Flash News

നമോവാകം…!

May 17, 2014 , ചീഫ് എഡിറ്റര്‍

title

ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിക്ക് നമോവാകം നേരാം. കാരണം, ഇന്ത്യന്‍ ജനാധിപത്യം ലോകത്തിലെ ഏറ്റവും വലിയ നിസ്സഹായജനതയുടെ പ്രതികരണം കൂടിയാണ്. ഒരു ഇന്ത്യന്‍ വോട്ടര്‍ക്കുമുന്നില്‍ രാഹുല്‍ഗാന്ധിയും നരേന്ദ്രമോദിയും വന്നുനില്‍ക്കുന്നു. ആരെ തെരഞ്ഞെടുക്കണം. എന്തിന് തെരഞ്ഞെടുക്കണം. ഉത്തരമില്ല. ലോകത്തിലെ ഏറ്റവും വൈരുധ്യം നിറഞ്ഞ ഒരു ജനാധിപത്യക്രമം ആശങ്കകളോടെ ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നുവെന്നുപറയാം; നരേന്ദ്രമോദിയുടെ വരവോടെ.

ഈ തെരഞ്ഞെടുപ്പില്‍ എന്താണ് സംഭവിച്ചത് എന്നത് വ്യക്തമാണ്. ബി.ജെ.പിയെ മുന്‍നിര്‍ത്തി ആര്‍.എസ്.എസ് വര്‍ഷങ്ങളായി രൂപപ്പെടുത്തിയെടുത്തുകൊണ്ടിരുന്ന ഹിന്ദുത്വഅജണ്ടയുടെ വിജയകരമായ പരിസമാപ്തിയാണ് ഈ തെരഞ്ഞെടുപ്പില്‍ സംഭവിച്ചത്. നരേന്ദ്രമോദി എന്ന ഒരു ഹിംസാത്മകബിംബമാണ് ഈ അജണ്ടക്ക് ഏറ്റവും യോജിച്ച പ്രതിപുരുഷന്‍. ആ ബിംബത്തിന്‍െറ നിര്‍മിതിയിലായിരുന്നു സംഘ്പരിവാര്‍. മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ ഹിന്ദുത്വ പ്രകടനപത്രികക്ക് അന്തിമരൂപമായി. അയോധ്യയിലെ രാമക്ഷേത്രനിര്‍മാണം, കാശ്മീരിന്‍െറ പ്രത്യേക പദവി റദ്ദാക്കല്‍, ഏകീകൃത സിവില്‍കോഡ്…തുടങ്ങിയവ ആ പ്രകടനപത്രികയില്‍ ഇടം പിടിച്ചത് സ്വഭാവികം. വിവിധങ്ങളായ മതങ്ങളും സംസ്കാരങ്ങളും വിശ്വാസങ്ങളും നിലനില്‍ക്കുന്ന ഒരു സങ്കീര്‍ണ സമൂഹത്തില്‍ ഭരണകൂടം തന്നെ ഇത്തരം ആധിപത്യമതകല്‍പനകള്‍ നടപ്പാക്കുന്നത് വലിയ സംഘര്‍ഷങ്ങളുണ്ടാക്കുമെന്നത് നിശ്ചയം. അതാണ് മോദിക്കുള്ള നമോവാകം അല്‍പം ആശങ്കയോടെയാകാമെന്ന് സൂചിപ്പിച്ചത്.

