Flash News

ജിമ്മി ജോര്‍ജ്ജ്‌ മെമ്മോറിയല്‍ ട്രോഫി: കൈരളി ലയണ്‍സ്‌ ഷിക്കാഗോ ജേതാക്കള്‍

June 3, 2014 , ജോയിച്ചന്‍ പുതുക്കുളം

jimmigeorgevolly_pic1ഷിക്കാഗോ: മെമ്മോറിയല്‍ ഡേ വിക്കെന്‍ഡിനോടനുബന്ധിച്ച്‌ മെയ്‌ 24, 25 തിയതികളില്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ മേരിലാന്റ്‌ ക്യാമ്പസില്‍ വച്ച്‌ നടത്തപ്പെട്ട 26-മത്‌ ജിമ്മി ജോര്‍ജ്‌ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ ഷിക്കാഗോ കൈരളി ലയണ്‍സ്‌ ജേതാക്കളായി. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന്‌ സെറ്റുകള്‍ക്ക്‌ ടൊറോന്റോ സ്റ്റാലാന്‍സിനെ കീഴടക്കിയാണ്‌ കൈരളി ലയണ്‍സ്സ്‌ ഷിക്കാഗോ, ട്രോഫി കരസ്ഥമാക്കിയത്‌. സ്‌കോര്‍ 23- 25, 25- 20, 25- 13, 25- 14. യുവത്വത്തിന്‌ പ്രാധാന്യം നല്‍കി 5 ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുമായി കോര്‍ട്ടിലിറങ്ങിയ ഷിക്കാഗോ ടീം ടൂര്‍ണമെന്റില്‍ ആദ്യാവസാനം വരെ ഉജ്ജ്വ ഫോം നിലനിര്‍ത്തി. ക്യാപ്‌റ്റന്‍ സനല്‍ തോമസ്സിന്റെ കോര്‍ട്ട്‌ നിറഞ്ഞുള്ള അവിസ്‌മരണീയ പ്രകടനവും, റിന്റു ഫിലിപ്പിന്റെ കരുത്തുറ്റ ഷോട്ടുകളാണ്‌ ഷിക്കാഗോയുടെ വിജയത്തില്‍ നിര്‍ണ്ണയാമായത്‌.

കേരളാ വോളിബോള്‍ ലിങ്ക്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ 26 വര്‍ഷമായി തുടര്‍ന്നുവരുന്ന ഈ ടൂര്‍ണമെന്റിന്‌ ഈ വര്‍ഷം ആതിഥേയത്വം വഹിച്ചത്‌ തോമസ്സ്‌ സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ ബാള്‍ട്ടിമൂറിലെ വാഷിംഗ്‌ടണ്‍ കിംഗ്‌സ്സ്‌ ടീമാണ്‌. കേരള വോളിബോളിന്റെ സുവര്‍ണ്ണ കാലഘട്ടമായ 1970 കളിലും 80 കളിലും കേരളത്തിലുടനീളമുള്ള കോര്‍ട്ടുകളില്‍ ഇടിമുഴക്കം സൃഷ്ടിച്ച ജിമ്മി ജോര്‍ജ്ജിന്റെ അത്യുജ്ജ്വല പ്രകടനങ്ങള്‍ വോളിബോള്‍ പ്രേമികള്‍ക്ക്‌ ഇപ്പോഴും ആവേശകരമായൊരു ഓര്‍മ്മയാണ്‌. ഏഷ്യന്‍ വോളിബോള്‍ ടൂര്‍ണമെന്റുകളില്‍ ഇന്‍ഡ്യന്‍ ടീമിന്റെ വിജയങ്ങള്‍ക്ക്‌ നിര്‍ണ്ണായ പങ്ക്‌ വഹിച്ച്‌ അന്താരാഷ്ട്ര തലത്തിലേയ്‌ക്ക്‌ ഉയര്‍ന്ന ജിമ്മിയുടെ ആകസ്‌മിക മരണം മലയാളി മനസ്സുകളില്‍ വലിയൊരു നൊമ്പരമായി ഇപ്പോഴും അവശേഷിയ്‌ക്കുന്നു. ആ അതുല്യ കായിക പ്രതിഭയുടെ സ്‌മരണനിലനിര്‍ത്തുവാനായി ആരംഭിച്ച ഈ പ്രീമിയര്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌ ഇപ്പോള്‍ അമേരിക്കന്‍ മലയാളികളുടെ പ്രധാന വാര്‍ഷിക കായികമാമാങ്കമായി മാറി കഴിഞ്ഞു. ജിമ്മിയുടെ മൂത്തസഹോദരനും മുന്‍ ഇന്‍ഡ്യന്‍ വോളിബോള്‍ താരവുമായ ജോസ്‌ ജോര്‍ജ്‌ (റിട്ട.ഐജി. കേരളാ പോലീസ്‌) ടൂര്‍ണമെന്റില്‍ മുഖ്യാതിഥിയായി പങ്കെടുത്തു.

വടക്കെ അമേരിക്കായിലെ പ്രധാന നഗരങ്ങളെ പ്രതിനിധീകരിച്ച്‌ 13 ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. മൂന്ന്‌ പൂളുകളിലായി നടത്തപ്പെട്ട ലീഗിനും, നോക്കൗട്ട്‌ സ്‌റ്റേജായ ക്വാട്ടര്‍ ഫൈനലും കടന്ന്‌ ബഫല്ലോ, ചിക്കാഗോ, ടാമ്പാ, ടൊറോന്റോ എന്നീ നാല്‌ ടീമുകള്‍ സെമി ഫൈനലില്‍ പ്രവേശിച്ചു. അത്യതികം വാശിയേറിയ സെമി ഫൈനല്‍ മത്സരങ്ങളില്‍ ഒന്നിനെതിരെ രണ്ട്‌ സെറ്റുകള്‍ക്ക്‌ ബഫല്ലോയെ പരാജയപ്പെടുത്തി ഷിക്കാഗോയിലും, ടാമ്പായെ കീഴടക്കി ടൊറാന്റോയും ഫൈനലില്‍ കടന്നു. ഒപ്പത്തിനൊപ്പം പൊരുതി നഷ്ടപ്പെട്ട ആദ്യ സെറ്റിന്‌ ശേഷം പുതിയൊരു ഉണര്‍വും ദൃഢനിശ്ചയവുമായി മുന്നേറിയ ഷിക്കാഗോ ടീം കളിയില്‍ പൂര്‍ണ്ണ ആധിപത്യം സ്ഥാപിച്ചുകൊണ്ട്‌ അടുത്ത മൂന്ന്‌ സെറ്റുകളും നേടി ഫൈനല്‍ ജേതാക്കളായി. കൈരളി ലയണ്‍സ്‌ ക്യാപ്‌റ്റന്‍ സനല്‍ തോമസ്സ്‌ ടൂര്‍ണമെന്റ്‌ ചരിത്രത്തിലെ പ്രഥമ ഇരട്ടപദവിയോടുകൂടി എം.വി.പി.യും ബെസ്റ്റ്‌ സെറ്ററുമായി ഐകകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടു. ഷിക്കാഗോയുടെ തന്നെ റിന്റു ഫിലിപ്പിന്‌ ബെസ്റ്റ്‌ ഒഫന്‍സീവ്‌ പ്ലെയര്‍ പട്ടവും, ടൊറോന്റോ സ്റ്റാലിന്‍സിന്റെ ജോ കോട്ടൂര്‍ ബെസ്റ്റ്‌ ഡിഫന്‍സ്സിവ്‌ പ്ലെയര്‍ പദവിയും ലഭിച്ചു.

2006ന്‌ ശേഷം ഇതാദ്യമായാണ്‌ ജിമ്മി ജോര്‍ജ്ജ്‌ മെമ്മോറിയല്‍ ട്രോഫി ഷിക്കാഗോയില്‍ എത്തുന്നത്‌. ചുണ്ടിനും കപ്പിനുമിടയിലായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ തങ്ങള്‍ക്ക്‌ നഷ്ടപ്പെട്ട ട്രോഫി തിരിച്ചു പിടിക്കുവാനുള്ള ദൃഢനിശ്ചയവുമായാണ്‌ ചിക്കാഗോ ടീം ഈ വര്‍ഷം കളിക്കളത്തിലിറങ്ങിയത്‌. ടീം മാനേജര്‍ ടോം കാലായിലിന്റേയും കോച്ചുമാരായ സിബി കദളിമറ്റം, പ്രിന്‍സ്‌ തോമസ്സ്‌, ജയ്‌ കാലായില്‍, സാജന്‍ തോമസ്‌ എന്നിവരുടെ നേതൃത്വത്തില്‍ മാസങ്ങളുടെ കഠിനപ്രയന്തത്തില്‍ കൂടി നേടിയതാണ്‌ ഈ വിജയം. വൈസ്‌ ക്യാപ്‌റ്റന്‍ മെറില്‍ മംഗലശ്ശേരിയുടെ സംഘാടക പാഠവവും, അര്‍പ്പണമനോഭാവവും കളിക്കാരുടെ ടീം സ്‌പിരിറ്റുമാണ്‌ കൈരളി ലയണ്‍സ്സിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ നിദാനമായത്‌.

ഏഴ്‌ അംഗങ്ങളുള്ള ബോര്‍ഡാണ്‌ കെ.വി.എല്‍.ഏയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്‌. ബോര്‍ഡിന്റെ അടുത്ത മൂന്ന്‌ വര്‍ഷത്തെയുള്ള ചെയര്‍മാനായി ലീഗിന്റെ സ്ഥാപക നേതാക്കളിലൊന്നും, ചിക്കാഗോ കൈരളി ലയണ്‍സ്സ്‌ മാനേജരുമായ ടോം കാലായില്‍ നിയമിയ്‌ക്കപ്പെട്ടു. അടുത്ത വര്‍ഷത്തെ ടൂര്‍ണമെന്റ്‌ ഗാര്‍ഡന്‍ സ്‌റ്റേറ്റ്‌ സിങ്കസ്സേഴ്‌സ്‌ ടീമിന്റെ ആതിഥേയത്വത്തില്‍ ന്യൂജേഴ്‌സിയിലാണ്‌. ഡാളസ്സില്‍ നിന്നുള്ള പ്രസാദ്‌ ഏബ്രഹാം, ഷിക്കാഗോയില്‍ നിന്നുള്ള ജയ്‌ കാലായില്‍ എന്നിവര്‍ ടൂര്‍ണമെന്റ്‌ കോര്‍ഡിനേറ്റേഴ്‌സായി പ്രവര്‍ത്തിച്ചു.

jimmigeorgevolly_pic2 jimmigeorgevolly_pic3


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top