, മൊഫ്യൂസില്‍, സിറ്റി ഫാസ്റ്റ് സര്‍വീസ് മിനിമംനിരക്ക് ആറില്‍ നിന്ന് ഏഴാക്കി. ഓര്‍ഡിനറി സര്‍വീസുകള്‍ക്ക് കിലോമീറ്റര്‍ നിരക്ക് 58 പൈസയില്‍നിന്ന് 64 ആക്കിയപ്പോള്‍ സിറ്റി ഫാസ്റ്റിന് കിലോമീറ്റര്‍ നിരക്ക് 62ല്‍നിന്ന് 68 ആക്കി. കിലോമീറ്ററിന് ആറ് പൈസയാണ് വര്‍ധന. ഓര്‍ഡിനറിക്ക് 10.34 ശതമാനമാണ് വര്‍ധനയെങ്കില്‍ സിറ്റി ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസിന് 9.07 ശതമാനമാണ് വര്‍ധന.

ഫാസ്റ്റ് പാസഞ്ചര്‍, ലിമിറ്റഡ് സ്റ്റോപ്പ് സര്‍വീസിന് കുറഞ്ഞ നിരക്ക് രണ്ട് രൂപ വര്‍ധിപ്പിച്ച് 10 ആക്കി. ഇവ രണ്ടിന്‍േറയും കിലോമീറ്റര്‍ നിരക്ക് 62ല്‍ നിന്ന് 68 പൈസ ആക്കി. സൂപ്പര്‍ ഫാസ്റ്റിന്‍െറ മിനിമം നിരക്ക് 12ല്‍നിന്ന് 13 രൂപയാക്കി. 65 പൈസയായിരുന്ന കിലോമീറ്റര്‍ നിരക്ക് 72 ആക്കി. 10.77 ശതമാനമാണ് വര്‍ധന. സൂപ്പര്‍ എക്സ്പ്രസിലെ കുറഞ്ഞ നിരക്ക് 17ല്‍നിന്ന് 20 രൂപ ആയപ്പോള്‍ കിലോമീറ്റര്‍ നിരക്ക് 70ല്‍നിന്ന് 77 പൈസ ആയി. പത്ത് ശതമാനമാണ് വര്‍ധന.

സൂപ്പര്‍ ഡീലക്സ് സെമീ സ്ലീപ്പര്‍ സര്‍വീസുകളുടെ കുറഞ്ഞ നിരക്ക് മൂന്ന് രൂപ വര്‍ധിപ്പിച്ച് 28 ആയി. 12.5 ശതമാനമാണ് ഡീലക്സ് സര്‍വീസുകളിലെ വര്‍ധന. ലക്ഷ്വറി ഹൈടെക് ബസുകളുടെയും വോള്‍വോ ബസുകളുടെയും കുറഞ്ഞ നിരക്ക് അഞ്ച് രൂപ വര്‍ധനവോടെ 35ല്‍നിന്ന് 40 രൂപയായി. ലക്ഷ്വറി ബസുകളുടെ കിലോമീറ്റര്‍ നിരക്ക് ഒരു രൂപയില്‍നിന്ന് 1.10 രൂപയായും വോള്‍വോ ബസുകളുടേത് 1.20 രൂപയില്‍നിന്ന് 1.30 ആയും ഉയര്‍ത്തി. മള്‍ട്ടി ആക്സില്‍ ബസുകള്‍ക്ക് മിനിമം തുക 70 രൂപയും കിലോമീറ്റര്‍ നിരക്ക് 1.91 രൂപയുമാണ്.

Print Friendly, PDF & Email

Related posts

Leave a Comment