കെപിസിസി പുനഃസംഘടന നിര്‍ത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം; പരാതി ആസൂത്രിതമെന്ന് സുധാകരന്‍

തിരുവനന്തപുരം: ഡിസിസി ഭാരവാഹികളുടെ പട്ടികയ്ക്ക് അന്തിമ രൂപമാക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ കെപിസിസി പുനഃസംഘടന നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനോടാണ് നിര്‍ദേശം നല്‍കിയത്. നാല് എംപിമാരുടെ പരാതികളെത്തുടര്‍ന്നാണ് ഹൈക്കമാന്‍ഡിന്റെ നടപടി.

എംപിമാരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ടി.എന്‍. പ്രതാപന്‍, ബെന്നി ബഹനാന്‍, എം.കെ. രാഘവന്‍ എന്നിവരാണ് പരാതി നല്‍കിയത്. പുനഃസംഘടന ചര്‍ച്ചകളില്‍ തങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കെപിസിസി, ഡിസിസി ഭാരവാഹിത്വം അനര്‍ഹര്‍ക്കു ലഭിക്കുകയാണെന്നുമാണ് എംപിമാര്‍ ഉന്നയിച്ചത്. സമവായ നീക്കങ്ങള്‍ ഒന്നും പരിഗണിക്കാതെ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പാര്‍ട്ടി പുനഃസംഘടനയുമായി മുന്നോട്ടു പോകുന്നതിനെതിരേ നേരത്തെ ഗ്രൂപ്പ് നേതാക്കളും രംഗത്തെത്തിയിരുന്നു.

എന്നാല്‍, പാര്‍ട്ടി പുനഃസംഘടനയ്ക്കുള്ള എല്ലാ അനുമതിയും ഹൈക്കമാന്‍ഡ് നല്‍കിയിട്ടുണ്ടെന്നാണ് സുധാകരന്‍ വ്യക്തമാക്കിയിരുന്നത്. ഇത് വലിയ വാക് പോരിനും ഇടയാക്കിയിരുന്നു. ഇതിനിടെയിലാണ് തങ്ങളെ സഹകരിപ്പിച്ചില്ലെന്നു ചൂണ്ടിക്കാട്ടി എംപിമാര്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചത്. പാര്‍ട്ടിയിലെ ജംബോ കമ്മിറ്റികളെ ഒഴിവാക്കുന്നതിനായി ഡിസിസികളിലെയും കെപിസിസി ഭാരവാഹിത്വത്തിലെയും അംഗങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള തീവ്ര നീക്കമാണ് സുധാകരന്റെ നേതൃത്വത്തില്‍ നടത്തിയത്. ഇതേത്തുടര്‍ന്ന് ഗ്രൂപ്പ് നേതാക്കള്‍ അടക്കം ജില്ലകളില്‍നിന്ന് എതിര്‍പ്പ് ശക്തമാകുകയായിരുന്നു.

അതേസമയം, പുനഃസംഘടന നടപടികള്‍ നിര്‍ത്തിവയ്ക്കാനുള്ള ഹൈക്കമാന്‍ഡ് നിര്‍ദേശത്തില്‍ അതൃപ്തിയുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. എംപിമാരുടെ പരാതിക്കു പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്നും എംപിമാരുമായി ചര്‍ച്ച നടത്തിയെന്നും സുധാകരന്‍ അറിയിച്ചു.

Leave a Comment

More News