വാനമ്പാടിയുടെ പാട്ടും, ഒപ്പം മറ്റു ചില ചിത്രങ്ങളും

john

ഏതാനും പെയിന്റിഗുകളാണ് ഈ ലേഖനത്തിന് വിഷയം. വ്യത്യസ്ഥ വിഭാഗത്തില്‍ പെട്ടത്, ചിത്രകലയുടെ വിവിധ പ്രസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്നവ. അതിലൊന്നാണ് ജൂലസ് ബെര്‍ട്ടന്റെ വാനമ്പാടിയുടെ ഗാനം.’

എല്ലാ കലാരൂപങ്ങളിലെയും, എഴുത്തിലെയും, ദര്‍ശനങ്ങളും ചിത്രീകരണങ്ങളും ഏതെങ്കിലും പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചിലര്‍ പറയാറുണ്ട്, പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടിയല്ല എഴുതുന്നത്, അല്ലങ്കില്‍ ചിത്രമെഴുതുന്നത്, ഉത്തമ സാഹിത്യം എഴുതിയാല്‍ പോരെ എന്ന്. കേവലം വായനാസുഖം മാത്രമാണെങ്കില്‍ അത് സുന്ദരമായ പത്രമെഴുത്തിന്റെ ഗണത്തിലാണ് പെടുക. ജീവിതത്തിലെ സൂക്ഷമ വശങ്ങളും സമൂഹത്തിലെ സാമ്പത്തിക മാറ്റങ്ങളും അതിനോടൊത്ത് വരുന്ന തിരയടികളും, അതാത് സമയത്ത് വെല്ലുവിളിയായിട്ടെടുത്ത്, ചര്‍ച്ച ചെയ്യുന്നതാണ് ഭാവിയിലേക്കും കൂടി വിരല്‍ ചൂണ്ടുന്ന എഴുത്തുകള്‍.

കുറേകാലം മുന്‍പ് ഒരു സുഹൃത്ത് സമ്മാനിച്ച രവിവര്‍മ്മയുടെ ‘ശകുന്തള’ ചിത്രത്തിന്റെ പതിപ്പ് ഒരു ജനതയുടെ പാരമ്പര്യത്തിന്റെയും ജീവിതത്തിന്റെയും പ്രതീകമായി എന്റെ മുന്‍പിലുണ്ട്.

രാജാരവിവര്‍മ്മയുടെ പെയിന്റിഗുകള്‍ ഭാരതീയ ക്ലാസിക് ചിത്രകലയുടെ മികച്ച മാതൃകയാണ്. യൂറോപ്പില്‍ എത്രയോ കാലം മുന്‍പുണ്ടായ നവോത്ഥാന ക്ലാസിക് കാലത്തിന്റെ അനുകരണമൊന്നുമായിരുന്നില്ല രവിവര്‍മ്മയുടേത്. ക്ലാസിക് രചനകള്‍ മറ്റൊരു ദേശത്ത്, അന്യമായ ജീവിത രീതിയില്‍, അത്രയൊന്നും സ്വാധീനം ചെലുത്തുകയില്ലന്നു പറയാനാണ് ഇത്രയും എഴുതിയത്. സാഹിത്യവും കൂടി ഉള്‍പ്പെടുത്തിയാണ് ഈ നിരീക്ഷണം.

എത്രയെത്ര പഠിച്ചിട്ടും, പഠിപ്പിച്ചിട്ടും ഷേക്സ്പിയര്‍ പോലുള്ള കൃതികള്‍ നമ്മില്‍ നിന്നും അകന്നു നില്‍ക്കുന്നതിന്റെയും, കാളിദാസ കൃതികള്‍ അടുത്തുവരുന്നതിന്റെയും കാരണവും ഇത് തന്നെ. അത് കൊണ്ടാണ് ക്ലാസിക് രീതിയിലുള്ള യൂറോപ്യന്‍ പെയിന്റിഗുകള്‍ പോലും നമുക്ക് അന്യമാകുന്നത്, നമ്മുടെ ജീവിതത്തിലേക്ക് തൊട്ടിറങ്ങി വരാത്തത്.

