Flash News

ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട് ഹോളണ്ട് മൂന്നാം സ്ഥാനം കൈയ്യടക്കി

July 12, 2014 , സ്വന്തം ലേഖകന്‍

brazil-lost

ബ്രസീലിയ: ബ്രസീലിയയിലും ആതിഥേയരെ കാത്തിരുന്നത് ദുരന്തം. പ്രതിരോധ നിര ഒരിക്കല്‍ കൂടി ദിശാബോധമില്ലാതെ കളിച്ചപ്പോള്‍ ലൂസേഴ്‌സ് ഫൈനലില്‍ നെതര്‍ലന്റ്, ബ്രസീലിനെ തോല്‍പ്പിച്ചത് എതിരില്ലാത്ത മൂന്ന് ഗോളിന്. ലോകകപ്പില്‍ മൂന്നാം സ്ഥാനമെങ്കിലും നേടാമെന്ന കാനറികളുടെ പ്രതീക്ഷകളും ഇതോടെ അസ്തമിച്ചു. കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പുകളായ ഹോളണ്ടിന്‌ മൂന്നാം സ്ഥാനവുമായി മടങ്ങാം. ജര്‍മ്മനിയോടേറ്റ കനത്ത പരാജയത്തില്‍ നിന്നും മഞ്ഞപ്പട പാഠമുള്‍ക്കൊള്ളുമെന്ന് കരുതിയവര്‍ക്ക് തെറ്റി. നായകന്‍ തിയാഗോ സില്‍വയുടെ തിരിച്ചു വരവിനും അനിവാര്യമായ തോല്‍വി ഒഴിവാക്കാനായില്ല. ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ വാങ്ങിക്കൂട്ടിയ ബ്രസീല്‍ ഇഞ്ചുറി ടൈമിലും ഗോള്‍ വഴങ്ങി. മത്സരം അതിന്റെ ആവേശത്തിലേക്ക് കടക്കും മുന്‍പ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ബ്രസീലിന്റെ വല മൂന്നാം മിനിറ്റില്‍ തന്നെ ചലിച്ചു. പെനാല്‍റ്റിയില്‍ നിന്നും ഹോളണ്ട് നായകന്‍ റോബിന്‍ വാന്‍പേഴ്‌സിയാണ് ഗോള്‍ നേടിയത്. വാന്‍പേഴ്‌സിയും ആര്യന്‍ റോബനും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ റോബനെ ബോക്‌സിനുള്ളില്‍ സില്‍വ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റിയാണ് വാന്‍പേഴ്‌സി ലക്ഷ്യത്തിലെത്തിച്ചത്. ബ്രസീലിയന്‍ പ്രതിരോധത്തിലെ വിള്ളല്‍ ഒരിക്കല്‍ കൂടി വെളിവായത് പതിനാറാം മിനിറ്റില്‍. ഇത്തവണയും മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത് ആര്യന്‍ റോബനായിരുന്നു. റോബന്റെ ക്രോസില്‍ നിന്നും ഡി ഗുസ്മാന്‍ പന്ത് ബ്രസീലിയന്‍ പോസ്റ്റിന് മുന്നിലേക്ക് കോരിയിട്ടു. ഡേവിഡ് ലൂയിസ് തലകൊണ്ട് പന്ത് തട്ടിയകറ്റിയെങ്കിലും പന്ത് ലഭിച്ചത് ബോക്‌സിനുള്ളില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന് ബ്ലൈന്‍ഡിന്റെ കാലുകളില്‍. മികച്ചൊരു ഷോട്ടിലൂടെ ബ്ലൈന്‍ഡ് ലക്ഷ്യം കാണുമ്പോള്‍ ഗോളി സെസാറും പ്രതിരോധനിരയും കാഴ്ചക്കാരായി. ബ്ലൈന്‍ഡിന്റെ ആദ്യ അന്താരാഷ്ട്ര ഗോളാണിത്.

roben

ആദ്യപകുതിയില്‍ മികച്ച മുന്നേറ്റങ്ങളുമായി കളംനിറയാന്‍ ബ്രസീലിന് കഴിഞ്ഞെങ്കിലും ഫിനിഷിംഗിലെ പോരായ്മയും ഹോളണ്ടിന്റെ പ്രതിരോധ മികവും തടസ്സമായി. നിര്‍ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് ഓസ്‌കറിന് ഗോള്‍ നേടാന്‍ കഴിയാതെ പോയത്. 21, 37 മിനിറ്റുകളിലെല്ലാം ഓസ്‌കര്‍ വല ചലിപ്പിക്കുമെന്ന് തോന്നിച്ചു. രണ്ടാം പകുതിയിലും ബ്രസീല്‍, ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. തോല്‍വി ഉറപ്പായ ഘട്ടത്തിലാണ് ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട് ഹോളണ്ട് മൂന്നാം ഗോള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ ജോര്‍ജീനോ വിയ്നാല്‍ദുമായിരുന്നു ബ്രസീലിന്റെ പതനം പൂര്‍ത്തിയാക്കിയത്. റോബന്റെ പാസ് ലഭിച്ച ജന്‍മാത് അല്‍പം പോലും വൈകാതെ മധ്യഭാഗത്തുണ്ടായിരുന്ന വിയ്‌നാല്‍ദൂമിനെ പാസ് ചെയ്തു. വിയ്‌നാല്‍ദൂമിന്റെ വെടിയുണ്ട പോലത്തെ ഷോട്ട് സെസാറിന്റെ കൈകളില്‍ ഉരസിയാണ് വലയില്‍ പതിച്ചത്. ആക്രമിച്ചു കളിച്ചെങ്കിലും ഡച്ച് പ്രത്യാക്രമണങ്ങള്‍ക്ക് തടയിടാന്‍ കഴിയാതെ പോയതാണ് ബ്രസീലിന് കനത്ത പരാജയം സമ്മാനിച്ചത്. സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ തലകുനിച്ച് മടങ്ങാനാണ് സ്‌കൊളാരിയുടെയും സംഘത്തിന്റെയും വിധി. നാലാം സ്ഥാനം ലഭിച്ചെങ്കിലും അവസാന രണ്ട് മത്സരങ്ങളിലേറ്റ കനത്ത പരാജയമാണ് ആതിഥേയരെ തളര്‍ത്തുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top