മുല്ലപ്പെരിയാര്‍: തമിഴ്‌നാട് വെള്ളം കൊണ്ട് പോകുന്നത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമില്ലായ്മ കൊണ്ടാണെന്ന് വി.എസ്

vsതിരുവനന്തപുരം: മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിനെതിരായ സുപ്രീംകോടതി വിധിക്ക് കാരണം സര്‍ക്കാരിന്റെ ഉത്തരവാദിത്തമില്ലായ്മയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. നിയമസഭയില്‍ മുല്ലപ്പെരിയാര്‍ വിഷയം സംബന്ധിച്ച പ്രത്യേക ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസ് നടത്തിപ്പില്‍ സര്‍ക്കാര്‍ ഗുരുതര അലംഭാവം കാട്ടി. യുക്തിക്ക് നിരക്കാത്ത നിഗമനങ്ങളില്‍ ഉന്നതാധികാരസമിതി എത്തിയതിന് പിന്നില്‍ ദുരൂഹതയുണ്ട്. ഉന്നതാധികാര സമിതിയിലുള്ള ചിലര്‍ക്ക് ചോറ് ഇങ്ങും കൂറ് അങ്ങുമാണെന്നും വിഎസ് കുറ്റപ്പെടുത്തി. അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കാന്‍ രാജ്യാന്തര നിലവാരമുള്ള ഏജന്‍സി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ വിശദീകരണം നല്‍കാന്‍ അഡ്വക്കെറ്റ് ജനറലിനെ സഭയില്‍ വിളിച്ചു വരുത്തണമെന്ന് സി.പി.എം നേതാവ് എ.കെ. ബാലന്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ അതിനുള്ള ജലപ്രവാഹത്തെ ഇടുക്കി ഡാം തടഞ്ഞുനിര്‍ത്തും എന്നുള്ള എ.ജിയുടെ വാദങ്ങളില്‍ വീഴ്ചയുണ്ടായതാണ് തിരിച്ചടിക്ക് കാരണമെന്നും ബാലന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, എ.കെ. ബാലന്‍ ഉന്നയിച്ച ക്രമപ്രശ്‌നം സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ തള്ളി. എ.ജിയെ വിളിച്ചു വരുത്തുന്നത് മുന്‍കൂറായി തീരുമാനിക്കേണ്ട കാര്യമാണെന്നും സ്പീക്കര്‍ പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment