Flash News

‘നരേന്ദ്ര മോഡി കര്‍ത്താവിന്റെ ദാസന്‍, ഞങ്ങളുടെ രക്ഷകന്‍….!!

July 13, 2014 , സ്വന്തം ലേഖകന്‍

narendra-modi-rally-in-rourkela2

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയില്‍ നരേന്ദ്രമോഡിക്കുവേണ്ടി ചില അരമനകളും ക്രൈസ്തവമതമേലദ്ധ്യക്ഷന്മാരും രഹസ്യമായും പരസ്യമായും മോഡിയെ അനുകൂലിച്ച് പ്രസ്താവനകളും മറ്റും ഇറക്കിയിരുന്നെങ്കിലും, അദ്ദേഹത്തെ ‘കര്‍ത്താവിന്റെ ദാസനാ’യി ചിത്രീകരിച്ച് രാജ്യത്തിന്റെ രക്ഷകന്റെ പരിവേഷമണിയിച്ചത് ഇപ്പോള്‍ സണ്‍‌ഡേ ശാലോമാണ്. സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ക്ലീമിസ് കത്തോലിക്ക ബാവയാണ് സണ്‍ഡേ ശാലോമിന്റെ രക്ഷാധികാരി.

രാജ്യത്തിന്റെ രക്ഷയും നന്മയും മുന്നില്‍കണ്ട് നല്ല ഭരണകൂടം കൈവരിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിച്ച ക്രൈസ്തവര്‍ക്ക് ദൈവം തന്ന ഉത്തരമാണ് നരേന്ദ്ര മോദിയെന്നാണ് സണ്‍ഡേ ശാലോം പറയുന്നത്. തങ്ങളുടെ പ്രാര്‍ത്ഥന ദൈവം സ്വീകരിച്ചു എന്നും, അതുകൊണ്ടാണ് നരേന്ദ്ര മോഡിയെ ദൈവം വിജയിപ്പിച്ചതെന്നുമാണ് സണ്‍ഡേ ശാലോം പറയുന്നത്.

ദൈവം രക്ഷകനായിട്ടാണ് മോഡിയെ അവതരിപ്പിച്ചതെന്നും, അദ്ദേഹത്തിലൂടെ രാജ്യവും സഭയും രക്ഷപ്പെട്ടെന്നും, തെരഞ്ഞെടുപ്പ് ഫലം ദൈവകരങ്ങളില്‍ നിന്നുള്ളതാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. എല്ലാ അധികാരങ്ങളും ദൈവത്തില്‍ നിന്നാണ് വരുന്നതെന്നും അതിനാല്‍ ദൈവദത്തമായ അധികാരത്തെ മാനിക്കണമെന്നും ബൈബിള്‍ പഠിപ്പിക്കുന്നു. ദൈവം അറിയാതെയും അനുവദിക്കാതെയും ഈ ലോകത്ത് യാതോന്നും സംഭവിക്കുന്നില്ല. അതിനാല്‍ നരേന്ദ്ര മോദിയുടെ വിജയം ദൈവം അറിഞ്ഞും അനുവദിച്ചുമുണ്ടായതാണ്. ദൈവം അനുവദിച്ചതാണെങ്കില്‍ അതിനെ കുറിച്ച് ദൈവത്തിന് ഒരു പദ്ധതിയുണ്ട്….. മുഖപ്രസംഗം തുടരുന്നു. ദൈവത്തെ അറിയാത്തവരെ പോലും ദൈവം തന്റെ ദൗത്യ നിര്‍വഹണത്തിനായി തെരഞ്ഞെടുക്കുന്ന സംഭവങ്ങള്‍ ബൈബിളില്‍ ധാരാളം ഉണ്ടെന്നും മുഖപ്രസംഗത്തില്‍ വിശ്വാസികളോട് പറയുന്നു.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ സഭ തയ്യാറെടുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് മുഖപ്രസംഗമെന്നത് ശ്രദ്ധേയമാണ്. അധികാരം എപ്പോഴും ദുഷിപ്പിക്കുന്ന ഒന്നാണ്. ഒരേ പാര്‍ട്ടി തന്നെ തുടര്‍ച്ചയായി അധികാരം കൈയാളുമ്പോള്‍ അധികാര ദല്ലാളന്മാരും ഉദ്യോഗസ്ഥരും പ്രബലരാവുകയും ഭരണം ജീര്‍ണിക്കുകയും ചെയ്യുക സ്വാഭാവികമാണ്. അതുകൊണ്ട് അധികാരത്തില്‍നിന്നും ഇടയ്ക്കിടെ മാറിനില്ക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ വിശുദ്ധീകരണത്തിനും ശക്തീകരണത്തിനും നല്ലതാണ്. അതിനാല്‍, കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും പരാജയവും ഇന്ത്യയുടെ ജനാധിപത്യത്തിനും അതതു പാര്‍ട്ടികളുടെ നല്ല ഭാവിക്കും അത്യാവശ്യമാണന്നും മുഖപ്രസംഗം വിലയിരുത്തുന്നു. പ്രലോഭനങ്ങളും സമ്മര്‍ദങ്ങളും നേരിടേണ്ടവരാണ് അധികാരികള്‍. അവയെ അതിജീവിച്ച് നീതിബോധത്തോടും രാജ്യസ്‌നേഹത്തോടും കൂടി ഭരിക്കുവാന്‍ ഏറെ ഇച്ഛാശക്തിയും ജ്ഞാനവും വിവേകവും എല്ലാത്തിലുമുപരി ദൈവകൃപയും ആവശ്യമാണ്. അത് ലഭിക്കുവാന്‍ നാം നിരന്തരം പ്രാര്‍ത്ഥിക്കണം. കാരണം, ഒരു തീരുമാനം തെറ്റിപ്പോയാല്‍ രാജ്യം മുഴുവന്‍ അതിന്റെ വില കൊടുക്കേണ്ടിവരും. ഇക്കാരണത്താല്‍ നരേന്ദ്രമോദി സര്‍ക്കാരിനെയും പ്രാര്‍ത്ഥനയില്‍ താങ്ങുക എന്നത് ഓരോ ക്രൈസ്തവവിശ്വാസിയുടെയും കടമയാണെന്നും ക്രിസ്താനികളെ ഉദ്‌ബോധിപ്പിക്കുന്നുണ്ട് മുഖപ്രസംഗം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top