കെ.പി.സി.സി യോഗത്തില്‍ കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം

K.Sudhakaran2_5തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേര്‍ന്ന കെ പി സി സി നിര്‍വാഹക സമിതി യോഗത്തില്‍ കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. കെ സുധാകരനും ടി സിദ്ദീഖും അടക്കമുള്ളവര്‍ ദേശീയ നേതൃത്വത്തിന്റെ പിടിപ്പൂകേടിനെ അതിരൂക്ഷമായാണ് വിമര്‍ശിച്ചത്.

യുവത്വം പ്രവര്‍ത്തിയിലാണ് വേഷത്തിലല്ല ഉണ്ടാകേണ്ടതെന്ന് രാഹുലിനെ പരസ്യമായി വിമര്‍ശിച്ച് കെ.സുധാകരന്‍ പറഞ്ഞു. നയപരമായ തീരുമാനങ്ങളെടുത്തത് പലപ്പോഴും രാഷ്ട്രീയ പാരമ്പര്യമില്ലാത്തവരമായിരുന്നു. രാജാവ് നഗ്നനാണെന്ന് പറയാന്‍ ആരെങ്കിലും വേണം അല്ലെങ്കില്‍ രാജ്യത്ത് കോണ്‍ഗ്രസ് കുഴിച്ചുമൂടപ്പെടും. കേന്ദ്രനേതൃത്വത്തിന്റെ തെറ്റുകളുടെ പാപഭാരം സംസ്ഥാനത്തിന് ഏറ്റെടുക്കേണ്ടി വന്നെന്ന് ടി.സിദ്ധിഖ് പറഞ്ഞു.

മമ്മൂട്ടി അഭിനയിക്കേണ്ട ചിത്രത്തില്‍ ദുല്‍ക്കര്‍ അഭിനയിച്ചാല്‍ തത്ക്കാലം അത് ശരിയാവില്ലെന്നായിരുന്നു കോഴിക്കോട് ഡി.സി.സി അധ്യക്ഷന്‍ കെ.സി അബുവിന്റെ വിമര്‍ശനം. രാഹുലിന് പകരം പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് വരണമെന്ന അഭിപ്രായവും യോഗത്തിനിടെ ഉയര്‍ന്നു.

കണ്ണൂരിലെ തോല്‍വിക്ക് കാരണക്കാരനായ പി.രാമകൃഷ്ണനെതിരെ നടപടിയെടുക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. പി രാമകൃഷ്ണനും കെ.സുധാകരനും ശരിയാണെന്ന ആണും പെണ്ണും കെട്ട നിലപാട് ശരിയല്ലെന്നും ഏതെങ്കിലും ഒരാള്‍ ശരിയാണെന്ന് നേതൃത്വം തീരുമാനിക്കണമെന്നും കെ.സുധാകരന്‍ പറഞ്ഞു. പി രാമകൃഷ്ണനെതിരെ നടപടി എടുത്തില്ലെങ്കില്‍ തുടര്‍ന്നുള്ള കെ.പി.സി.സി എക്‌സിക്യൂട്ടീവില്‍ പങ്കെടുക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

കെ.സുധാകരനെതിരെ രാമകൃഷ്ണന്‍ ഉന്നയിച്ച പരസ്യ വിമര്‍ശനങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇടതുപക്ഷം വ്യാപകമായി ഉപയോഗിച്ചിരുന്നു. എ ഗ്രൂപ്പ് നേതാവായ രാമകൃഷ്ണനും അനുയായികളും തിരഞ്ഞെടുപ്പില്‍ സുധാകരനുവേണ്ടി കാര്യമായി പ്രവര്‍ത്തിച്ചില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News