- Malayalam Daily News - https://www.malayalamdailynews.com -

പി.സി. ജോര്‍ജ്ജ് ലക്ഷ്യമിടുന്നത് പുതിയ സഖ്യം

pc-george [1]തിരുവനന്തപുരം: അഴിമതിക്കെതിരെ പുതിയ സംഘടന രൂപീകരിച്ച ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് ലക്ഷ്യം വയ്ക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് അഴിമതി വിരുദ്ധ വിശാല സഖ്യം രൂപീകരണമാണ്. രണ്ടു മുന്നണികളിലെയും ചില കക്ഷികളും ആം ആദ്മി പാര്‍ട്ടി ഉള്‍പെടെയുള്ളവരും ടി.പി. ചന്ദ്രശേഖരന്റെ ആര്‍എംപിയും ജോര്‍ജ്ജിന്റെ പട്ടികയിലുണ്ട്.

മാസങ്ങളായി നടത്തിയ ആസൂത്രണത്തിന് ഒടുവിലാണ് ജോര്‍ജ്ജ് അഴിമതിക്കെതിരായ സംഘടന പ്രഖ്യാപിച്ചത്. ഇപ്പോള്‍ തെരഞ്ഞെടുപ്പു രാഷ്ട്രീയവുമായി ബന്ധമില്ലാത്ത സംഘടനയാണിതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റാന്‍ തന്നെയാണ് ഉദ്ദേശമെന്നാണു സൂചന. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. എന്നാല്‍ അതിനു മുമ്പു നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജോര്‍ജ്ജിന്റെ സംഘടന മല്‍സരിക്കില്ല. അതിനു മുമ്പേ കൂട്ടായ്മ പ്രഖ്യാപിച്ചു പരീക്ഷണത്തിന് സമ്മര്‍ദമുണ്ടെങ്കിലും അദ്ദേഹം കാത്തിരിക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പിലെ ശക്തി പരീക്ഷണമാണ്.

കഴിഞ്ഞ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് കിട്ടിയ സ്വീകാര്യത, അഴിമതിക്കെതിരേയും നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളോടും ജനങ്ങള്‍ക്കുള്ള രോഷം, സോഷ്യല്‍ മീഡിയയിലൂടെ ജനവികാരത്തെ സ്വാധീനിക്കാന്‍ കുറേയൊക്കെ സാധിക്കുന്ന നിലവിലെ സ്ഥിതി ഇതെല്ലാമാണ് ജോര്‍ജ്ജിനെ സ്വാധീനിച്ചത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഇതുസംബന്ധിച്ച ചില സൂചനകള്‍ അദ്ദേഹം പലവിധത്തില്‍ പുറത്തുവിട്ടിരുന്നു.

എന്നാല്‍ സ്വന്തം പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് എമ്മോ യുഡിഎഫോ മാധ്യമങ്ങളോ അതു കാര്യമായെടുത്തില്ല. ജോര്‍ജ്ജിന്റെ യഥാര്‍ത്ഥ അജന്‍ഡ എന്താണ് എന്ന് പാര്‍ട്ടിക്കും പുറത്തുള്ളവര്‍ക്കും ഇപ്പോഴും പിടി കിട്ടിയിട്ടുമില്ല. അതേസമയം ജോര്‍ജ്ജാകട്ടെ കൃത്യമായും കരുതിക്കൂട്ടിയുമാണ് കരുക്കള്‍ നീക്കുന്നത്. സ്വന്തം നിലയില്‍ അഴിമതിക്കാരനല്ല എന്നാണ് ജോര്‍ജ്ജിന്റെ മുഖ്യ അവകാശവാദം.

അതിനിടെ, പ്രീഡിഗ്രി നിര്‍ത്തലാക്കി പ്ലസ് വണ്‍, പ്ലസ് ടു ആക്കി ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം മാറ്റിയ 1991-96ലെ ഇടതുമുന്നണി സര്‍ക്കാരില്‍ വിദ്യാഭ്യാസ വകുപ്പു ഭരിച്ചിരുന്ന കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ നേതാവായിരിക്കെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ അനുവദിക്കുന്നതിന് എയിഡഡ് മാനേജ്‌മെന്റുകളില്‍ നിന്ന് വന്‍തോതില്‍ കോഴ വാങ്ങിയതില്‍ ജോര്‍ജ്ജിനും പങ്കുെന്ന പ്രചാരണത്തിന് കോപ്പുകൂട്ടുകയാണ് ചില കേന്ദ്രങ്ങള്‍.

മാണി ഗ്രൂപ്പിലെ ചില നേതാക്കളും കോണ്‍ഗ്രസിലെ ഒരു വിഭാഗവും ഇതിനു പിന്നിലുെന്നാണു സൂചന. അന്ന് വിദ്യാഭ്യാസ മന്ത്രി പി.ജെ. ജോസഫ് ആയിരുന്നു. അതുകൊണ്ട്് പഴയ ജോസഫ് ഗ്രൂപ്പുകാര്‍ക്ക് ജോര്‍ജ്ജ് ഇപ്പോള്‍ ശത്രുവാണെങ്കിലും ഇക്കാര്യത്തില്‍ അദ്ദേഹത്തിനെതിരേ തിരിയാന്‍ സാധിക്കാത്ത സ്ഥിതിയുണ്ട്. സിപിഎമ്മിന്റെ സ്ഥിതിയും ഇതുതന്നെയാണ്. അന്ന് സിപിഎം നേതൃത്വവും പ്ലസ് ടു അഴിമതിയുടെ പേരില്‍ പഴി കേട്ടവരാണ്.

ജോര്‍ജ്ജിന്റെ അഴിമതി വിരുദ്ധ സംഘടനയുമായി സഹകരിപ്പിക്കാന്‍ അദ്ദേഹം പട്ടിക ഉണ്ടാക്കിയിരിക്കുന്നവരെല്ലാം തയ്യാറാകുമോ എന്നാണ് ഇനി അറിയാനുള്ളത്. സഹകരണം ഉറപ്പാക്കാന്‍ ജോര്‍ജ്ജ് കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിക്കാനും ഒരുങ്ങുകയാണ്.


Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[3] [4] [5] [6] [7]