കാതറിന്‍ ബൂത്ത് ഹോസ്പിറ്റല്‍ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥികളുടെ സംഗമം അവിസ്മരണീയമായി

1

സണ്ണിവെയ്ല്‍: നാഗര്‍ കോവില്‍ സാല്‍വേഷന്‍ ആര്‍മി കാതറിന്‍ ബൂത്ത് ആശുപത്രിയില്‍ നഴ്‌സിങ്ങ് പരിശീലനം പൂര്‍ത്തിയാക്കി അമേരിക്കയില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ അമ്പത് വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ഡാളസ്സില്‍ ഒത്തുചേര്‍ന്നു.

അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും, കാനഡയില്‍ നിന്നുമുള്ള അറുപതോളം നഴ്‌സുമാരാണ് മെയ് 30 വെള്ളിയാഴ്ച്ച രാവിലെ മുതല്‍ സണ്ണി വെയ്ല്‍ അഗപ്പെ കോണ്‍ഫ്രന്‍സ് ഹാളില്‍ സമ്മേളിച്ചത്.

1949-ല്‍ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥി ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ അര ശതാബ്ദത്തോളം നീണ്ട നഴ്‌സിങ്ങ് പ്രൊഫഷണില്‍ അനുഭവിക്കേണ്ടി വന്ന അവിസ്മരമീയ സംഭവങ്ങള്‍ പങ്കുവെച്ചത് കൂടിയിരുന്നവരില്‍ സമ്മിശ്ര പ്രതികരണമാണുളവാക്കിയത്.

അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നഴ്‌സിങ്ങ് പരിശീലനത്തിന് പോകുന്നതു തന്നെ പലരിലും വെറുപ്പുളവാക്കുന്നതായിരുന്നു. മാതാപിതാക്കളുടെ എതിര്‍പ്പുകളെ പോലും അവഗണിച്ച് നഴ്‌സിങ്ങ് പരിശീലനത്തിനു പോയവര്‍ പിന്നീട് കുടുംബാംഗങ്ങളുടെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്.

കാതറിന്‍ ഹോസ്പിറ്റലില്‍ നിന്നും ലഭിച്ച അച്ചടക്കവും, പരിശീലനവുമാണ് തങ്ങളുടെ ജീവിതത്തിന് വഴിത്തിരിവായതെന്ന് പ്രസംഗിച്ചവരില്‍ എല്ലാവരും തന്നെ ഐക്യകണ്‌ഠേനെ അഭിപ്രായപ്പെട്ടു. ആരംഭ കാലങ്ങളില്‍ അമേരിക്കയില്‍ എത്തിയ പലരും അനുഭവിച്ച തിക്താനുഭവങ്ങള്‍ വിവരിച്ചത് പലരുടെയും കണ്ണുകളെ ഈറനണിയിച്ചു.

മെയ് 30ന് രാവിലെ 9 മണിക്ക് ഡോ. വര്‍ഗീസ് സാമുവേലിന്റെ പ്രാര്‍ത്ഥനയോടെയാണ് സമ്മേളനം ആരംഭിച്ചത്. സമ്മേളനത്തിന്റെ പ്രധാന ഓര്‍ഗനൈസര്‍ വിജയം രാജു സ്വാഗതം ആശംസിച്ചു. സൂസന്‍ അബ്രഹാം, നിശ്ചയിക്കപ്പെട്ട പാഠം വായിച്ചു. ഐപ് മത്തായി പ്രാരംഭ പ്രഭാഷണം നടത്തി. ജയമണി, ഏല്യാമ്മ, ശോശാമ്മ ജോര്‍ജ്ജ്, അന്നമ്മ തോമസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് പങ്കെടുത്തവര്‍ തങ്ങളുടെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചു. അന്നമ്മ ചെറിയാന്‍ നന്ദിയും ശെല്‍വരാജിന്റെ സമാപന പ്രാര്‍ത്ഥനക്കുശേഷം ചെറിയാന്‍ കോശി ആശീര്‍വാദവും പറഞ്ഞു.

അടുത്ത റീ യൂണിയന്‍ 2016 ല്‍ ടെക്സസ്സ് ഹൂസ്റ്റണില്‍ വെച്ച് നടത്തുന്നതിന് യോഗം തീരുമാനിച്ചു.

സാല്‍വേഷന്‍ ആര്‍മി കാതറിന്‍ ബൂത്ത് ഹോസ്പിറ്റലില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കി അമേരിക്കാ, കാനഡ എന്നീ രാജ്യങ്ങളില്‍ ആതുര ശുശ്രൂഷാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തുന്നതിനും, സമ്മേളനം സംഘടിപ്പിക്കുന്നതിനും നേതൃത്വം നല്‍കിയ വിജയം രാജുവിനെ സമ്മേളനത്തില്‍ പങ്കെടുത്തവന്‍ പ്രത്യേകം അഭിനന്ദിച്ചു.

കോര്‍ഡിനേറ്റര്‍ വിജയം രാജു, അന്നമ്മ ചെറിയാന്‍, ശോശാമ്മ എബ്രഹാം എന്നിവരാണ് സംഗമം വിജയിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത്.

സമ്മേളനാന്തരം സ്വാദിഷ്ഠമായ ഉച്ചഭക്ഷണവും കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ പ്രായത്തെ പോലും അവഗണിച്ച് അടുത്ത രണ്ടു വര്‍ഷത്തിന് ശേഷം വീണ്ടും കാണാം എന്ന ആത്മവിശ്വാസം എല്ലാവരുടെയും മുഖത്ത് പ്രകടമായിരുന്നു.

2

3

4

5

Print Friendly, PDF & Email

Related News

Leave a Comment