Flash News

സന്തോഷത്തിന്റെ സമവാക്യങ്ങള്‍ (ലേഖനം – മണ്ണിക്കരോട്ട്)

May 16, 2014 , ജോര്‍ജ്ജ് മണ്ണിക്കരോട്ട്

happy

അടുത്ത സമയത്ത് സൂര്യ എന്ന ചാനലില്‍ കണ്ട ‘ചാമ്പ്യന്‍സ്’ എന്ന പരിപാടി തികച്ചും വ്യത്യസ്ഥവും വേറിട്ടതുമായിരുന്നു. വികലാംഗരുടെയും, അംഗഭംഗം സംഭവിച്ചവരുടെയും കലാ പ്രകടനമായിരുന്നു അത്. അതില്‍ കുരുടര്‍, ചെകിടര്‍, മൂകര്‍, കൈ കാലുകള്‍ക്ക് സ്വാധീനമില്ലാത്തവര്‍, അസുഖം കാരണം അംഗ വൈകല്യം സംഭവിച്ചവര്‍, അപകടത്തില്‍ പെട്ട് അംഗഭംഗം നേരിട്ടവര്‍ എന്നു വേണ്ട ഏതു വിധ ശാരീരിക വൈകല്യങ്ങള്‍ ഉണ്ടാകാമോ അങ്ങനെയുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു കലാ മത്സരം, ചാമ്പ്യന്‍സ്.

അംഗഭഗമോ, അംഗവൈകല്യമോ സംഭവിച്ചവരെങ്കിലും അവരുടെ മുഖത്തെ സന്തോഷം, അവരുടെ ചുണ്ടില്‍ വിരിയുന്ന പുഞ്ചിരി, അവരുടെ മനസ്സിന്റെ നിറവ്, അവരുടെ പെരുമാറ്റത്തില്‍ പ്രസരിക്കുന്ന ആനന്ദം; എല്ലാം ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. വികലാംഗര്‍ സമൂഹത്തില്‍ ഒറ്റപ്പെട്ട് ജീവിതത്തില്‍ ദുഃഖവും സഹിച്ചാണ് ജീവിക്കുന്നതെന്ന് പൊതുവെ ധാരണയുണ്ട്. എന്നാല്‍ അങ്ങനെയുള്ളവരുടെ സന്തോഷം കണ്ടപ്പോള്‍ അതേക്കുറിച്ച് കൂടുതല്‍ ചിന്തിക്കാന്‍ കാരണമായി. സന്തോഷം എന്താണ്? എവിടെയാണ്? എങ്ങിനെയാണ്? ആരാണ് സന്തോഷം അനുഭവിക്കുന്നത്? എങ്ങനെയാണ് സന്തോഷം അനുഭവിക്കേണ്ടത്? സന്തോഷം അനുഭവിക്കാന്‍ എന്ത് ചെയ്യണം? എന്തുകൊണ്ടാണ് എല്ലാവരും സന്തോഷം അനുഭവിക്കാത്തത്? അങ്ങനെ ഈ വിഷയത്തെക്കുറിച്ചുള്ള വിവിധങ്ങളായ ചിന്തകള്‍ എന്റെ മനസ്സിലൂടെ കടന്നുപോയി. ആദ്യമായി സന്തോഷം എന്താണെന്നതിനെക്കുറിച്ചുള്ള ഒരു അന്വേഷണമായിരുന്നു.

സുപ്രസിദ്ധ ചിന്തകനും എഴുത്തുകാരനും ബുദ്ധിജീവിയുമായ ഡെയ്ല്‍ കാര്‍നറി സന്തോഷത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു. സന്തോഷം ഏതെങ്കിലും ബാഹ്യാവസ്ഥകളെ ആശ്രയിച്ചല്ല നമ്മുടെ മനോഭാവമാണ് അതിനെ നയിക്കുന്നത്. മാര്‍ടിന്‍ സെലിഗ്മന്‍ എന്ന മഃനശ്ശാസ്ത്രഞ്ജന്റെ സിദ്ധാന്തപ്രകാരം ‘ജീവിതത്തില്‍ സുഖവും ആനന്ദവും അനുഭവിക്കുകയും ഒരു നല്ല ജീവിതമാണ് നയിക്കുന്നത് എന്ന ചിന്ത ഉണ്ടാകുകയും ജീവിതത്തിന് അര്‍ഥവും പ്രാധാന്യവും ഉണ്ടന്ന അറിവ് ഉണ്ടാവുകയും ചെയ്യുംമ്പോള്‍ സന്തോഷം ഉണ്ടാകുന്നു’. ഇതില്‍ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്. സന്തോഷം നമ്മുടെ മനോഭാവത്തില്‍ അധിഷ്ഠിതമാണെന്നുള്ളത്.

സന്തോഷം സംതൃപ്തിയുടെ അടയാളമാണ്. അങ്ങിനെ സംതൃപ്തി സന്തോഷത്തിന്റെ മുഖ്യ ഘടകമായി മാറുന്നു. ഉള്ളതു കൊണ്ട് തൃപ്തിപ്പെട്ടെങ്കില്‍ മാത്രമേ സംതൃപ്തി അനുഭവപ്പെടാന്‍ കഴിയുകയുള്ളു. സന്തോഷവും സംതൃപ്തിയും ഉണ്ടാകുമ്പോള്‍ ജീവിതത്തില്‍ സമാധാനം കൈവരുന്നു. ‘സന്മനസ്സുള്ളവര്‍ക്ക് സമാധാനം’ എന്നാണല്ലോ ബൈബിളില്‍ പറഞ്ഞിരിക്കുന്നത്. അവിടെയും മനോഭാവമാണ് സമാധാനത്തിന്റെ ആധാരശില. ചുരുക്കത്തില്‍ ഒരു നല്ല ജീവിതമാണ് തങ്ങള്‍ നയിക്കുന്നതെന്നും ജീവിതത്തിന് അര്‍ത്ഥവും പ്രാധാന്യവുമുണ്ടെന്ന മനോഭാവം വളരുകയും ചെയ്യുംമ്പോള്‍ സംതൃപ്തിയും, സന്തോഷവും, സമാധാനവും അനുഭവിക്കാന്‍ കഴിയുന്നു. അതിന് വലിയ പണക്കാരനാകേണ്ടതില്ല. ഉന്നത പദവിയോ സ്ഥാനവലിപ്പമോ കാരണമല്ല. എത്രയുണ്ടന്നുള്ളതല്ല, എത്ര അനുഭവിക്കാന്‍ കഴിയുന്നു എന്നതാണ് പ്രധാനം. അങ്ങിനെയുള്ളവര്‍ക്ക് മാത്രമേ സന്തോഷം പങ്കിടാനും പങ്കുവയ്ക്കാനും കഴിയുകയുള്ളു.

ലോകത്ത് അസമാധാനമാണ് സകല വിപത്തിനും കാരനമെന്ന് പറയേണ്ടതില്ലല്ലോ, അതുപോലെ തന്നെ ജീവിതത്തിലും. ബൈബിളില്‍ പ്രത്യേകിച്ച് പുതിയ നിയമത്തില്‍ ഉടനീളം സമാധാനത്തിന് ഊന്നല്‍ നല്‍കിയിരിക്കുന്നതായി കാണാം. അത് യേശുവിന്റെ ജനനത്തെക്കുറിച്ച് മാലാഖ മറിയത്തോട് അറിയിക്കുന്നത് മുതല്‍ ആരംഭിച്ചിരിക്കുന്നു. ‘കൃപ നിറഞ്ഞവളെ നിനക്ക് സമാധാം.’ യേശു കൃസ്തുവിന്റെ ഗിരി പ്രഭാഷണത്തില്‍ സമാധാനത്തിന് പ്രത്യേക സ്ഥനം കല്പ്പിച്ചിരിക്കുന്നു. ‘സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍…’ അവസാനം മരണത്തിലേക്ക് വിധിക്കും മുന്‍പ് യേശു കൃസ്തു ശിഷ്യന്മാരോട് പറഞ്ഞു. ‘എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നു. ലോകം നല്‍കുന്നതു പോലെയല്ല ഞാന്‍ നല്‍കുന്ന സമാധാനം.’ അതുപോലെ ഉയര്‍ത്തെഴുനേറ്റ യേശു കൃസ്തുവിന് സമാധാനം ആശംസിച്ചുകൊണ്ടാണ് എല്ലായെപ്പോഴും ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ടത്.

ഈ സമാധാനത്തിന്റെ തുടര്‍ച്ചയെന്നോണം കൃസ്ത്യാനികളുടെ വിശുദ്ധ കുര്‍ബ്ബാനയില്‍ പുരോഹിതന്‍ പത്തിലധികം പ്രാവശ്യം ‘നിങ്ങള്‍ക്കെല്ലാവര്‍ക്കും സമാധാനമുണ്ടായിരിക്കട്ടെ’ എന്ന് ആശംസിക്കുന്നു. എന്നു മാത്രമല്ല ‘സമാധാനത്താലെ പോകുവിന്‍’ എന്ന ആശീര്‍‌വാദത്തോടെയാണ് വിശുദ്ധ കുര്‍ബ്ബാന അവസാനിപ്പിക്കുന്നതും.

ഭഗവത് ഗീതയിലും സുഖം അല്ലങ്കില്‍ സന്തോഷത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. 18ആം അധ്യായത്തില്‍ 3 വിധ സുഖ (സന്തോഷം) ത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. സാത്വികസുഖം, താമസസുഖം, രാജസസുഖം. ഇതില്‍ ഉത്തമമായിട്ടുള്ളത് സ്വാഭാവികമായും സാത്വികസുഖമാണല്ലോ.

‘യത്തോദഗ്രേ വിഷമിവ പരിണാമേമൃതോപമം
തല്‍ സുഖം സാത്വികം പ്രോക്തമാത്മബുദ്ധിപ്രസാദം’

യാതൊരു സുഖം ആദ്യം വിഷം പോലെയും അവസാനത്തില്‍ അമൃതം പോലെയുമിരിക്കുന്നുവോ, ആത്മ ബുദ്ധി പ്രസാദത്താലുണ്ടാകുന്ന ആ സുഖം സാത്വികമെന്നു പറയപ്പെടുന്നു’

ചുരുക്കത്തില്‍ കഠിനാദ്ധ്വാനത്തില്‍ നിന്നോ കഠിന ദുഖത്തില്‍ നിന്നോ ആരംഭിക്കുന്ന പ്രവര്‍ത്തികളോ സം‌രംഭങ്ങളോ സ്വന്തം നന്മ കൊണ്ടും ഹൃദയത്തിന്റെ നിര്‍മ്മലത കൊണ്ടും അവസാനം സുഖമായി അല്ലങ്കില്‍ സന്തോഷമായി പരിണമിക്കുന്നുവോ അതാണ് സാത്ത്വിക സുഖം. ഇവിടെ സ്വന്തം അദ്ധ്വാനത്തിലൂടെ നേടിയെടുക്കുന്ന സുഖമാണ് യഥാര്‍ത്ഥ സുഖം അല്ലങ്കില്‍ സന്തോഷം. അത് നമ്മുടെ ഹൃദയ നൈര്‍മല്യത്തിലും മഃനശുദ്ധിയിലും അധിഷ്ഠിതമാണെന്ന് വ്യംഗ്യം. അങ്ങനെയുള്ള നേട്ടത്തില്‍ തൃപ്തരാവുന്നവരുടെ മുഖത്ത് സംതൃപ്തിയുടെ പ്രത്യക്ഷ ലക്ഷണമായ സന്തോഷം കളിയാടുമെന്നുള്ളതിന് സംശയമില്ല. ഇവിടെ പലരും കരുതുന്ന സാമ്പത്തിക നേട്ടം സുഖത്തിനോ സന്തോഷത്തിനോ കാരണമാകുന്നില്ല.

