ആനയെ ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ കൊമ്പ് തട്ടി വീണ പാപ്പാന്‍ മരിച്ചു

ഷൊര്‍ണൂര്‍: ആനയുടെ കൊമ്പ് തട്ടി ലോറിയില്‍നിന്ന് റോഡില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നാം പാപ്പാന്‍ മരിച്ചു. കുഴല്‍മന്ദം ചെറുകുന്ന് കുഞ്ഞിരംവീട്ടില്‍ മണികണ്ഠനാണ് (42) മരിച്ചത്. മംഗലാംകുന്ന് ഗണേശന്‍ എന്ന ആനയെ ലോറിയില്‍ കൊണ്ടുപോകുമ്പോള്‍ ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചോടെ കുളപ്പുള്ളിയിലായിരുന്നു അപകടം.

പുലര്‍ച്ചെ ചായ കുടിക്കാനായി ലോറി നിര്‍ത്തിയ സമയത്ത് പട്ടനല്‍കാനായി കയറിയ മണികണ്ഠന്‍ ആനയുടെ കൊമ്പ് തട്ടി റോഡിലേക്ക് വീഴുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സമീപത്തുണ്ടായിരുന്ന ഹൈവേ പോലീസടക്കമുള്ളവരാണ് പരിക്കേറ്റ മണികണ്ഠനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

ചികിത്സയിലായിരിക്കെ വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചു. കാവശ്ശേരി പൂരത്തിന് എഴുന്നള്ളിക്കാനായി ആനയെ കൊണ്ടുപോകുകയായിരുന്നു മണികണ്ഠനെന്ന് ബന്ധുക്കള്‍ പറഞ്ഞു

Leave a Comment

More News