India-elections002

ഗുജറാത്ത് മോഡല്‍ വികസനമാണ് നന്ദ്രേമോദി കേന്ദ്രത്തിലും ആവര്‍ത്തിക്കാന്‍ പോകുന്നത്. ഗുജറാത്ത് മോഡല്‍ എന്നത് സമീപകാല ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ ഉട്ടോപ്യ കൂടിയാണ്. കാരണം, പുകഴ്ത്തപ്പെടുന്ന മട്ടിലുള്ള വികസനമല്ല ഗുജറാത്തില്‍ സംഭവിച്ചിരിക്കുന്നത്. മറിച്ച്, കോര്‍പറേറ്റുവല്‍ക്കരണത്തിന്‍െറ അമിതപ്രയോഗമാണ്. വിഭവങ്ങളും ഭൂമിയുമെല്ലാം കോര്‍പറേറ്റുകള്‍ക്ക് വലിയ ഇളവുകളോടെ കൈമാറിയിരിക്കുന്നു. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ വില്‍ക്കുന്നു. ഭൂമിയുടെ യഥാര്‍ഥ അവകാശികള്‍ ആട്ടിപ്പുറത്താക്കപ്പെടുന്നു. ഇതോടൊപ്പം, ന്യൂനപക്ഷങ്ങള്‍ ഭീതിയോടെ ഘെട്ടോവല്‍ക്കരണത്തിന് വിധേയരായി കഴിയുന്നു. മല്‍സ്യതൊഴിലാളികള്‍, ആദിവാസികള്‍ എന്നിവര്‍ക്കിടയിലെ ദാരിദ്ര്യവല്‍ക്കണം വ്യാപകമാകുന്നു. എന്നിട്ടും ഈ മോഡലിന്‍െറ നടത്തിപ്പുകാരനായ മോദി ഗുജറാത്തിന്‍െറ വികസനനായകനായി, നാളെ ഇന്ത്യയുടെയും.

ഇതെങ്ങനെ സംഭവിച്ചു? ലോകം അടക്കിവാഴുന്ന കോര്‍പറേറ്റുകള്‍ ഇത്തവണ ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍ അവിഹിതമായി ഇടപെട്ടുവെന്നതിന് നിരവധി തെളിവുകള്‍ പുറത്തുവന്നുകഴിഞ്ഞു. എല്ലാ തവണയും കോണ്‍ഗ്രസിന് കൈയയച്ച് സംഭാവന നല്‍കാറുള്ള കോര്‍പറേറ്റുകള്‍ ഇത്തവണ ബി.ജെ.പിയെയാണ് പിന്തുണച്ചത്. മോദിയുടെ പ്രചാരണത്തിനുവേണ്ടി അവര്‍ കോടികള്‍ ഒഴുക്കി. കോണ്‍ഗ്രസാകട്ടെ, ചിലയിടങ്ങളില്‍ പ്രചാരണത്തിന് പണമില്ലാതെപോലും വിഷമിക്കുന്ന അവസ്ഥയായിരുന്നു. ബി.ജെ.പിയുടെ മുന്നേറ്റം പുറത്തുവന്നയുടന്‍ ഓഹരിവിപണിയിലുണ്ടായ കുതിപ്പ് ഓര്‍ക്കുക. ഗുജറാത്ത് വികസനമോഡലിലൂടെ മോദി കോര്‍പറേറ്റുകള്‍ക്ക് നല്‍കിയ സന്ദേശമാണ്, അവരുടെ ഈ അവിഹിത ഇടപെടലിന് നിമിത്തമായത്. കോര്‍പറേറ്റുകള്‍ മാത്രമല്ല, മീഡിയയും ഇത്തവണ മോദിക്കൊപ്പമായിരുന്നു. ഇന്ത്യന്‍ മധ്യവര്‍ഗം നിയന്ത്രിക്കുന്ന പത്രങ്ങളും ചാനലുകളും മോദിക്കുവേണ്ടി ഇത്തവണ നാണംകെട്ട് രംഗത്തിറങ്ങി. അത് ഒരു വലിയ പ്രതിച്ഛായാനിര്‍മിതിയുടെ ഫലം മോദിക്ക് ഉണ്ടാക്കിക്കൊടുത്തു.

