തോക്കേന്തിയ പാറാവ് ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമീഷന്‍

തിരുവനന്തപുരം: ഭാരമുള്ള തോക്കേന്തി മൂന്നു ദിവസം തുടര്‍ച്ചയായി പാറാവ് ഡ്യൂട്ടി ചെയ്യുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന പൊലീസുകാരുടെ പരാതി ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പരിഗണിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി. പൊലീസുകാര്‍ പേരുവെക്കാതെ കമീഷനിലേക്ക് അയച്ച പരാതിയാണ് സര്‍ക്കാറിന് കൈമാറിയത്.

പൊലീസ് സ്റ്റേഷനുകളില്‍ തോക്കുമായി നില്‍ക്കുന്ന പാറാവ് ഡ്യൂട്ടി ഒഴിവാക്കി റിസപ്ഷന്‍ മാതൃകയിലാക്കിയെങ്കിലും എ.ആര്‍ ക്യാമ്പിലും എസ്.പി ഓഫിസിലും ഗാര്‍ഡ് തുടരുകയാണെന്ന് പരാതിയില്‍ പറയുന്നു. ആലപ്പുഴ എസ്.പി ഓഫിസില്‍ റിസപ്ഷനുണ്ടെങ്കിലും ഗാര്‍ഡ് തോക്കുമായി നില്‍ക്കണം. ക്യാമ്പിലുള്ളവര്‍ ഒരു ദിവസം അവധിയെടുത്താന്‍ പിറ്റേന്ന് ഗാര്‍ഡ് ഡ്യൂട്ടിക്ക് കയറണം. ഗാര്‍ഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടാല്‍ മൂന്ന് ദിവസം നില്‍ക്കേണ്ടി വരുന്നതിനാല്‍ ലീവെടുക്കാന്‍ ഭയമാണ്.

ഗാര്‍ഡ് ഡ്യൂട്ടിക്ക് എല്ലാദിവസവും ഉദ്യോഗസ്ഥരെ മാറ്റി നിയമിക്കണം. എസ്.പി ഓഫിസിലെങ്കിലും ഗാര്‍ഡ് ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് പിസ്റ്റളോ ലാത്തിയോ നല്‍കണം. ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസുകാരുടെ മനുഷ്യാവകാശം സംരക്ഷിക്കാന്‍ ആരുമില്ലന്നും പരാതിയില്‍ പറയുന്നു.

Print Friendly, PDF & Email

Related News

Leave a Comment