വിമാനാപകടം: രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാകുന്നു

21647_597178ന്യൂദല്‍ഹി: മലേഷ്യന്‍ വിമാനം മിസൈല്‍ ആക്രമണത്തിലാണ് തകര്‍ന്നതെന്ന് സ്ഥിരീകരിച്ചതോടെ റഷ്യക്കെതിരെ അമേരിക്ക അടക്കമുള്ള രാഷ്ട്രങ്ങളുടെ മുന്നറിയിപ്പ്. റഷ്യന്‍ അനുകൂല വിമതര്‍ക്ക് സ്വാധീനമുള്ള മേഖലയിലാണ് വിമാനം തകര്‍ന്നത് എന്നതിനാല്‍ റഷ്യക്കെതിരെ നടപടി ആവശ്യപ്പെട്ട് അമേരിക്കയും മറ്റു രാഷ്ട്രങ്ങളും രംഗത്തത്തെി.

നെതര്‍ലന്‍ഡ്സ് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍നിന്ന് മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിലേക്ക് തിരിച്ച വിമാനം വ്യാഴാഴ്ച രാത്രി ഇന്ത്യന്‍ സമയം 7.10 നാണ് യുക്രെയ്നില്‍ റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ടോറസ് ഗ്രാമത്തില്‍ തകര്‍ന്നുവീണത്. 154 ഡച്ചുകാരുള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 298 പേരും മരിച്ചു.

മരിച്ചവരില്‍ 43പേര്‍ മലേഷ്യക്കാരും 27 പേര്‍ ആസ്ട്രേലിയന്‍ പൗരന്മാരുമാണ്. മരിച്ച വിമാനജീവനക്കാരില്‍ ഒരാള്‍ ഇന്ത്യന്‍ വംശജനാണ്. ആസ്ട്രേലിയന്‍ തലസ്ഥാനമായ മെല്‍ബണില്‍ ഞായറാഴ്ച ആരംഭിക്കുന്ന 20ആമത് അന്താരാഷ്ട്ര എയ്ഡ്സ് സമ്മേളനത്തില്‍ പങ്കെടുക്കാനായി പോയവരാണ് മരിച്ചവരില്‍ ഏറെയും. ലോകാരോഗ്യ സംഘടനയുടെ വക്താവ് ഗ്ലെന്‍ തോമാസും മരിച്ചു.

റഷ്യന്‍ അനുകൂല ഭീകരരാണ് വിമാനം തകര്‍ത്തതെന്ന് യുക്രെയ്ന്‍ പ്രസിഡന്‍റ് പെട്രോ പൊറോഷെങ്കോ പറഞ്ഞു. സംഭവം അന്വേഷിക്കാന്‍ നെതര്‍ലന്‍ഡ്സിനെയും മലേഷ്യയും ഉള്‍പ്പെടുത്തി കമീഷന്‍ രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ യുക്രെയ്നെ കുറ്റപ്പെടുത്തി. യുക്രെയ്ന്‍െറ സൈനിക നീക്കമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പുടിന്‍ പറഞ്ഞു. യുക്രെയ്ന്‍ നിയന്ത്രിത ബക് മിസൈലുകളാണ് വിമാനം തകര്‍ത്തതെന്നും പുടിന്‍ പറഞ്ഞു.

വിമാനത്തിന്‍െറ ബ്ലാക് ബോക്സ് കണ്ടെടുത്തതായും ഇത് പരിശോധനക്കായി മോസ്കോയിലേക്ക് അയക്കുമെന്നും വിമതര്‍ പറഞ്ഞു. ആക്രമണത്തിനുപിന്നില്‍ റഷ്യയാണെന്ന് തെളിഞ്ഞാല്‍ അവര്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി.

സംഭവത്തില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയും ആവശ്യപ്പെട്ടു. റഷ്യയും യുക്രെയ്നും അടിയന്തര വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് ബാന്‍ കി മൂണ്‍ പറഞ്ഞു.

അന്താരാഷ്ട്ര അന്വേഷകര്‍ എത്തുന്നതുവരെ അപകടസ്ഥലത്തുനിന്ന് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യരുതെന്ന് ഒബാമ ആവശ്യപ്പെട്ടു. ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റി റഷ്യന്‍-യുക്രെയ്ന്‍ സംഘര്‍ഷ മേഖലയിലൂടെ പറക്കുന്നത് ഒഴിവാക്കാന്‍ അമേരിക്കന്‍ വിമാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ യുക്രെയ്ന്‍െറ പന്ത്രണ്ടോളം വിമാനങ്ങളും ഹെലികോപ്ടറുകളും റഷ്യന്‍ അനുകൂല വിമതര്‍ വെടിവെച്ചിട്ടിട്ടുണ്ടെന്നും അതിന്‍െറ തുടര്‍ച്ചയാണ് ഇപ്പോഴത്തേതെന്നും അമേരിക്കന്‍ സെനറ്ററും സെനറ്റ് സെലക്ട് കമ്മിറ്റി ഓണ്‍ ഇന്‍റലിജന്‍സ് അധ്യക്ഷയുമായ ഡയാന ഫിന്‍സ്റ്റിന്‍ അഭിപ്രായപ്പെട്ടു.

റഷ്യക്കെതിരെ ആസ്ട്രേലിയയും രംഗത്തത്തെി. വിമാനം തകര്‍ത്തത് കുറ്റകൃത്യമാണെന്നും അപകടമല്ലന്നും ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട് പറഞ്ഞു. റഷ്യയുടെ പ്രതികരണം തൃപ്തികരമല്ല. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്ക് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വ്യോമ ഗതാഗതം അംഗീകരിച്ച റൂട്ടിലൂടെയാണ് വിമാനം സഞ്ചരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Print Friendly, PDF & Email

Related News

Leave a Comment