Flash News

കുട്ടികളെ കടത്തിയത് സി.ബി.ഐ അന്വേഷണത്തിന്

June 20, 2014 , സ്വന്തം ലേഖകന്‍

khcകൊച്ചി: കേരളത്തിലെ അനാഥാലയങ്ങളിലേക്കു കുട്ടികളെ കടത്തിയത് സി.ബി.ഐ. അന്വേഷിക്കുന്നതാണ് ഉചിതമെന്നു ഹൈക്കോടതി. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ടെന്ന സര്‍ക്കാരിന്റെ വാദം തള്ളിയാണു ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. എന്തിനെയാണു സര്‍ക്കാര്‍ ഭയക്കുന്നതെന്നും എന്താണു മറയ്ക്കുന്നതെന്നും കോടതി ചോദിച്ചു. കേസില്‍ സി.ബി.ഐയെ കോടതി സ്വമേധയാ കക്ഷിചേര്‍ത്തു.

മറ്റു സംസ്ഥാനങ്ങള്‍ കൂടി ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ സി.ബി.ഐയാണു കേസ് അന്വേഷിക്കേണ്ടത്. മൂന്നു സംസ്ഥാനങ്ങളില്‍നിന്ന് 588 കുട്ടികളെ കേരളത്തിലത്തെിച്ചതു നിസ്സാരമായി കാണാനാവില്ല. അനാഥാലയങ്ങളില്‍ കുട്ടികളെ പ്രവേശിപ്പിക്കാന്‍ ചട്ടങ്ങളുണ്ട്. അവ ലംഘിക്കപ്പെട്ടോയെന്നും വസ്തുതകള്‍ മറച്ചുവച്ചാണോ കുട്ടികളെ കൊണ്ടുവന്നതെന്നും പരിശോധിക്കണം. ഒരു കുട്ടിയെപ്പോലും ചട്ടങ്ങള്‍ ലംഘിച്ച് അനാഥാലയത്തില്‍ പ്രവേശിപ്പിക്കാനാവില്ല. ചട്ടലംഘനം നടന്നിട്ടില്ലന്നെും മാധ്യമങ്ങള്‍ സംഭവത്തെ പെരുപ്പിച്ചുകാട്ടുകയാണെന്നുമുള്ള അനാഥാലയ നടത്തിപ്പുകാരുടെ സംഘടനയുടെ വാദം കോടതി തള്ളി. സ്ഥാപനങ്ങളുടെ നടപടികള്‍ അന്വേഷണവിധേയമാക്കി നല്ല സ്ഥാപനങ്ങളെ തിരിച്ചറിയണമെന്നും കോടതി ചൂണ്ടിക്കാട്ടി.

കുട്ടികളെ കേരളത്തിലത്തെിച്ച സംഭവം അന്വേഷിക്കണമെന്നും പുനരധിവസിപ്പിക്കാന്‍ നടപടി വേണമെന്നുമാവശ്യപ്പെട്ട് തമ്പ് എന്ന സംഘടന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയാണു ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. കുട്ടികളെ കൊണ്ടുവന്ന സംഭവം സര്‍ക്കാരിന് അപമാനമാണെന്നും ഇതുസംബന്ധിച്ച വിശദീകരണം അപഹാസ്യമാണെന്നും കോടതി നേരത്തേ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. ഹര്‍ജി 23-ന് വീണ്ടും പരിഗണിക്കും.

കഴിഞ്ഞമാസം 24, 25 തീയതികളിലാണു കോഴിക്കോട് മുക്കം മുസ്ലിം ഓര്‍ഫനേജിലേക്കും മലപ്പുറം വെട്ടത്തൂര്‍ അന്‍വാറുല്‍ ഹുദ കോംപ്ലക്സ് യത്തീം ഖാനയിലേക്കും കുട്ടികളെ എത്തിച്ചത്. 24-ന് മുക്കത്തേക്ക് 455 കുട്ടികളെയും 10 കൈക്കുഞ്ഞുങ്ങളെയുമത്തെിച്ചു. 25-നു വെട്ടത്തൂരിലേക്ക് 123 കുട്ടികളെയും. ഇരുസംഘങ്ങളെയും തടഞ്ഞ റെയില്‍വേ പോലീസ് മനുഷ്യക്കടത്തിനു കേസെടുത്തു. സംഘങ്ങള്‍ക്കൊപ്പം എത്തിയ എട്ടുപേരെ അറസ്റ്റ് ചെയ്തു. തുടര്‍ന്നു കേസെടുത്ത ക്രൈംബ്രാഞ്ച് മൂന്നുപേരെക്കൂടി അറസ്റ്റ് ചെയ്തു. ഒരാളെ ഝാര്‍ഖണ്ഡില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മൂന്നുപേരും ഇടനിലക്കാരാണ്. വ്യാജരേഖ ചമയ്ക്കാന്‍ കൂട്ടുനിന്നയാളെയാണു ഝാര്‍ഖണ്ഡില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഇടനിലക്കാര്‍ അറസ്റ്റിലായെങ്കിലും നൂറുകണക്കിനു കുട്ടികളെ സംഘടിപ്പിച്ച് എത്തിക്കാന്‍ ഇവരെ പ്രേരിപ്പിച്ച ഘടകവും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരും ഇപ്പോഴും അജ്ഞാതമാണ്.

അനാഥാലയങ്ങളില്‍ തെളിവെടുപ്പു നടത്തിയ അന്വേഷണസംഘം 164-ആം വകുപ്പുപ്രകാരം 12 കുട്ടികളുടെ മൊഴി മജിസ്ട്രറ്റ് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു. ബിഹാറിലും ഝാര്‍ഖണ്ഡിലും പോയി അന്വേഷണം നടത്തി. റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയുടെ അനുവാദത്തോടെ ജയിലില്‍ ചോദ്യംചെയ്തു. അനാഥാലയങ്ങളില്‍ പഠിക്കുന്നവരെന്നു ബോധ്യപ്പെട്ടവരെ അതതു ജില്ലകളിലെ ശിശുക്ഷേമസമിതികള്‍ക്കു കൈമാറി. സംഭവമറിഞ്ഞു ഝാര്‍ഖണ്ഡില്‍ നിന്നത്തെിയ രക്ഷിതാക്കള്‍ക്കൊപ്പം ചില കുട്ടികളെ തിരിച്ചയച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top