തിരുവനന്തപുരത്തെ ഫ്ളാറ്റില്‍നിന്ന് MDMAയും ഹാഷിഷ്ഓയിലും പിടിച്ചു; കഴക്കൂട്ടം സ്വദേശി കസ്റ്റഡിയില്‍

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഫ്‌ളാറ്റില്‍ നിന്ന് ഹാഷിഷ് ഓയിലും എംഡിഎംഎയും എക്സൈസ് സംഘം പിടികൂടി. 17 ഗ്രാം എംഡിഎംഎയും 27 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്. കഴക്കൂട്ടം സ്വദേശിയായ എച്ച്. അരുണ്‍ ദാസ് എന്നയാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം കോഴിക്കോട് പിടിയിലായ പ്രതിയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വില്പനയ്ക്കായി വരുത്തിയ മാരക ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്. നെതര്‍ലാന്‍ഡില്‍ നിന്നെത്തിച്ച പാഴ്സലിലാണ് ലഹരി കടത്തിയത്. സംഘം ഒരു മാസം ഒന്നിലേറെ തവണയാണ് പാര്‍സല്‍ എത്തിച്ചിരുന്നത്. എട്ടുമാസമായി ഇവര്‍ പാര്‍സല്‍ വരുത്തുകയായിരുന്നു. ടെക്നോപാര്‍ക്കിലും വിവിധ ഫ്ലാറ്റുകളിലുമാണ് ചില്ലറ വില്പന നടത്തിയിരുന്നത്. സംഘത്തിലെ മറ്റൊരാളായ അന്‍സില്‍ എക്സൈസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.

ലഹരി കടത്തും വില്‍പനയും നടത്തുന്ന മറ്റുള്ളവരെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി കഴക്കൂട്ടം എക്‌സൈസ് ഇന്‍സ്പെക്ടര്‍ എ മുഹമ്മദ് റാഫി പറഞ്ഞു. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ശ്യാംകുമാര്‍, ഐ ബി പ്രിവന്റീവ് ഓഫീസര്‍ ബി. സന്തോഷ് കുമാര്‍ ദേവലാല്‍ സി ഇ ഒ മാരായ രാകേഷ്, റഹീം, ഹരികൃഷ്ണന്‍, ഡ്രൈവര്‍ കബിരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Comment

More News