- Malayalam Daily News - https://www.malayalamdailynews.com -

കോടതി അനുമതിയോടെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി മ്യൂസിയമാക്കും

padmanabhaswami-temple [1]തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരം ചരിത്ര മ്യൂസിയമാക്കി മാറ്റാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. പക്ഷേ ഇതിന് സുപ്രീംകോടതിയുടെ അനുമതി വേണം. പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി കടത്തിയെന്ന ആരോപണത്തെ സംബന്ധിച്ച് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാറിന് ലഭിച്ചിട്ടില്ലന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു.

ക്ഷേത്രത്തിലെ നിധി കടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് കോടതി വിധി അനുസരിച്ച് ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കും. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്താണ് ക്ഷേത്രവുമായി ബന്ധപ്പെട്ട രണ്ട് കേസ് ആരംഭിച്ചത്. രാജകുടുംബത്തിന്‍െറ അധികാരത്തില്‍ ഇടപെടില്ലന്നാണ് ഇതിന് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം. ക്ഷേത്രഭരണം ഏറ്റെടുക്കണമെന്ന് നിര്‍ദേശിച്ച് കഴിഞ്ഞസര്‍ക്കാര്‍ ഇറങ്ങുന്നതിന് മുമ്പായി ഹൈകോടതി ഉത്തരവുണ്ടായിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ കോടതിനിര്‍ദേശം നടപ്പാക്കിയില്ല. തുടര്‍ന്നാണ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ സുപ്രീംകോടതിയില്‍നിന്ന് സ്റ്റേ സമ്പാദിച്ചത്.

പത്മനാഭസ്വാമി ക്ഷേത്രത്തിന് ഗുരുവായൂര്‍, തിരുപ്പതി മാതൃകയില്‍ ഭരണസമിതി രൂപവത്കരിക്കുന്നത് സംബന്ധിച്ച് മന്ത്രിസഭ തീരുമാനമെടുത്ത് സുപ്രീംകോടതിയെ അറിയിക്കും. കോടതി നിര്‍ദേശപ്രകാരം ആവശ്യമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. എന്നാല്‍, ക്ഷേത്രസ്വത്ത് സംബന്ധിച്ച് കണക്കെടുപ്പ് നടന്നുവരുകയാണ്.


Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[3] [4] [5] [6] [7]