മാതൃകയില്ലാത്തവര്‍ മാര്‍ഗ്ഗദര്‍ശികളാകുമ്പോള്‍…? (ലേഖനം – പി പി ചെറിയാന്‍)

banner

കേരളാ പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് വി എം സുധീരന്‍ ബാറുകള്‍ക്കെതിരെ സ്വീകരിച്ച ശക്തമായ നടപടികളെ തുടര്‍ന്ന് കേരളത്തില്‍ മദ്യ വിവാദം കൊഴുക്കുകയും, മദ്യ വിരുദ്ധ ലോബി സാവകാശം ശക്തി പ്രാപിക്കുകയും വിവിധ തുറകളില്‍ നിന്നും പിന്തുണ വര്‍ദ്ധിച്ച് വരികയും ചെയ്യുന്നതിനെ കുറിച്ച് നടന്ന സംഭാഷണത്തിനിടയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവം ഒരു സുഹൃത്ത് ഇപ്രകാരം വിവരിച്ചു;

അമേരിക്കയില്‍ വന്നിട്ട് ഏതാനും മാസങ്ങളേ അയിട്ടുള്ളു, സ്ഥലത്തെ പ്രധാന കലാ സാംസ്കാരിക സംഘടന സംഘടിപ്പിച്ച ബങ്ക്വറ്റില്‍ പങ്കെടുക്കുന്നതിന് ആദ്യമായാണ് ഒരു അവസരം ലഭിച്ചത്. ശനിയാഴ്ച്ച വൈകുന്നേരം തേച്ച് മിനുക്കിയ ഖദര്‍ മുണ്ടും ഖദര്‍ ഷര്‍ട്ടും ധരിച്ച് ബങ്ക്വറ്റ് ഹാളില്‍ എത്തി. അതി മനോഹരമായി മേശകള്‍ക്ക് മുന്‍പില്‍ നിരത്തിയിട്ടിരുന്ന കസേരകളില്‍ ഒന്നിലിരുന്നു. ആറും, എട്ടും വയസ്സ് തോന്നിക്കുന്ന രണ്ട് കുട്ടികളും മാതാ പിതാക്കളും തൊട്ടടുത്ത സീറ്റില്‍ നേരത്തെ സ്ഥാനം പിടിച്ചിരുന്നു. യുവത്വത്തിന്റെ പ്രസരിപ്പ് വിട്ട് മാറിയിട്ടില്ലാത്ത കോമളനായ ഭര്‍ത്താവും, ചുണ്ടില്‍ ചുവന്ന ചായം തേച്ച് മുടി ബോബ് ചെയ്ത സുന്ദരിയായ ഭാര്യയും തമ്മില്‍ കുശലം പറഞ്ഞ് കഴിഞ്ഞപ്പോള്‍ നാട്ടിലെ രീതിയനുസരിച്ച് ഷെയ്ക്ക് ഹാന്‍ഡ് നല്‍കി സ്വയം പരിചയപ്പെടുത്തി. മലയാള ഭാഷ നല്ലത് പോലെ നിശ്ചയമില്ലാതിരുന്നതിനാല്‍ മംഗ്ലീഷിലാണ് ഭാര്യയെം മക്കളെയും യുവാവ് പരിചയപ്പെടുത്തിയത്. ഭാര്യയെ പരിചയപ്പെടുത്തിയപ്പോള്‍ ഭര്‍ത്താവിന് ആയിരം നാവുള്ളത് പോലെ തോന്നി. ഇതിനകം ബങ്ക്വറ്റിന്റെ പ്രാരംഭ ചടങ്ങുകളും, വിവിധ കലാ പരിപാടികളും ആരംഭിച്ചിരുന്നു. ഒരു മണിക്കൂറിന് ശേഷം ഡിന്നര്‍ ആരംഭിക്കുന്നതായി മൈക്കില്‍ അനൗണ്‍സ് ചെയ്തു. ഡിന്നറിന്റെ ആരംഭം തന്നെ ഗ്ലാസുകളില്‍ മദ്യം വിളമ്പിക്കൊണ്ടായിരുന്നു. ഗ്ലാസുകളില്‍ പകര്‍ന്ന മദ്യം കണ്ണടച്ചു തുറക്കുന്നതിനു മുന്‍പേ ദമ്പതിമാര്‍ കാലിയാക്കി, അടുത്ത ഊഴത്തിനായി കാത്തിരുന്നു. കുട്ടികളുടെ ഗ്ലാസുകളില്‍ ഒഴിച്ച മദ്യം അവരെക്കൊണ്ട് നിര്‍ബന്ധിച്ച് കുടിപ്പിക്കുന്നത് കണ്ടപ്പോള്‍ ആദ്യം അത്ഭുതമാണ് തോന്നിയത്.

വളരെ സന്തോഷത്തോടും, അഭിമാനത്തോടും കൂടിയാണ് ബങ്ക്വറ്റിന് എത്തിയതെങ്കില്‍, വളരെ ലജ്ജയോടും നിരാശയോടും കൂടിയാണ് അവിടെ നിന്നും വീട്ടില്‍ എത്തിയത്. കുട്ടികളുടെ മുന്നില്‍ മാതൃകയാകേണ്ട മാതാ പിതാക്കളുടെ പ്രവര്‍ത്തിയെ കുറിച്ചുള്ള ചിന്ത മനസ്സിനെ കൂടുതല്‍ അസ്വസ്ഥമാക്കി.

മാസങ്ങള്‍ പലത് കഴിഞ്ഞു. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ സുഹൃത്തിന്റെ വീട്ടിലെത്തിയ അത്ഥിയുമായി ഞായറാഴ്ച്ച മറ്റൊരു ദേവാലയത്തിലെ ആരാധനയില്‍ പങ്കെടുക്കേണ്ടി വന്നു. അന്ന് അവിടെ മദ്യ വിരുദ്ധ ദിനമായി വേര്‍തിരിച്ചിരുന്നതിനാല്‍ അതുമായി ബന്ധപ്പെട്ട പ്രത്യേക ആരാധനയും പ്രസംഗവുമാണ് നടന്നത്.

മദ്യത്തിന്റെ അമിത സ്വാധീനം സമൂഹത്തില്‍ എങ്ങിനെ പ്രതിഫലിക്കുന്നുവെന്നും ഭാവി തലമുറ മദ്യത്തിന്റെയും, മയക്കുമരുന്നിന്റെയും അടിമകളാകുന്നതിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കണമെന്നും ആരാധന മദ്ധ്യെ പ്രസംഗിച്ച വ്യക്തി ചോദിച്ചു. മദ്യമെന്ന മഹാവിപത്തിനെതിരെ കരുതിയിരിക്കണെമെന്ന മുന്നറിയിപ്പോടെയാണ് വാചാലമായ പ്രസംഗം അവസാനിപ്പിച്ചത്.

മുപ്പത് മിനിറ്റുകള്‍ നീണ്ട പ്രസംഗത്തില്‍ കേട്ട ശബ്ദവും, കണ്ട മുഖവും മാസങ്ങള്‍ക്ക് മുന്‍പ് ബങ്ക്വറ്റില്‍ കണ്ട് പരിചയപ്പെട്ട യുവാവിന്റെതായിരുന്നു എന്നതില്‍ സുഹൃത്തിന് സംശയിക്കേണ്ടി വന്നില്ല. പ്രസംഗം കഴിഞ്ഞപ്പോള്‍ യുവാവിനെ അഭിനന്ദിക്കുന്നതിനും, കമന്റുകള്‍ പാസ്സാക്കുന്നതിനും പലരും മുന്നോട്ട് വന്നു.

‘മോനെ പോലെ ചിലരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇത്തരം ദുശ്ശീലങ്ങള്‍ക്ക് മൂക്ക് കയറിടാന്‍ അല്പമെങ്കിലും കഴിയുമായിരുന്നു.’ പ്രായമായ ഒരു പിതാവ് അഭിപ്രായപ്പെട്ടു. ‘ഭാവി തലമുറയെ പറ്റി കരുതലുള്ള ഒരാളുടെ പ്രസംഗം ഇതിനു മുന്‍പ് ഞാന്‍ കേട്ടിട്ടില്ല.’ മറ്റൊരാള്‍ തട്ടിവിട്ടു. ഇതൊക്കെ കേട്ട് അഭിമാനത്തോടെ തലയുയര്‍ത്തി രണ്ട് കൈ കൊണ്ട് കോളറിന്റെ രണ്ടറ്റവും വലിച്ചൊന്ന് ശരിയാക്കി നില്‍ക്കുമ്പോഴായിരുന്നു സുഹൃത്തിന്റെ വരവ്. സുഹൃത്തിനെ കണ്ടയുടന്‍ യുവാവ് സൂക്ഷിച്ചൊന്ന് നോക്കി. മുഖത്ത് മിന്നിമാഞ്ഞ ജാള്യത മറയ്ക്കുവാന്‍ ശ്രമിച്ചു. പരിചയം പുതുക്കാന്‍ നില്‍‌ക്കാതെ അല്പം അത്യാവശ്യമുണ്ട് പെട്ടന്ന് പോകണമെന്ന് പറഞ്ഞ് പുറത്ത് കാത്ത് നിന്നിരുന്ന ഭാര്യയെയും കൂട്ടി പെട്ടന്ന് സ്ഥലം വിട്ടു.

സുഹൃത്ത് ഇത്രയും പറഞ്ഞപ്പോള്‍ ഇതിലെന്താണൊരു പ്രത്യേകത, ഇതൊരു സാധാരണ സംഭവമല്ലേ, എവിടെയും പ്രത്യേകിച്ച് പാശ്ചാത്യ സംസ്ക്കാരത്തില്‍ മദ്യ സല്‍ക്കാരമില്ലാത്ത ഏതെങ്കിലും ഗെറ്റ് റ്റുഗദറിനെക്കുറിച്ചോ, വിശേഷ ദിവസങ്ങളെ കുറിച്ചോ ചിന്തിക്കാനാകുമോ?

മൂക്ക് മുട്ടേ മദ്യപിച്ച്, മദ്യത്തിനെതിരെ ഘോര ഘോര പ്രസംഗങ്ങള്‍ നടത്തുകയും, വികലവും അസഭ്യവുമായ ഭാഷയില്‍ ലേഖനങ്ങള്‍ പടച്ച് വിടുകയും ചെയ്യുന്ന പകല്‍ മാന്യന്മാരും ബങ്ക്വറ്റിലും, ദേവാലയത്തിലും കണ്ട യുവാവും തമ്മില്‍ എന്താണ് വ്യത്യാസം. സമൂഹത്തെയും, മനഃസാക്ഷിയെയും ഒരു പോലെ വഞ്ചിക്കുകയും, വിഡ്ഡികളാക്കുകയും ചെയ്യുന്നവരല്ലേ ഇരു കൂട്ടരും.

ഇന്ന് സമൂഹത്തിന്റെ വഴി പിഴച്ച പോക്കിന്റെ ഉത്തരവാദികള്‍ ആരെന്ന് ആഴത്തില്‍ പരിശോധിച്ചാല്‍ ചെന്നെത്തുന്നത് മാതൃകയില്ലാത്തവര്‍ മാര്‍ഗ്ഗദര്‍ശികളാകുന്നു എന്ന ലജ്ജിപ്പിക്കുന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ്. രാഷ്ട്രീയ നേതാക്കളില്‍ ഭൂരിഭാഗവും ഇത്തരക്കാരാണെങ്കില്‍ അതില്‍ നിന്നും ഒട്ടും ഭിന്നമല്ല സമുദായിക-മത-സാംസ്ക്കാരിക നേതാക്കന്മാരും. സത്യവും ധര്‍മ്മവും നീതിയും പാലിക്കപ്പെടണമെന്ന് പകല്‍ മുഴുവന്‍ വാ തോരാതെ പ്രസംഗിക്കുന്നവര്‍ അന്ധകാരത്തിന്റെ മറവില്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ എന്തെല്ലാമാണ്?

സ്നേഹവും സമാധാനവും ഐക്യവും നിലനിര്‍ത്തണമെന്ന് പ്രസംഗിക്കുന്നവര്‍ തങ്ങളുടെ സ്ഥാനമാനങ്ങള്‍ നില നിര്‍ത്തുന്നതിനും എതിരാളികളെ നിശബ്ദരാക്കുന്നതിനും ശത്രുതയുടെയും, കലക്കത്തിന്റെയും വിത്തുകള്‍ വാരിവിതറുന്നവരല്ലേ? തങ്ങളെക്കാള്‍ മെച്ചമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ അഭിനന്ദിക്കുന്നതിനും, അംഗീകരിക്കുന്നതിനും തയ്യാറാകാതെ അവരെ അപഹസിക്കുന്നതിനും, നിശേധിക്കുന്നതിനും, തള്ളിപ്പറയുന്നതിനും അവസരം നോക്കിയിരിക്കുന്നവരല്ലേ?

