Flash News

ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റ് – ഹ്യൂസ്റ്റനില്‍ ചര്‍ച്ചാ സമ്മേളനം നടത്തി.

May 24, 2014 , എ. സി. ജോര്‍ജ്ജ്

3-Muthukad and Magic planet meet at Houston

ഹ്യൂസ്റ്റന്‍: ലോകത്തില്‍ ആദ്യമായി മാജിക്കിനും ലോകോത്തര വിസ്മയങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ട് ഒരു മാജിക് അക്കാദമിയും സര്‍വകലാശാലയും ഉള്‍പ്പടെ ഒരു മാജിക് പ്ലാനറ്റു തന്നെ തിരുവനന്തപുരത്ത് കഴക്കൂട്ടം സൈനിക സ്‌കൂളിനടുത്ത് കിന്‍ഫ്രാ ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ ഒരുങ്ങുകയാണ്. അതിന്റെ പ്രസക്തിയെപ്പറ്റി വിശദീകരിക്കാനായി ഗോപിനാഥ് മുതുകാടും ഭാര്യ കവിതാ ഗോപിനാഥും ആഗോള പര്യടനത്തിനിടെ ഹ്യൂസ്റ്റനിലും എത്തി.

മെയ് പതിനെട്ടാം തിയ്യതി വൈകുന്നേരം പ്രസിദ്ധ ചലച്ചിത്ര താരമായ ദിവ്യാ ഉണ്ണിയുടെ ഹ്യൂസ്റ്റനിലെ ‘ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ്’ നൃത്ത വിദ്യാലയത്തിന്റെ ഓഡിറ്റോറിയത്തിലായിരുന്നു വിശദീകരണ യോഗവും ചര്‍ച്ചയും. വീഡിയോ പ്രസന്റേഷനിലൂടെ ഈ ബൃഹത്തായ പദ്ധതിയെപ്പറ്റി ഗോപിനാഥ് മുതുകാട് വിശദീകരിച്ചു. 75 ഏക്കറുള്ള കേരളാ ഗവണ്‍മെന്റിന്റെ കിന്‍ഫ്രാ പാര്‍ക്കിന്റെ ഒരു ഭാഗത്താണ് മാജിക് പ്ലാനറ്റും വിഭാവനം ചെയ്തിരിക്കുന്നത്. പ്രസിദ്ധ സിനിമാതാരം മോഹന്‍ലാലിന്റെ വിസ്മയാ മാക്‌സ് സ്റ്റുഡിയോ കോംപ്ലക്‌സും അതിനടുത്ത് കിന്‍ഫ്രാ പാര്‍ക്കില്‍ തന്നെയാണ്. 3 ഏക്കര്‍ സ്ഥലമാണ് മാജിക് പ്ലാനറ്റിനായി ഇവിടെ കേരളാ ഗവണ്‍മെന്റ് അനുവദിച്ചിരിക്കുന്നത്.

അനിമേഷന്‍ മാജിക് അനുബന്ധമായ പ്രായോഗിക വിഷയങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തി അധ്യയനം നടത്തുകയും അതില്‍ ഉന്നത ബിരുദം നേടാനും ഇവിടെ അവസരമുണ്ടാകും. തെരുവിലൂടെ അലഞ്ഞു നടന്ന് മാജിക്കിലൂടെയും കണ്‍കെട്ടിലൂടെയും ഉപജീവനം നടത്തുന്ന പട്ടിണിപ്പാവങ്ങളായ കലാകാരന്മാര്‍ക്ക് വേദികൊടുക്കാനും അവരെ മാന്യമായ രീതിയില്‍ പുനരധിവസിപ്പിക്കാനും ഇവിടെ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ലോകത്തിലെ അതിപ്രശസ്തരായ മജീഷ്യന്‍മാരെ ഉള്‍പ്പെടുത്തിക്കൊണ്ട് മാജിക് മഹോല്‍സവങ്ങളും മാമാങ്കങ്ങളും നടത്താന്‍ പ്ലാനുണ്ട്. മാജിക് വിസ്മയങ്ങള്‍ക്കൊപ്പം വിദ്യാഭ്യാസത്തിനും, ബുദ്ധി വികാസത്തിനും ഊന്നല്‍ നല്‍കിയുള്ള ഒരു പാഠ്യ പദ്ധതി മാജിക് അക്കാദമിയിലുണ്ടാകും.

നിര്യാതനായ മലയാറ്റൂര്‍ രാമകൃഷ്ണനാണ് മാജിക് അക്കാദമിയുടെ ഫൗണ്ടര്‍ പേട്രന്‍. ഇപ്പോഴത്തെ പേട്രന്‍ ജ്ഞാനപീഠ പുരസ്‌കാര ജേതാവായ പത്മവിഭൂഷണ്‍ ഒ. എന്‍. വി. കുറുപ്പാണ്. മാജിക് അക്കാദമിയുടെയും മാജിക് പ്ലാനറ്റിന്‌റെയും എക്‌സിക്യുട്ടീവ് ഡയരറക്ടറായി ഗോപിനാഥ് മുതുകാട് പ്രവര്‍ത്തിക്കുന്നു.

മാജിക്കായാലും മജീഷ്യനായാലും ഒരുത്തമ വിഷന്‍ അതായത് ഉദ്ദേശശുദ്ധിയും സാമൂഹ്യസേവന പ്രതിബദ്ധതയും ഉണ്ടായിരിക്കണം, ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയുള്ള ഈ മഹാസംരഭത്തിലേക്ക് ലോകത്തിലെ ഏതു കോണിലുള്ളവര്‍ക്കും ഭാഗമാകാമെന്ന് ശ്രീ മുതുകാട് പറഞ്ഞു.

സിനിമാ താരം ദിവ്യാ ഉണ്ണി നന്ദി പ്രസംഗം നടത്തി. ജി. കെ പിള്ള, ഹരികുമാര്‍ നായര്‍, മാധവദാസ് നായര്‍, തോമസ് തയ്യില്‍, ഹരിഹരന്‍ നായര്‍, ബീനാ നായര്‍, എബ്രഹാം തോമസ്, ശാന്തി ഹരി, പൊന്നു പിള്ള, നയിനാന്‍ മാത്തുള്ള, കാലിയത്ത് താലിസന്‍, അശ്വതി കാലിയത്ത്, രാജേഷ് നായര്‍, കവിതാ ഗോപിനാഥ്, എ. സി. ജോര്‍ജ്ജ് തുടങ്ങിയവര്‍ ചര്‍ച്ചാ സമ്മേളനത്തില്‍ സജീവമായി പങ്കെടുത്തു.

4-Magic Acadamy

5-Gopinath Muthukad magician


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top