കൂടല്‍മാണിക്യം ഉല്‍സവം ആറാട്ടോടെ സമാപിച്ചു

koodalmanikyam aarattuഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് സമാപനം കുറിച്ച് ചാലക്കുടി കൂടപ്പുഴ ആറാട്ടുകടവില്‍ ആറാട്ട് നടന്നു. കൂടപ്പുഴയിലെ ആറാട്ടുകടവില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ തിടമ്പ് ഇറക്കി വെച്ച് പൂജ നടത്തി. തന്ത്രി നഗരമണ്‍ ത്രിവിക്രമന്‍ നമ്പൂതിരി, മേല്‍ശാന്തി പുത്തില്ലം അനന്തന്‍ നമ്പൂതിരി തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു.

പിന്നീട് സംഗമേശ്വരന്‍െറ ആറാട്ട് നടന്നു. സംഗമേശ്വര വിഗ്രഹം മൂന്നുതവണ പൂജിച്ച് മൂന്നുതവണ പുഴയില്‍ മുങ്ങിനിവര്‍ന്നു. ഭക്തജനങ്ങളും ആര്‍പ്പുവിളികളോടെ സംഗമേശ്വരനൊപ്പം പുഴയില്‍ മുങ്ങിനിവര്‍ന്നു. അതിനുശേഷം മഞ്ഞള്‍ പ്രസാദം വിതരണം ചെയ്തു. പ്രത്യേകം തയാറാക്കിയ പാള പാത്രങ്ങളില്‍ ഭക്തര്‍ക്ക് കഞ്ഞി വിതരണം ചെയ്തു.

ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു പള്ളിനീരാട്ട്. തുടര്‍ന്ന് പൊലീസിന്‍െറ ഗാര്‍ഡ്ഓഫ് ഓണര്‍ സ്വീകരിച്ച് ആര്‍പ്പും കുരവയുമായി ഭക്തര്‍ ആറാട്ടിനായി കൂടപ്പുഴ ആറാട്ടുകടവിലേക്ക് പുറപ്പെട്ടു. വഴിനീളെ ഭക്തരുടെ വഴിപാടായി പറ സ്വീകരിച്ചായിരുന്നു തിരിച്ചെഴുന്നള്ളത്ത്. പള്ളിനീരാട്ട് കഴിഞ്ഞ് രാത്രി 10 ഓടെ ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍നിന്ന് സമീപത്തെ ആല്‍ത്തറക്കല്‍ എത്തിയ ഭഗവാനെ പഞ്ചവാദ്യത്തോടെയാണ് സ്വീകരിച്ചത്. കുട്ടംകുളം പന്തല്‍വരെ പഞ്ചവാദ്യത്തിന്‍െറ അകമ്പടിയോടെ ഭഗവാനെ സ്വീകരിച്ച് തുടര്‍ന്ന് ചെമ്പട കൊട്ടിയും അകത്തേക്ക് ആനയിച്ചു. പിന്നെ, പഞ്ചാരിമേളത്തോടെയായിരുന്നു ഒരു പ്രദക്ഷിണം. തുടര്‍ന്ന് നാഗസ്വരത്തിന്‍െറ അകമ്പടിയോടെ 11 പ്രദക്ഷിണവും നടത്തി ഭഗവാനെ ശ്രീകോവിലിലേക്ക് ആനയിച്ച് പൂജക്കുശേഷം മൂല ബിംബത്തിലേക്ക് ആനയിച്ചു. തുടര്‍ന്ന് കൊടിക്കല്‍പറയോടെ ക്ഷേത്രോത്സവത്തിന് സമാപനമായി.

Print Friendly, PDF & Email

Related News

Leave a Comment