India-elections003

മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ടുമാത്രം ഇന്ത്യയൊപ്പോലൊരു ജനാധിപത്യരാജ്യത്തിന്‍െറ ഭരണനിയന്ത്രണം പിടിച്ചെടുക്കുക എളുപ്പമല്ല. ബി.ജെ.പിയുടെ വിജയത്തിന് കളമൊരുക്കാന്‍ മാത്രമേ ഈ കാരണങ്ങള്‍ക്ക് കഴിയൂ. യഥാര്‍ഥ പ്രതി, ഇവരാരുമല്ല, കോണ്‍ഗ്രസ് തന്നെയാണ്. ചരിത്രത്തിലെ ഏറ്റവും ദയനീയമായ തോല്‍വി ഏറ്റുവാങ്ങി, ഒരു പ്രതിപക്ഷനേതാവിനെകൂടി സംഭാവന ചെയ്യാനാകാതെ വീണുകിടക്കുന്ന ഈ പാര്‍ട്ടിയാണ് മോദി യുഗത്തിന് തുടക്കം കുറിക്കാന്‍ കാരണക്കാര്‍.

അത് മന്‍മോഹന്‍സിംഗില്‍നിന്ന് തുടങ്ങുന്നതുമല്ല, ശരിക്കും പറഞ്ഞാല്‍, പി.വി നരസിംഹറാവു തൊണ്ണൂറുകളില്‍ തുടങ്ങിവച്ച ആഗോളീകരണത്തില്‍നിന്ന് തുടങ്ങുന്നു ഇന്ത്യയില്‍ തീവ്രവംശീയതയുടെ വളര്‍ച്ച. അത് ഇന്നത്തെ രാഷ്ട്രീയ സംഘടനാസംവിധാനത്തിലേക്ക് വളര്‍ത്തിയെടുത്തത് തീര്‍ച്ചയായും മന്‍മോഹന്‍സിംഗിന്‍െറ പത്തുവര്‍ഷത്തെ ഭരണമാണ്.

യു.പി.എ സര്‍ക്കാര്‍ ഇന്ത്യയിലെ സാധാരണ ജനവിഭാഗത്തെ തീരെ കണക്കിലെടുത്തില്ല എന്ന് പറയാനാകില്ല. രണ്ടാം യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് ദാരിദ്ര്യവല്‍ക്കരണം കുറക്കാനും സ്ത്രീശാക്തീകരണത്തിനും സഹായകമായ നടപടികള്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ കൈക്കൊണ്ടു. ജനാധിപത്യാവകാശത്തെ സാര്‍ഥകമാക്കുന്ന വിവരാവകാശം പോലുള്ള നിയമനിര്‍മാണങ്ങള്‍ സ്വീകരിച്ചു. എന്നാല്‍, ഇതിന്‍െറ എത്രയോ ഇരട്ടിയായിരുന്നു, അഴിമതിയുടെ വ്യാപനം. രാജ്യത്തിന്‍െറ വിലപ്പെട്ട കോടികളാണ് പലരും കീശയിലാക്കിയത്. പൊതുമുതലും വിഭവങ്ങളും വന്‍തോതില്‍ കട്ടുമുടിച്ചു. അവ സ്വന്തക്കാര്‍ക്ക് പങ്കുവെക്കപ്പെട്ടു. മന്ത്രിമാരടക്കമുള്ളവര്‍ തീഹാര്‍ ജയില്‍ അന്തേവാസികളായി. വിലക്കയറ്റം പൊറുതിമുട്ടിക്കാത്ത ഒരു ദിവസം പോലും ഈ പത്തുവര്‍ഷത്തിനിടെ ഇന്ത്യക്കാരന്‍െറ ജീവിതത്തിലുണ്ടായിട്ടില്ല. അരി മുതല്‍ പാചകവാതകത്തിനുവരെ വില കൂടി. വിലവര്‍ധനവിന് ഇടയാകും വിധം നിയമനിര്‍മാണങ്ങള്‍ വരെയുണ്ടായി. എണ്ണയുടെ വിലനിയന്ത്രണാധികാരം കുത്തകകള്‍ക്ക് വിട്ടുകൊടുക്കുന്നതുള്‍പ്പെടെയുള്ള ജനവിരുദ്ധമായ എത്രയോ നടപടികള്‍ ജനങ്ങളെ ശ്വാസം മുട്ടിച്ചു. ഫലമോ? പത്തുവര്‍ഷത്തിനിടെ, ഇന്ത്യയില്‍ റിലയന്‍സ് അടക്കമുള്ള കുത്തകകള്‍ വന്‍ സമ്പന്നരായി. ലൈസന്‍സ് രാജ് അവര്‍ക്കായി നടപ്പാക്കപ്പെട്ടു.

