ഉക്രെയ്‌നില്‍നിന്നും എത്തിയ മലയാളി വിദ്യാര്‍ഥിയുടെ ബാഗില്‍ വെടിയുണ്ട; ഇന്ന് കേരളത്തിലെത്തിയത് 238 പേര്‍

ന്യൂഡല്‍ഹി: ഉക്രെയ്‌നില്‍നിന്ന് ഡല്‍ഹിയിലെത്തിയ മലയാളി വിദ്യാര്‍ഥിയുടെ ബാഗില്‍നിന്ന് വെടിയുണ്ട കണ്ടെത്തി. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെയാണ് വെടിയുണ്ട കണ്ടെത്തിയത്. ഇതോടെ വിദ്യാര്‍ഥിയെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. വിദ്യാര്‍ഥിയെ സിഐഎസ്എഫ് ചോദ്യം ചെയ്തു വരികയാണ്. കേരളത്തിലേക്കുള്ള വിദ്യാര്‍ഥിയുടെ യാത്രയും തടഞ്ഞിരിക്കുകയാണ്. കേരള ഹൗസിനെ ഇക്കാര്യം അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം, യുക്രെയ്‌നില്‍നിന്ന് ഓപ്പറേഷന്‍ ഗംഗ വഴി ഡല്‍ഹിയിലും മുംബൈയിലുമെത്തിയ 238 മലയാളികളെ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് കേരളത്തില്‍ എത്തിച്ചു. ഡല്‍ഹിയില്‍നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തില്‍ 180 പേരെയും മുംബൈയില്‍ എത്തിയ 58 പേരെയുമാണ് വെള്ളിയാഴ്ച കേരളത്തില്‍ എത്തിച്ചത്.

ഇതോടെ രക്ഷാദൗത്യം ആരംഭിച്ചതിനുശേഷം 890 പേരെ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലേക്ക് എത്തിച്ചു. ഉക്രെയ്‌നില്‍നിന്നു കൂടുതലായി ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഡല്‍ഹിയില്‍നിന്നു കൊച്ചിയിലേക്കു പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

 

 

Leave a Comment

More News