സിനിമാ സെറ്റുകളിലും സംഘടനകളിലും സ്ത്രീ സുരക്ഷാ സംവിധാനം വേണമെന്ന് ഹൈക്കോടതി; ആശ്വാസകരമെന്ന ഡബ്ല്യൂ.സി.സി

കൊച്ചി: സിനിമ സെറ്റുകളിലും സംഘടനകളിലും സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. സെറ്റുകളിലും സംഘടനകളിലും സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. വിശാഖ കേസില്‍ സുപ്രീം കോടതി നിര്‍ദേശിച്ച മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കണം സംവിധാനമുണ്ടാക്കേണ്ടത്. തൊഴിലാളി തൊഴിലുടമ ബന്ധം നിലനില്‍ക്കുന്നതും 10 ല്‍ കൂടുതല്‍ സ്ത്രീകള്‍ ജോലിയെടുക്കുന്നതുമായ തൊഴിലിടങ്ങളില്‍ ഇത്തരം സംവിധാനം വേണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

2018ല്‍ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യൂ.സി.സി) നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. സര്‍ക്കാരും വനിത കമ്മീഷനും ഹര്‍ജിയെ പിന്തുണച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെയാണ് ഇത്തരമൊരു ആവശ്യമുയര്‍ന്നത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ലൂ.സി.സി വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതോടെയാണ് ഹര്‍ജിയില്‍ വിശദമായി വാദം കേട്ടശേഷം വിധി പറഞ്ഞത്.

താരസംഘടനയായ ‘അമ്മ’യുടെ കഴിഞ്ഞ യോഗത്തില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കാന്‍ തീരുമാനം എടുത്തിരുന്നു.

അതേസമയം, രാഷ്ട്രീയ കക്ഷികളില്‍ പരാതി സംവിധാനം വേണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല. രാഷ്ട്രീയ കക്ഷികളില്‍ തൊഴിലുടമ, തൊഴിലാളി ബന്ധമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

വിധി സുപ്രീം കോടതി ഉത്തരവ് ലംഘിക്കുന്നവരുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്ന് ഡബ്ല്യൂ.സി.സി പ്രതികരിച്ചു. ആശ്വാസകരമായ വിധി. വിധി കൃത്യമായി നടപ്പാക്കുമെന്ന സിനിമ മേഖലയിലുള്ളവര്‍ ഉറപ്പാക്കണമെന്നും ഡബ്ല്യൂ.സി.സി ആവശ്യപ്പെട്ടു.

 

Leave a Comment

More News