ഇതിന് സമാന്തരമായി കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ സംഘടനയും ജനങ്ങളുടെ പ്രതീക്ഷകളില്‍നിന്ന് ഏറെ അകന്നുപോയി. കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുല്‍ഗാന്ധി എന്ന യുവാവിന് എന്ത് യോഗ്യതയാണുള്ളതെന്ന കാര്യം ജനം പഠിപ്പിച്ചുകൊടുക്കുംവരെ കോണ്‍ഗ്രസിന് മനസ്സിലായില്ല. (വോട്ടെണ്ണലിന്‍െറ ഒരു ഘട്ടത്തില്‍ മൂന്നാംസ്ഥാനത്തുപോലും എത്തി ഈ ‘പ്രധാനമന്ത്രി’ സ്ഥാനാര്‍ഥി). രാജ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ ഇതുവരെ മൗലികമായ ഒരു അഭിപ്രായം പോലും പറയാത്ത, കോടികള്‍ വരുന്ന ഇന്ത്യന്‍ ജനതയെ നയിക്കാന്‍ പക്വതയുള്ള നേതാവാണെന്ന് ഒരു ചലനത്തില്‍പോലും തെളിയിക്കാത്ത നേതാവാണ് രാഹുല്‍. കോണ്‍ഗ്രസ് ജനങ്ങളുടെ മേല്‍ ഈ യുവാവിനെ അടിച്ചേല്‍പ്പിക്കുകയായിരുന്നു. അത് ജനങ്ങള്‍ തിരിച്ചറിഞ്ഞുവെന്ന് അമത്തേിയിലെ തെരഞ്ഞെടുപ്പുഫലം തെളിയിക്കുന്നു.

India-elections006

വോട്ടെണ്ണലിന്‍െറ ആദ്യ മണിക്കൂറുകളില്‍ ബി.ജെ.പിയുടെ സ്മൃതി ഇറാനിക്ക് പിന്നിലായ രാഹുല്‍ പിന്നീട് തിരിച്ചുവന്നെങ്കിലും ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു. 1,01,820 വോട്ടുകള്‍ക്കാണ് രാഹുല്‍ ജയിച്ചത്. 2009ല്‍ ഭൂരിപക്ഷം 3,70,000ത്തിന് മുകളിലായിരുന്നു. 2004ല്‍ മൂന്നു ലക്ഷത്തിനടുത്തും. ഗാന്ധി കുടുംബത്തിന്‍െറ തട്ടകത്തില്‍ രാഹുലിന് രണ്ടു ലക്ഷം വോട്ടിന്‍െറ കുറവുണ്ടായത് നിസ്സാരകാര്യമല്ല. ഗാന്ധി കുടുംബാംഗങ്ങള്‍ മത്സരിച്ചപ്പോഴെല്ലാം വലിയ മാര്‍ജിനില്‍ വിജയിപ്പിച്ച ചരിത്രമാണ് മണ്ഡലത്തിന്‍േറത്. പാര്‍ട്ടിയുടെ വന്‍ പരാജയത്തിനൊപ്പം അമത്തേിയിലെ തിളക്കം കുറഞ്ഞ വിജയവും കൂടി ചേര്‍ത്താണ് രാഹുലിന്‍െറ നേതൃത്വത്തിനെതിരെ ചോദ്യങ്ങളുയരുന്നത്.

ജനാധിപത്യപരമായി പുനഃസംഘടിപ്പിക്കാത്ത സംഘടനാസംവിധാനം എല്ലാ സംസ്ഥാനങ്ങളിലും ശരിക്കും കോണ്‍ഗ്രസിന് ബാധ്യതയാവുകയായിരുന്നു. ഹൈക്കമാന്‍ഡ് എന്ന സ്വേച്ഛാധിപത്യസംവിധാനം വഴി നിയന്ത്രിക്കപ്പെടുന്ന നേതാക്കളുടെ കൂട്ടമായി പാര്‍ട്ടി മാറി. ഈ ഹൈക്കമാന്‍ഡിനാകട്ടെ, ഒരു ഘട്ടത്തില്‍പോലും പാര്‍ട്ടിയെ സജീവമായി ചലിപ്പിക്കാനായില്ല. നെഹ്റു കുടുംബം എന്ന പാരമ്പര്യബാധ്യതയും പേറി എത്രനാള്‍ ഈ പാര്‍ട്ടിക്ക് മുന്നോട്ടുപോകാനാകും?

