Flash News

ഗീവറുഗീസ് മാര്‍ ദീയസ്കോറസ് മെത്രാപ്പോലീത്തയുടെ 15-ാമത് ഓര്‍മ്മപ്പെരുന്നാളിന് തുടക്കമായി

July 16, 2014 , ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

diosമലങ്കര ഓര്‍ത്തഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായും, റാന്നി ഹോളി ട്രിനിറ്റി ആശ്രമം സ്ഥാപകനുമായിരുന്ന കാലം ചെയ്ത അഭിവന്ദ്യ ഗീവറുഗീസ് മാര്‍ ദീയസ്കോറസ് മെത്രാപ്പോലീത്തയുടെ 15-ാമത് ഓര്‍മ്മപ്പെരുന്നാളിന് തുടക്കമായി. നിലയ്ക്കല്‍ ഭദ്രാസനാധിപനും ആശ്രമാംഗവുമായ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു.

ദീയസ്കോറസ് മെത്രാപ്പോലീത്ത കബറടങ്ങിയിരിക്കുന്ന റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തില്‍ നടക്കുന്ന ഓര്‍മ്മപ്പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയും സഭയിലെ മറ്റു മെത്രാപ്പോലീത്തമാരും മുഖ്യകാര്‍മ്മികത്വം വഹിക്കും. 21വരെ എല്ലാ ദിവസവും ആശ്രമ ചാപ്പലില്‍ സന്ധ്യാനമസ്കാരവും രാവിലെ വിശുദ്ധ കുര്‍ബാനയും നടക്കും. 22ന് രാവിലെ 7ന് ചെന്നൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന.

തിരുവനന്തപുരം ഭദ്രാസനത്തില്‍ നിന്നുളള 15-ാമത് പാവനസ്മരണറാലി 22ന് ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയ്ക്കു ശേഷം രാവിലെ 10ന് ഇടമുളയ്ക്കല്‍ വി.എം.ഡി.എം. സെന്ററില്‍ നിന്നും ആശീര്‍‌വ്വദിച്ച് യാത്രയാക്കും. മൂന്നു മണിക്ക് റാന്നി ആശ്രമകവാടത്തില്‍ എത്തും. തുടര്‍ന്ന് തീര്‍ത്ഥാടക സംഗമം നടക്കും. ആങ്ങമൂഴി, സീതത്തോട്, ചിറ്റാര്‍, വയ്യാറ്റുപുഴ, വടശേരിക്കര, വയലത്തല, കീക്കൊഴൂര്‍, കാട്ടൂര്‍, തോട്ടമണ്‍, വെച്ചൂച്ചിറ, മുക്കാലുമണ്‍, കരികുളം, ചെമ്പന്മുഖം, കുറ്റിയാനി, അയിരൂര്‍, കൊറ്റനാട്, കോഴഞ്ചേരി തുടങ്ങിയ പളളികളില്‍ നിന്നുളള തീര്ത്ഥാടകരും കബറിങ്കല്‍ പദയാത്രയായി എത്തും. വൈകിട്ട് 6.45ന് വചനശുശ്രൂഷ, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന.

23ന് എട്ടിന് പരിശുദ്ധ കാതോലിക്കാ ബാവായുടെ കാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാന, അനുസ്മരണ പ്രഭാഷണം എന്നിവ നടക്കും. ഗീവര്‍ഗീസ് മാര്‍ ദിയസ്കോറോസ് ചാരിറ്റി യോഗത്തില്‍ വിതരണം ചെയ്യും. തുടര്‍ന്ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, ആശീര്‍‌വാദം, നേര്‍ച്ച എന്നിവയോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കുമെന്ന് ആശ്രമ സുപ്പീരിയര്‍ വന്ദ്യ ഔഗേന്‍ റമ്പാന്‍ അറിയിച്ചു.

കോഴഞ്ചേരി തേവര്‍വേലില്‍ കുടുംബാംഗമായിരുന്ന മെത്രാപ്പോലീത്ത വൈദികനായിരിക്കുമ്പോഴാണ് 1970-ല്‍ റാന്നിയില്‍ ഹോളി ട്രിനിറ്റി ആശ്രമ പ്രസ്ഥാനത്തിനു തുടക്കമിടുന്നത്. അദ്ദേഹത്തിന് ലഭിച്ച പിതൃസ്വത്തില്‍ ആശ്രമപ്രസ്ഥാനം ആരംഭിക്കുകയും സഭയുടെ ശുശ്രൂഷയിലേക്ക് ആളുകളെ വാര്‍ത്തെടുക്കുകയും ചെയ്തു. സാമൂഹ്യ, വിദ്യാഭ്യാസ, ആതുരശുശ്രൂഷ മേഖലകളില്‍ കൈത്താങ്ങ് നല്കാനും സഭയുടെ ആത്മീയ പുരോഗതിയില്‍ പങ്കാളിയാകാനും ഇതിലൂടെ കഴിഞ്ഞു. മെത്രാപ്പോലീത്ത പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടശേഷം തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം അവിടെയും വിവിധങ്ങളായ മേഖലകളില്‍ തന്റെ സംഭാവനകള്‍ നല്കി. ശാരീരിക വൈകല്യമുള്ള കുട്ടികളുടെ പുനരധിവാസത്തിനും വിദ്യാഭ്യാസത്തിനുമായി മെത്രാപ്പോലീത്ത പ്രത്യേക ശ്രദ്ധ നല്കികൊണ്ട് ഹോളി ട്രിനിറ്റി വികലാംഗ ബാല ഭവനം, ഹോളി ട്രിനിറ്റി ഹയര്‍ സെക്കണ്ടറി സ്കൂള്‍,ഹോളി ട്രിനിറ്റി ഫാര്‍മസി കോളേജ് എന്നിവ ആരംഭിച്ചു. രോഗികളെയും പാവപ്പെട്ടവരെയും കരുതുന്നതില്‍ എന്നും അദ്ദേഹം മുന്‍‌പന്തിയിലായിരുന്നു. കേരളത്തിന്റെ തലസ്ഥാന നഗരിയില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് അഭിമാനിക്കാവുന്ന തരത്തില്‍ ഭദ്രാസനത്തെ ഉയര്‍ത്തിക്കൊണ്ടുവരാനും സാമൂഹ്യമായ മേഖലകളില്‍ ശ്രദ്ധേയ നേട്ടങ്ങള്‍ ഉണ്ടാക്കാനും മെത്രാപ്പോലീത്ത ശ്രമിച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top