യോങ്കേഴ്‌സില്‍ ഈസ്റ്റര്‍-വിഷു, മോദി വിജയാഘോഷങ്ങള്‍ ജൂണ്‍ ഏഴിന്‌

imageന്യൂയോര്‍ക്ക്‌: ജനശ്രദ്ധ പിടിച്ചുപറ്റിയ യോങ്കേഴ്‌സിലെ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റിയുടെ 2014-ലെ ഈസ്റ്റര്‍- വിഷു, മോദി വിജയാഘോഷങ്ങള്‍ ജൂണ്‍ ഏഴിന്‌ ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 1 മണി മുതല്‍ 1500 സെന്‍ട്രല്‍ പാര്‍ക്ക്‌ അവന്യൂവിലുള്ള യോങ്കേഴ്‌സ്‌ പബ്ലിക്‌ ലൈബ്രറിയുടെ ഓഡിറ്റോറിയത്തില്‍ വെച്ച്‌ പ്രൗഢഗംഭീരമായി നടത്താന്‍ തീരുമാനിച്ചിരിക്കുന്ന വിവരം ഭാരവാഹികള്‍ അറിയിക്കുന്നു.

ന്യൂയോര്‍ക്കിലെ തണുത്ത കാലാവസ്ഥയും, ഇന്ത്യയിലെ തിരഞ്ഞെടുപ്പും കാരണമാണ്‌ ഈവര്‍ഷത്തെ ഈസ്റ്റര്‍- വിഷു ആഘോഷങ്ങള്‍ വൈകുവാന്‍ കാരണം. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി ഗവണ്‍മെന്റിന്‌ അര്‍ഹിക്കുന്ന അനുമോദനങ്ങള്‍ അര്‍പ്പിക്കേണ്ടത്‌ ഓരോ ഇന്ത്യക്കാരന്റേയും ധര്‍മ്മമാണെന്ന വിശ്വാസത്തിലാണ്‌ ഇങ്ങനെയൊരു വേദിയൊരുക്കാന്‍ കാരണം.

ശക്തമായ ഒരു ഗവണ്‍മെന്റ്‌ ഇന്ത്യയില്‍ ഇല്ലാതിരുന്നതിന്റെ ഭവിഷ്യത്തുകള്‍ പ്രവാസികളായ നാം ഇത്രയും കാലം അനുഭവിച്ചുകഴിഞ്ഞു. ശക്തമായ ഒരു ഗവണ്‍മെന്റിനു മുന്നില്‍ ശത്രുക്കള്‍ പോലും മുട്ടുമടക്കുമെന്നുള്ളതിന്റെ തെളിവാണ്‌ മോദി ഗവണ്‍മെന്റിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ശത്രുരാജ്യങ്ങളായിരുന്ന പാക്കിസ്ഥാനും, ശ്രീലങ്കയുമെല്ലാം മോദി ഗവണ്‍മെന്റിനെ പുകഴ്‌ത്തിയതും, അന്നുതന്നെ ഇന്ത്യക്കാരായ തടവുകാരെ വിട്ടയച്ചതും. എന്തിനേറെ, മോദിക്ക്‌ വിസ നല്‍കില്ലെന്ന അമേരിക്കന്‍ ഗവണ്‍മെന്റിന്റെ തന്നെ നയത്തില്‍ മാറ്റം വന്നതും, മോദിയെ അമേരിക്കയിലേക്ക്‌ സ്വാഗതം ചെയ്‌തതും എല്ലാം മാറ്റത്തിന്റെ നാന്ദികുറിക്കുന്നു.

ഈ സാഹചര്യത്തില്‍ മലയാളി സംഘടനകള്‍ കോണ്‍ഗ്രസ്‌ ഗവണ്‍മെന്റിന്റെ പരാജയത്തില്‍ ദുഖാര്‍ത്തരായിരിക്കാതെ നരേന്ദ്രമോദി സര്‍ക്കാരില്‍ പൂര്‍ണ്ണമായും വിശ്വാസമര്‍പ്പിച്ച്‌ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന്‌ പരിപൂര്‍ണ്ണ പിന്തുണ കൊടുക്കുകയാണ്‌ വേണ്ടത്‌ എന്ന അഭിപ്രായക്കാരാണ്‌ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റിയിലെ മിക്ക ഭാരവാഹികളും.

മറ്റ്‌ സംഘടനകളില്‍ നിന്നും അല്‍പം വ്യത്യസ്‌തമായി ഫോമാ, ഫൊക്കാനാ എന്നീ നാഷണല്‍ സംഘടനകളില്‍പ്പെട്ട നേതാക്കന്മാര്‍ക്കും, മറ്റ്‌ ഇതര സംഘടനകളില്‍പ്പെട്ട നേതാക്കന്മാരും പങ്കെടുത്ത്‌ ഒരു മിനിറ്റ്‌ സംസാരിക്കുവാനുള്ള സാഹചര്യം ഈ വേദിയില്‍ ലഭിക്കുന്നതായിരിക്കും. സംഘടനയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായാണ്‌ ഇങ്ങനെയൊന്ന്‌ നടത്തുന്നത്‌.

image (1)

വിവിധ സംഘടനകളില്‍ പ്രവര്‍ത്തനമികവ്‌ തെളിയിച്ചിട്ടുള്ള ഫൊക്കാനാ വിമന്‍സ്‌ ഫോറത്തിന്റെ അംഗംകൂടിയായ ലൈസി അലക്‌സ്‌, പ്രശസ്‌ത ഗായകനും കവിയുമായ അജിത്‌ നായര്‍ എന്നിവര്‍ എം.സിമാരായി പ്രവര്‍ത്തിക്കും. പ്രശസ്‌ത ഗായിക നിഷാ മേരി തയ്യില്‍, പ്രശസ്‌ത നര്‍ത്തകിമാരായ ലിസ്സാ ജോസിന്റേയും, ഗായത്രി നായരുടേയും നേതൃത്വത്തില്‍ നയനമനോഹരങ്ങളായ ഡാന്‍സുകളും ഉണ്ടായിരിക്കും.

പ്രമുഖ വാഗ്‌മിയായ പ്രൊഫ. ഡോ. വിദ്യാസാഗര്‍ വിഷു സന്ദേശവും, കേരളാ അസോസിയേഷന്‍ ഓഫ്‌ ന്യൂ ഇംഗ്ലണ്ടിന്റെ മുന്‍ പ്രസിഡന്റും, ജസ്റ്റീസ്‌ ഫോര്‍ ഓള്‍ എന്ന സംഘടനയുടെ നിയമോപദേഷ്‌ടാവുകൂടിയായ ബോസ്റ്റണില്‍ നിന്നുള്ള അറ്റോര്‍ണി ജേക്കബ്‌ കല്ലുപുര, ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ അസംബ്ലി മെമ്പര്‍ ഷെല്ലി മേയര്‍, യോങ്കേഴ്‌സ്‌ സിറ്റി മേയര്‍ മൈക്ക്‌ സ്‌പാനോ, യോങ്കേഴ്‌സ്‌ പോലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള ക്യാപ്‌റ്റന്‍ കോളിന്‍സ്‌, ക്യാപ്‌റ്റന്‍ മൈക്കിള്‍ മര്‍ഫി എന്നിവരും ചടങ്ങില്‍ പങ്കെടുത്ത്‌ സംസാരിക്കും.

ഇത്തരത്തില്‍ വിപുലമായി സംഘടിപ്പിച്ചിരിക്കുന്ന ഈ പരിപാടികളില്‍ സംബന്ധിക്കുവാന്‍ യോങ്കേഴ്‌സിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളി സുഹൃത്തുക്കളേയും സംഘടനയുടെ പേരില്‍ പ്രസിഡന്റ്‌ തോമസ്‌ കൂവള്ളൂര്‍ പ്രത്യേകം ക്ഷണിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment