ഓപറേഷന്‍ ഗംഗ: ആറാമത്തെ വിമാനം റൊമാനിയയില്‍ നിന്ന് പുറപ്പെട്ടു

ന്യൂഡല്‍ഹി: ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ‘ഓപറേഷന്‍ ഗംഗ’ ദൗത്യം പുരോഗമിക്കുന്നു. 249 യാത്രക്കാരുമായി എയര്‍ ഇന്ത്യയുടെ അഞ്ചാമത്തെ വിമാനം ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെത്തി. ആറാമത്തെ വിമാനം റൊമാനിയയുടെ തലസ്ഥാനമായ ബുക്കാറസ്റ്റില്‍ നിന്ന് ഇന്നു രാവിലെ പുറപ്പെട്ടു. വൈകിട്ടോടെ ഡല്‍ഹിയിലെത്തും.

ഇന്നലെ രാത്രി പുറപ്പെട്ട അഞ്ചാമത്തെ വിമാനം രാവിലെ 7.30 ഓടെ ഡല്‍ഹിയിലെത്തി. 249 യാത്രക്കാരില്‍ 12 മലയാളികളുമുണ്ട്. ഇതോടെ ഉക്രൈനില്‍ നിന്ന് മടങ്ങിയെത്തിയവരുടെ എണ്ണം 1157 ആയി.

ഇന്ത്യന്‍ എംബസി സാധ്യമായ എല്ലാ സഹായവും നല്‍കിയതായി തിരിച്ചെത്തിയവര്‍ പറയുന്നു. സര്‍ക്കാര്‍ ഞങ്ങളെ നന്നായി സഹായിച്ചു. അതിര്‍ത്തി കടക്കുക എന്നതായിരുന്നു പ്രധാന പ്രശ്‌നം. എല്ലാ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇനിയും നിരവധി ഇന്ത്യക്കാര്‍ യുക്രൈനില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ഗുജറാത്തില്‍ നിന്നുള്ള 100 ഓളം വിദ്യാര്‍ത്ഥികള്‍ ഇതിനകം മടങ്ങിയെത്തി. മുംബൈയിലും ഡല്‍ഹിയിലുമാണ് അവര്‍ എത്തിയത്. ഇവരെ ഗുജറാത്ത് സര്‍ക്കാര്‍ പ്രത്യേകം അയച്ച ബസുകളില്‍ ഗുജറാത്തിലെത്തിച്ചു. പുലര്‍ച്ചെ ഗാന്ധിനഗറില്‍ എത്തിയ വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ കൂടിക്കാഴ്ച നടത്തി.

Leave a Comment

More News