ഇത്തവണ കൂട്ടമായി ബി.ജെ.പിക്ക് വോട്ടുചെയ്ത യുവാക്കളുടെ പുതുതലമുറ വോട്ടര്‍മാരെ ശരിക്കും പ്രതിനിധീകരിക്കേണ്ട പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസ്. നേതാവ് ഒരു യുവാവായിരുന്നിട്ടുപോലും കോണ്‍ഗ്രസിന് അതിന് കഴിഞ്ഞില്ല. കോണ്‍ഗ്രസിന്‍െറ ദയനീയ പരാജയത്തിന് ആക്കം കൂട്ടിയത് ഈയൊരു ഘടകം കൂടിയായിരുന്നു. നെഹ്റുവിനുശേഷം ഇന്ദിരയുണ്ടായതുപോലെ, ജനകീയനായ ഒരു നേതാവിനെ സംഭാവന ചെയ്യാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ജനാധിപത്യത്തിന്‍െറ പുതുയുഗത്തിലും ഒരു കുടുംബത്തിന്‍െറ മാത്രം വിധിതീര്‍പ്പില്‍ വിശ്വാസമര്‍പ്പിച്ച് നീങ്ങിയതാണ് കോണ്‍ഗ്രസിന് ദുര്യോഗത്തിനുകാരണം.

നരേന്ദ്രമോദിക്ക് അഞ്ചുവര്‍ഷം ഇന്ത്യയെ വിട്ടുകൊടുക്കാം. ഒൗദ്യോഗിക പ്രതിപക്ഷംപോലുമില്ലാത്ത പാര്‍ലമെന്‍റുമായി അദ്ദേഹം ഭരിക്കട്ടെ. പാര്‍ലമെന്‍റിനുപുറത്ത്, ഇന്ത്യയുടെ ഞരമ്പുകളില്‍ ഇപ്പോഴും ഏറ്റവും കൂടുതല്‍ വേരോട്ടമുള്ള പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണ്. ഇന്ത്യയുടെ ഗ്രാമഗ്രാമാന്തരങ്ങളില്‍ വേരോടിക്കിടക്കുന്ന പാര്‍ട്ടി സിരകളെ ഉണര്‍ത്താന്‍ കോണ്‍ഗ്രസ് ഈ സമയം വിനിയോഗിക്കണം. തോല്‍വിയുടെ പാഠങ്ങള്‍ അതിന് ഉപയോഗപ്പെടുത്തണം. സംസ്ഥാനങ്ങളില്‍ അതാതുജനതയുടെ ഇച്ഛ മനസ്സിലാക്കാന്‍ കഴിവുള്ള നേതൃത്വങ്ങള്‍ വരട്ടെ. ഹൈക്കമാന്‍ഡ് എന്നത് ജനാധിപത്യപരമായി പുനഃസംഘടിപ്പിക്കപ്പെടട്ടെ. ഒരു കുടുംബത്തിന്‍െറ ഏകഛത്രാധിപത്യത്തില്‍നിന്ന് മോചിതമായി പാര്‍ട്ടി യഥാര്‍ഥ ജനകീയ ജനാധിപത്യ സംഘടനയാകട്ടെ. മോദിക്ക് ഇനി പ്രാര്‍ഥനകളുടെ ആവശ്യമില്ല, ആവശ്യം കോണ്‍ഗ്രസിനാണ്. അത് ഓരോ ഇന്ത്യക്കാരന്‍െറ മനസ്സില്‍നിന്നും ഉയരേണ്ട സന്ദര്‍ഭമാണിത്.

India-elections009


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top