അതായത് ക്ലാസിക് രീതികളല്ല, യാത്രകളും വാണിജ്യ ബന്ധങ്ങളും വ്യവസായ വിപ്ലവവുമാണ് ആഗോള ചിന്തകള്‍ക്ക് തുടക്കം കുറിച്ചത്. പ്രഭുക്കന്മാരുടെ അഭിരുചികള്‍ കൊട്ടാരത്തില്‍ ഒതുങ്ങി നിന്നപ്പോള്‍ ലോകത്തിന്റെ മനസ്സ് തൊട്ടുണര്‍ത്താന്‍ മുന്നേറ്റ പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞുവെന്ന് സാരം.

ഇതിനു മുന്‍പ് എത്രയോ തവണ എഴുതിയിട്ടുണ്ട് പരിവര്‍ത്തനങ്ങള്‍ ആദ്യം പ്രതിഫലിക്കുന്നത് ചിത്രകലയിലും തുടര്‍ന്ന് സാഹിത്യത്തിലുമാണെന്ന്. 19ആം നൂറ്റാണ്ടിലെ ഈ പ്രസ്ഥാനങ്ങള്‍ യൂറോപ്യന്‍ ചിന്തകള്‍ക്ക് മറ്റു രാജ്യങ്ങളിലും അംഗീകാരം നേടിക്കൊടുത്തു. ഇം‌പ്രഷനിസം, പോസ്റ്റ് ഇം‌പ്രഷനിസം, റിയലിസം, എക്സ്‌പ്രനിസം ഇനിയും ആധുനീകത വരെയും ചര്‍ച്ച ചെയ്യുന്നത് തുടര്‍ച്ചയായിത്തന്നെ വേണം.

വെളിച്ചത്തിന്റെയും നിറങ്ങളുടെയും ആനുപാതികമായ പ്രതിഫലനമെന്ന സാങ്കേതികതയാണ് ഇം‌പ്രഷനിസം. എന്നാല്‍ നിറങ്ങളില്‍ ലോഭമില്ലാതെ പ്രകൃതിയുടെ അതിരുകളെ ഭേദിക്കുന്നതാണ് പോസ്റ്റ് ഇം‌പ്രഷനിസം. പോസ്റ്റ് ഇം‌പ്രഷനിസ്റ്റ് സ്ക്കൂളില്‍ പെട്ടതാണ് വിന്‍സെന്റ് വാന്‍ ഗോഗ്. അദ്ദേഹത്തിന്റെ ഏതാനും രചനകളും തൊട്ടടുത്തുണ്ട്. വരകള്‍കപ്പുറത്ത് അര്‍ത്ഥമുള്ളത്! ആ സൃഷ്ടികളില്‍ നിറഞ്ഞ് നില്‍ക്കുന്ന മഞ്ഞ നിറവും സൂര്യകാന്തിപ്പൂക്കളും നോക്കിയിരിക്കുന്നത് തന്നെ മനസ്സിന് കുളിര്‍മയുണ്ടാക്കും.

19ആം നൂറ്റാണ്ടില്‍ സംഭവിച്ച രാഷ്ട്രീയ, സാമൂഹിക, സാമ്പത്തീക മാറ്റങ്ങള്‍ ആവിഷ്ക്കാരണത്തിന് പുതിയ നിര്‍‌വചനം കൊടുത്തു. പ്രഭുക്കന്മാര്‍ കല്‍‌പ്പിച്ചുണ്ടാക്കിയ കലാ സാഹിത്യ നിയമക്കുരുക്കുകളില്‍ നിന്ന് പുറത്ത് കടക്കുകയായിരുന്നു റീയലിസ പ്രസ്ഥാനം കൊണ്ട് ഉദ്ദേശിച്ചത്. ‘വാനമ്പാടിയുടെ പാട്ട്’ എന്ന ചിത്രം പരിചയപ്പെടുത്തുന്നതിന് മുന്‍പ് ഇത്രയും എഴുതിയെന്ന് മാത്രം.

ജൂലസ് ബെര്‍ട്ടന്‍ എന്ന ഫ്രഞ്ച് കലാകാരന്റെ സൃഷ്ടികളെ ഞാന്‍ നേരത്തെ കണ്ടിട്ടുണ്ടായിരുന്നില്ല. എങ്ങനെയോ അദ്ദേഹത്തിന്റെ ‘വാനമ്പാടി’ എന്റെയൊപ്പം കൂടി. കര്‍ഷക പെണ്‍‌കുട്ടിയുടെ ഈ ചിത്രീകരണം റിയലിസ്റ്റ് പ്രസ്ഥാനത്തിന് ചേരുന്ന നിദര്‍ശനവുമാണ്.

19ആം നൂറ്റാണ്ടിലെ റീയലിസ്റ്റ് പ്രവണതകള്‍ എന്തെന്ത് രാഷ്ട്രീയ പരിവര്‍ത്തനങ്ങള്‍ക്ക് കാരണമായി. തുടര്‍ന്ന് കേരളത്തിലും ഇതിന്റെ അലയടികളെത്തി. കര്‍ഷകരുടെയും, തൊഴിലാളികളുടെയും മുന്നേറ്റങ്ങള്‍ കണ്ട് വളര്‍ന്നവരാണ് ഇന്നത്തെ നമ്മുടെ മുതിര്‍ന്ന തലമുറ.

‘വാനമ്പാടികളുടെ ഗാന’ത്തിലെ പെണ്‍കുട്ടി പാടത്തേക്ക് പോകുകയാണ്. നിരപ്പായ ഭൂമിയില്‍ ചക്രവാളം കൂട്ടിമുട്ടുന്നിടത്ത് ശബളവര്‍ണമായ സൂര്യന്‍ പ്രഭാതത്തിന് മുന്നറിയിപ്പ് കൊടുത്ത് കൊണ്ട് ഉയര്‍ന്നുവരുന്നു. ഈ കലാസൃഷ്ടി വിലയിരുത്തിക്കൊണ്ട് നിരൂപകര്‍ ഇങ്ങനെ എഴുതി:

‘അവള്‍ സുന്ദരിയല്ല, അധികവും പൗരുഷ ഭാവമാണ്. ഉറപ്പുള്ള പാദങ്ങള്‍, അരിവാളേന്തിയ കരങ്ങളുടെ പേശീബലം എത്രയോ വ്യക്തമാണ്.’ അന്വേഷണത്തിന്റെ കണ്ണുകള്‍ നമ്മുടെ മനസ്സിനെ സ്പര്‍ശിക്കും. പാശ്ചാത്തലം നിരപ്പുള്ള കൃഷി ഭൂമിയാണ്. പക്ഷേ ഈ പെയിന്റിംഗ് പ്രകൃതിയുടെ ആവിഷ്ക്കാരമല്ല, പകരം അവളുടെ മാത്രം ചിത്രമാണ്. ഇനിയും ഒരു വാക്കും വേണ്ട, ദുരൂഹതയൊന്നുമില്ലാതെ ആ കര്‍ഷകപ്പെണ്ണിന്റെ ഭാവം ഇവിടെ അനശ്വരമായിരിക്കുന്നു.

ഞാന്‍ എന്നും കാണുന്ന കലാ സൃഷ്ടിയാണിത്, കൂടാതെ നേരത്തെ വിവരിച്ച മറ്റു ചിത്രങ്ങളും. ഒരോന്നിനും അതാതിന്റെ തനത് കഥകള്‍ പറയാനുണ്ട്. അതിനപ്പുറം ആ കാലഘട്ടങ്ങളുടെ ചരിത്രം കൂടി നമ്മുടെ മുന്‍പില്‍ തുറന്നിട്ടിരിക്കുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

One Thought to “വാനമ്പാടിയുടെ പാട്ടും, ഒപ്പം മറ്റു ചില ചിത്രങ്ങളും”

  1. Joseph

    ശ്രീ ജോണ്‍ മാത്യൂവിന്റെ ചിത്രകലയെപ്പറ്റിയുള്ള ഗഹനമായ ലേഖനം വായിച്ചു. വെളിച്ചത്തിന്റെയും നിറത്തിന്റെയും ആനുപാതിക ഇമ്പ്രസ്സിനിസ്സവും പോസ്റ്റ് ഇമ്പ്രസിനിസവും ചിത്ര കല പഠിച്ചവർക്കേ മനസിലാകൂ. അത്തരം ഇംഗ്ലീഷിലുളള ടെക്കനിക്ക് പദങ്ങൾ ഒഴിവാക്കി സാധാരണക്കാർക്ക് മനസിലാകുന്ന ഭാഷയിൽ എഴുതിയിരുന്നെങ്കിൽ ലേഖനം ഒന്നുകൂടി മനോഹരമാകുമായിരുന്നു. പോസ്റ്റ് ഇമ്പ്രസീനീസം എന്നത് പ്രകൃതിയ്ക്ക് അതീതമാണെന്നും ശ്രീ ജോണ്‍ മാത്യൂ എഴുതിയിരിക്കുന്നു. ഒരു മനുഷ്യൻ അയാളുടെ സങ്കുചിത ഭാവനയിൽ വരച്ച പടം പ്രകൃതിയ്ക്ക് അതീതമോ? അങ്ങനെ ചിന്തിക്കുന്നവർക്ക് തകരാറുണ്ടെന്നും കരുതണം. ഈശ്വരൻ പ്രകൃതിയിൽ സൃഷ്ടിച്ച സൂര്യക്കാന്തി പുഷ്പത്തെക്കാളും ഒരു മനുഷ്യൻ വരച്ച ചിത്രം എങ്ങനെ മെച്ചമുള്ളതാകും? അത് അയാളോടുള്ള വ്യക്തിപൂജ മാത്രം.

    പരിവർത്തനം ആദ്യം ചിത്രകലയിലും പിന്നീട് സാഹിത്യത്തിലും എന്ന് ലേഖകൻ സൂചിപ്പിച്ചിരിക്കുന്നു. അങ്ങനെയെങ്കിൽ ജനഗണമനയും, വന്ദേ മാതരവും ടാഗോറിന്റെ കൃതികളും, വാനമ്പാടിയായ സരോജിനി നായിഡുവും സ്വാതന്ത്ര്യ മുന്നേറ്റ ചരിത്രത്തിൽ അപ്രസിക്തമായിരിക്കുമല്ലോ.

    മറ്റൊന്ന് ജൂലസ് ബർട്ടന്റെ വാനമ്പാടിയിലെ അരിവാളും പിടിച്ചു നില്ക്കുന്ന പെണ്‍ കുട്ടിയുടെ ചിത്രമാണ്. ആ ചിത്രം കേരള കർഷക മുന്നേറ്റത്തിൻറെ നിദാനമെന്നും ലേഖനത്തിൽ കാണുന്നു. അത്തരം പ്രസ്ഥാനങ്ങളുടെ മുന്നേറ്റ നേതാക്കന്മാരായ എ.കെ .ജി യോ, ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാടോ ഒരിയ്ക്കലെങ്കിലും ഈ ചിത്രം കണ്ടിട്ടുണ്ടോയെന്നും തോന്നുന്നില്ല. ചിത്രകല ആസ്വദിച്ചുകൊണ്ട് ഒരു വിപ്ലവ ചൈതന്യവും ജനങ്ങളിൽ പ്രതിഫലിച്ചുവെന്നും ചിന്തിക്കാൻ പ്രയാസമാണ്. നാമമാത്രമായ ജനം മാത്രമേ ചിത്ര കലകൾ ആസ്വദിക്കാറുള്ളൂ. ഡിജിറ്റൽയുഗങ്ങളിൽ അത്തരം ആസ്വാദനങ്ങൾ കാലഹരണപ്പെട്ടുകൊണ്ടുമിരിക്കുന്നു.

    ഒരു കലാകാരന്റെ മഞ്ഞനിറമുള്ള സൂര്യകാന്തി ചിത്രം നോക്കി അയാളുടെ സങ്കുചിത മനസിനെ ആസ്വദിക്കാതെ ഈശ്വരന്റെ വർണ്ണനിറങ്ങളുള്ള മഴവില്ലിനെയും പ്രകൃതിയേയും ആസ്വദിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. അതിനെയാണ് പോസ്റ്റ് ഇമ്പ്രസിനിസ്സം എന്ന് വിളിക്കേണ്ടത്. കവിത മനസിന് ആസ്വാദനം തരും. ക്ലാസ്സിക്കൽ കവിതകളായ മാമ്പഴവും വാഴക്കുലയും വീണ പൂവും ഇന്നും മനസിലുണ്ട്. രവി വർമ്മയുടെ ചിത്ര കലയിൽ അമ്മ കുഞ്ഞിന് പാലു കൊടുക്കുന്നതും മനോഹരമാണ്. പക്ഷെ പോസ്റ്റ് ഇമ്പ്രസിനിസമായി കാണാൻ സാധിക്കുന്നില്ല.

Leave a Comment