പരസ്പരം സ്നേഹവും, വിശ്വാസവും ഇടകലര്‍ന്ന വളക്കൂറുള്ള മണ്ണില്‍ ആഴത്തില്‍ വേരൂന്നേണ്ട കുടുംബ ബന്ധങ്ങള്‍ തകര്‍ന്നു തരിപ്പണമാകുന്നതോടെ യുവതലമുറ നാശത്തിലേക്ക് കൂപ്പുകുത്തുന്നു. ഇതിന്റെ ഉത്തരവാദിത്വം ഒരു പരിധിവരെ മാതൃകയില്ലാതെ ജീവിക്കുന്ന മാതാപിതാക്കളില്‍ നിക്ഷിപ്തമാണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഒട്ടുംതന്നെയില്ല. കുടുംബത്തിന്റെ പൊതു നന്മയെ ലക്ഷ്യമാക്കി പരസ്പരം ക്ഷമിക്കുന്നതിനും, വിനയാന്വിതരാകുന്നതിനും തയ്യാറാകാതെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് മുന്‍‌തൂക്കം നല്‍കി വാശിയുടെയും, വൈരാഗ്യത്തിന്റെയും വിഷലിപ്ത ചിന്തകള്‍ നിഷ്കളങ്ക മനസ്സില്‍ കുത്തി വയ്ക്കുന്നു. വളര്‍ന്ന് വരുന്ന തലമുറയെ ശരിയായ പാതയില്‍ നയിക്കുന്നതിനുള്ള അര്‍ഹതയാണ് ഇതിലൂടെ മാതാ പിതാക്കള്‍ നഷ്ടപ്പെടുത്തുന്നത്. ഇത് തിരിച്ചറിയപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കുടുംബങ്ങളിലും, സമൂഹത്തിലും, രാഷ്ട്രീയ രംഗത്തും, മതങ്ങളിലും മാതൃകാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുവാന്‍ തയ്യാറാകാതെ സ്ഥാനമാങ്ങള്‍ മാത്രം ലക്ഷ്യമിടുന്നവരെ സാമൂഹ്യ ദ്രോഹികള്‍ എന്നല്ലാതെ എങ്ങിനെയാണ് അഭിസംബോധന ചെയ്യുക? മാന്യതയുടെ മൂടുപടമണിഞ്ഞ് ധാര്‍മ്മികതയെ കൂച്ച് വിലങ്ങിടുന്ന ഇത്തരം അധമന്മാരെ തിരിച്ചറിഞ്ഞ് സമൂഹത്തില്‍ നിന്നും നിഷ്ക്കാസനം ചെയ്യേണ്ടിയിരിക്കുന്നു. ദുഷ്ക്കരമായ ഈ കര്‍മ്മം നറവേറ്റപ്പെടുമ്പോള്‍ മാത്രമാണ് മാര്‍ഗ്ഗ നിര്‍ദേശം നല്‍കുവാന്‍ കെല്പ്പുള്ള പുതിയൊരു മാതൃകാ നേതൃത്വം ഉയര്‍ത്തെഴുനേല്‍ക്കുക. ഈ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ അടിപതറാതെ അണി ചേരാം, ആദ്യന്തിക വിജയം നമ്മുടെതായിരിക്കും.

മഹാത്മജി വിഭാവനം ചെയ്ത ഭാരതം കെട്ടിപ്പടുക്കുന്നതിന്റെ ആദ്യപടിയെന്ന നിലയില്‍ ‘സമ്പൂര്‍ണ്ണ മദ്യരഹിത കേരളം’ എന്ന പദവി സമീപ ഭാവിയില്‍ കേരളത്തിന് ലഭിക്കട്ടെ എന്ന് ആശംസിക്കാം. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് കെ.പി.സി.സി അദ്ധ്യക്ഷന്‍ ധീരനായ വി എം സുധീരന്റെ മാതൃകാപരമായ മാര്‍ഗ്ഗ നിര്‍ദേശം പ്രതിസന്ധികളെ അതിജീവിച്ച് ലക്ഷ്യപ്രാപ്തിയിലെത്തുന്നതിന് ഊറ്റമായ പിന്തുണ അര്‍ഹിക്കുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment