സ്‌കൂളില്‍ തൊഴിലുറപ്പ് യോഗം; കുട്ടികള്‍ കഞ്ഞിപ്പുരയില്‍; ചൂടില്‍ വെന്തുരുകി കരഞ്ഞ് നിലവിളിച്ച് കുട്ടികള്‍

തിരുവനന്തപുരം: അക്ഷരം നുകരാനെത്തിയ കുരുന്നുകളെ കഞ്ഞിപ്പുരയിലേക്ക് മാറ്റി ക്ലാസ് മുറിയില്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് യോഗം. മാരായമുട്ടം തത്തിയൂര്‍ ഗവ.സ്‌കൂളിലെ രണ്ട് ക്ലാസ് മുറികളില്‍ നിന്നാണ് കുട്ടികളെ ഒഴിപ്പിച്ച് യോഗം നടത്തിയത്. കഞ്ഞിപ്പുരയില്‍ തിങ്ങിനിറഞ്ഞിരുന്ന കുട്ടികള്‍ കടുത്ത ചൂടില്‍ വെന്തുരുകി. ചൂട് സഹക്കാന്‍ കഴിയാതെ കുട്ടികള്‍ കരഞ്ഞതോടെ നാട്ടുകാര്‍ ഇടപെടുകയും അധ്യാപകര്‍ കുട്ടികളെ പുറത്തേക്ക് മാറ്റുകയും ചെയ്തു. നാട്ടുകാര്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസില്‍ വിവരം അറിയിച്ചതോടെ എഇഒ സ്‌കൂളിലെത്തി യോഗം തടഞ്ഞു.

കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നാമത്തെ യോഗമാണ് സ്‌കൂളില്‍ നടന്നത്. പെരുങ്കടവിള പഞ്ചായത്തിലെ മൂന്നോളം വാര്‍ഡുകളുടെ യോഗമായിരുന്നു ഇന്ന്. യോഗം നടക്കുമ്പോഴെല്ലാം കുട്ടികളെ ക്ലാസില്‍നിന്ന് ഒഴിപ്പിക്കുന്നത് പതിവാണ്. ഇന്ന് കുട്ടികളെ തൊട്ടടുത്ത പാചകപ്പുരയിലേക്കാണ് മാറ്റിയത്. തുടര്‍ന്ന്, ചൂട് കുടുതലായപ്പോള്‍ അധ്യാപകര്‍ കുട്ടികളെ അവിടെ നിന്നു മാറ്റി.

നാട്ടുകാര്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിലേക്കു പരാതി വിളിച്ചറിയിച്ചതോടെ എഇഒ എത്തി യോഗം അവസാനിപ്പിച്ചു. അതേസമയം, പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് സ്‌കൂളുള്ളതെന്നും യോഗം നടത്താനുളള അധികാരം അവര്‍ക്കുണ്ടെന്നുമാണ് എഇഒയുടെ വിശദീകരണം. 12 മണി മുതല്‍ മറ്റൊരു വാര്‍ഡിന്റെ യോഗം ഉണ്ടായിരുന്നെങ്കിലും എഇഒ ഇടപെട്ട് അത് മാറ്റി.

Leave a Comment

More News