കോടീശ്വരനായിട്ടും ജീവിതത്തില്‍ സുഖമോ, സംതൃപ്തിയോ, സന്തോഷമോ, അനുഭവിക്കാതെ അസമാധാനത്തിലും, അസന്തോഷത്തിലും കഴിയുന്നവരാണ് കൂടുതലും. ഇനിയും സമ്പാദിക്കണമെന്ന തൃഷ്ണ അവരെ മാനസിക വിഭ്രാന്തിയിലേക്കും അസമാധാനത്തിലേക്കും നയിക്കുന്നു. അതുകൊണ്ടാണല്ലോ കോടികള്‍ സമ്പാദിച്ചാലും വീണ്ടും വീണ്ടും വെട്ടിപ്പിടിക്കണമെന്ന വ്യഗ്രതയില്‍ അഴിമതികള്‍ ആവര്‍ത്തിക്കുന്നത്. അത്യാഗ്രഹമെന്ന ചേതോവികാരം ജനങ്ങളെ വഴിതെറ്റിക്കുന്നു. ഇക്കാര്യം മഹാത്മാ ഗാന്ധി അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞു, ഈ ലോകം ഏതൊരു മനുഷ്യനും വേണ്ടുവോളം തൃപ്തിപ്പെടുന്നതിനാവശ്യമായ എല്ലാം നല്‍കിയിട്ടുണ്ട്. എന്നാല്‍ എല്ലാവരുടെയും അത്യാഗ്രഹത്തിന് വേണ്ടത്ര ഇല്ലതാനും. ആഗ്രഹം അതിരു കവിയുമ്പോള്‍ അത്യാഗ്രഹം വിത്തുപാകുന്നു. പിന്നീട് ആ അത്യാഗ്രഹത്തിന്റെ വിഷവിത്ത് വളര്‍ന്ന് പന്തലിക്കും. ക്രമേണ അത് ഏതുതരം വിപത്തിനും കാരണമാകുകയും, മാനസീകവും, സാമ്പത്തീകവുമായ സംഘര്‍ഷത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

എന്നാല്‍ ഇതൊന്നുമില്ലാതെ മനോഭാവം കൊണ്ടു മാത്രം ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് സന്തോഷം അനുഭവിക്കുന്ന ഒരു കൂട്ടരുണ്ട്. അത് സാധാരണക്കാരെ പോലെ ശാരീരിക പ്രാപ്തി ഉള്ളവരല്ലന്നുള്ളതാണ് പ്രത്യേകത. അവരാണ് വികലാംഗരും, അംഗഹീനരും. ഇന്ത്യയില്‍ പൊതുവെ ഇത്തരക്കാരെ ഒറ്റപ്പെടുത്തി, പലപ്പോഴും നികൃഷ്ടജീവികളായിട്ട് പോലും കരുതി പെരുമാറുന്നത് കാണാം. അതിന് വ്യക്തമായ ഉദാഹരണമാണ് അംഗവൈക്ല്യമുള്ളവരെ ആ വിധത്തില്‍ സമൂഹത്തില്‍ അറിയപ്പെടുന്നത്. അങ്ങനെയാണല്ലോ പൊട്ടന്‍, ചട്ടന്‍, പൊട്ടക്കണ്ണന്‍, ചെന്വന്‍, മുറിക്കയ്യന്‍, ഒറ്റക്കയ്യന്‍, ഊമ, കുള്ളന്‍, കൂനന്‍ എന്നു വേണ്ട എന്തെല്ലാം പേരുകള്‍. മാത്രമല്ല അവരെ സമൂഹത്തില്‍ നിന്നും വേര്‍പ്പെട്ടവരായി മാറ്റി നിര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍ അമേരിക്ക പോലുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ അംഗഹീനര്‍ക്ക് പ്രത്യേകം പരിഗണന നല്‍കി അവരെ സമൂഹത്തിന്റെ ഒരു ഭാഗമാക്കി മാറ്റുന്നത് ഇവിടെ വിസ്മരിക്കുന്നില്ല.

അംഗഹീനര്‍ക്കും, വികലാംഗര്‍ക്കും സാധാരണക്കാരെ പോലെ എല്ലാ വിധ വികാരങ്ങളും, കഴിവുകളും ദൈവം കൊടുത്തിട്ടുണ്ടന്ന കാര്യം അവരെ അവഗണിക്കുന്ന സമൂഹം മനസ്സിലാക്കുന്നില്ല. അവരുടെ കഴിവുകള്‍ ലോകത്തിനു മുന്‍പില്‍ വെളിപ്പെടുത്താനുള്ള ശ്രമമായിരുന്നു സൂര്യ ടി.വി ഏറ്റെടുത്തത്. അവരുടെ കലാ പ്രകടനങ്ങള്‍ എത്ര മികച്ച കലാകാരന്മാരെ പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു. വിധികര്‍ത്താക്കളായ എം ജി ശ്രീകുമാറും മുന്‍‌കാല സിനിമാ നടി ലക്ഷ്മിയും സ്വയം മറന്ന് അവരുടെ കലാ പ്രകടനങ്ങള്‍ ആസ്വദിച്ചു. പരിപാടിയില്‍ പങ്കെടുത്തവരെ പ്രശംസിക്കാന്‍ അവര്‍ക്ക് വാക്കുകള്‍ പോരാതായി.

അന്ധതയുടെ നൃത്തത്തില്‍ ഒറ്റക്കായാലും, സംഘമായിട്ടായാലും ഒരു ചുവടോ താളമോ പിഴയ്ക്കാതെ പരിപൂര്‍ണ്ണ കൃത്യതയും സൂക്ഷമതയും നിലനിന്നു. പരിചയ സമ്പന്നരായ നര്‍ത്തകരെക്കാളും മിന്നല്‍ പ്രകടനങ്ങള്‍ കാഴ്ച്ച വയ്ക്കുമ്പോഴും അന്ധരുടെ സംഘനൃത്തത്തില്‍, തമ്മിലുള്ള അകലമോ നിശ്ചിത സ്ഥാനമോ തെല്ലുപോലും തെറ്റുന്നില്ല. കാലുകളും, കൈകളും തളര്‍ന്നവര്‍ മധുരമായി പാടുന്നു, മുഖചലനം കൊണ്ട് മറ്റൊരു മായാലോകം സൃഷ്ടിക്കുന്നു. കൈകളില്ലാത്തവര്‍ കാല്‍ കൊണ്ട് ഭംഗിയായി എഴുതുന്നു, ചിത്രം വരയ്ക്കുന്നു. കാലിനും കൈക്കും സ്വാധീനമില്ലാത്തവര്‍ വായില്‍ പേന കടിച്ച് പിടിച്ച് എഴുതുന്നു, ബ്രഷ് ഉപയോഗിച്ച് വരയ്ക്കുന്നു. കാലുകള്‍ തളര്‍ന്നവര്‍ കൈകൊണ്ടും, ശരീരം കൊണ്ട് മാത്രം നൃത്ത വിസമയം കാഴ്ച്ചവയ്ക്കുന്നു. ജന്മനാ ഒരു കാല്‍ മാത്രമുള്ള തിരുവനന്തപുരംകഅരി വന്ദനയുടെ ഒറ്റക്കാലു കൊണ്ടുള്ള നൃത്തം മികച്ച നര്‍ത്തകരെ പോലും വെല്ലുന്നതായിരുന്നു. അവള്‍ തളികയില്‍ ജലഭരണിയുമായി തളികയില്‍ കയറി നിന്ന് ഒറ്റക്കാലില്‍ നൃത്തം ചെയ്യുന്നത് സദസ്യര്‍ ശ്വാസമടക്കി വീക്ഷിക്കുന്നത് കണ്ടു. തളികയുടെ ബാലന്‍സ് ശരിയാകണ്മെങ്കില്‍ രണ്ട് കാലും വേണ്ടിടത്താണ് ഒറ്റക്കാലുകൊണ്ടുള്ള ഈ സാഹസം.

സ്റ്റേജില്‍ വര്‍മ്പോള്‍ ഈ വികലാംഗരുടെയും, അംഗഹീനരുടെയും മുഖത്തെ സന്തോഷമാണ് കാണേണ്ടിയിരുന്നത്. ആരെയും ആകര്‍ഷിക്കുന്ന പുഞ്ചിരിയും, മനസ്സിന്റെ നിറവില്‍ വിരിയുന്ന ചിരിയും സംസാരത്തിലെ സംതൃപ്തിയും അവരുടെ ജീവിതത്തിലെ സന്തോഷം വിളിച്ച് പറയുന്നതായിരുന്നു. അവര്‍ക്ക് കോടികളില്ല, എന്നാല്‍ മനസ്സിന്റെ സംതൃപ്തിയാണ് അവരുടെ കോടികള്‍. ആ സംതൃപ്തിയാണ് അവരുടെ സന്തോഷത്തിന്റെ അടിസ്ഥാനവും. അത്യാഗ്രഹത്തിന്റെ അതിപ്രസരം കൊണ്ട് അതിരുകളില്ലാത്ത ലോകം വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയില്‍ ഉള്ള സന്തോഷം കൂടി ഇല്ലാതാക്കുന്നവര്‍ ഇത്തരത്തിലുള്ള അംഗഹീനരെ കണ്ട് പഠിക്കേണ്ടതാണ്. അവിടെയാണ് സന്തോഷത്തിന്റെ സമവാക്യങ്ങള്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top