മഹാശിവരാത്രി: പിതൃമോക്ഷ പ്രാപ്തിക്കായി ബലി തര്‍പ്പണ ചടങ്ങുകള്‍ പുരോഗമിക്കുന്നു

ആലുവ: പഞ്ചാക്ഷരീ മന്ത്രം ഉരുവിട്ടു മഹാശിവരാത്രിയുടെ പുണ്യം നുകരാനെത്തുന്ന ഭക്തര്‍ക്കായി ഒരുങ്ങി ശിവക്ഷേത്രങ്ങള്‍. പ്രധാന ക്ഷേത്രങ്ങളിലെല്ലാം ബലി തര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പുലര്‍ച്ചെ മുതല്‍ ഭക്തര്‍ ബലിതര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുക്കുകയാണ്. നാളെ രാവിലെ വരെ ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കും.

കോവിഡ് മൂലം കഴിഞ്ഞ വര്‍ഷം നിയന്ത്രിത തോതിലേ ബലിതര്‍പ്പണം ഉണ്ടായിരുന്നുള്ളൂ. ഇത്തവണ കോവിഡ് മാനദണ്ഡങ്ങള്‍ ബാധകമാണെങ്കിലും ഭക്തജനങ്ങളുടെ എണ്ണത്തില്‍ നിയന്ത്രണമില്ല.

മഹാദേവ ക്ഷേത്രത്തില്‍ ഇന്നു രാവിലെ രാവിലെ 7ന് ആരംഭിച്ച ലക്ഷാര്‍ച്ചന തുടരുകയാണ്. രാത്രി 10 വരെ ഇതു നീളും. 12നു ശിവരാത്രി വിളക്ക് എഴുന്നള്ളിപ്പോടെ പിതൃകര്‍മങ്ങള്‍ക്ക് ഔപചാരിക തുടക്കമാകും

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ആലുവ മണപ്പുറത്തും ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തും. സംസ്ഥാനത്ത് ഏറ്റവും അധികം ഭക്തര്‍ ബലിതര്‍പ്പണത്തിനെത്തുന്നത് ആലുവയിലാണ്.

പെരിയാറില്‍ മുങ്ങിക്കുളിച്ച് മണപ്പുറത്തും മറുകരയില്‍ അദ്വൈതാശ്രമത്തിലുമാണ് പിതൃമോക്ഷത്തിനായി ബലിതര്‍പ്പണം നടത്തുന്നത്. സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിച്ചും തര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
അദ്വൈതാശ്രമത്തില്‍ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റുമാണ് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നത്.

Leave a Comment

More News